അവിശ്വസനീയ ബാറ്റിങ്, സമ്മതിച്ചിരിക്കുന്നു, ഒടുവിൽ കൈ കൊടുത്ത് പ്രശംസ; തുറന്നുപറഞ്ഞ് സ്റ്റോക്സ്

5 months ago 7

ben stokes

ബെൻ സ്റ്റോക്സ് | X.com/@sagarcasm

മാഞ്ചെസ്റ്റർ: മൈതാനത്ത് നാടകീയസംഭവങ്ങൾ അരങ്ങേറിയെങ്കിലും ഇന്ത്യൻ താരങ്ങളുടെ ചെറുത്തുനിൽപ്പിനെ പ്രശംസിച്ച് ഇം​ഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്. ജഡേജയുടെയും വാഷിങ്ടൺ സുന്ദറിന്റെയും കൂട്ടുകെട്ട് നിർണായകമായിരുന്നുവെന്നും അവർ അവിശ്വസനീയമാംവിധം ബാറ്റേന്തിയെന്നും സ്റ്റോക്സ് പറഞ്ഞു. അതേസമയം മത്സരശേഷമുള്ള വിവിധ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബെന്‍ സ്റ്റോക്‌സ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൈകൊടുക്കാതെ പോകുന്നതും അവസാനം കൈ കൊടുക്കുന്നതും കാണാം.

ഞങ്ങൾ കളിയിൽ നേരിയ മുൻതൂക്കം നേടിയ ആ സമയത്ത് ഇന്ത്യയുടെ ആ കൂട്ടുകെട്ട് വളരെ നിർണായകമായിരുന്നു. സമ്മതിച്ചേ മതിയാവൂ. അവർ അവിശ്വസനീയമാംവിധം കളിച്ചു. ടീമിനെ ഒരു പ്രതിസന്ധിഘട്ടത്തിൽ നിന്ന് കരകയറ്റിയ ശേഷം, 80-ലോ 90-ലോ പുറത്താകാതെ മടങ്ങുന്നതിനേക്കാൾ വലിയ സംതൃപ്തിയൊന്നും, നൂറു റൺസ് നേടി പുറത്താകാതെ മടങ്ങുന്നതിലൂടെ ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾ നേടിയ ആ പത്തോ അതിലധികമോ റൺസുകൾ, ടീമിനെ വിഷമകരമായ ഒരു സാഹചര്യത്തിൽ നിന്ന് കരകയറ്റുകയും ഒരു പരമ്പര തോൽവിയിൽ നിന്ന് ഏതാണ്ട് രക്ഷിക്കുകയും ചെയ്തു എന്ന വസ്തുതയെ മാറ്റാൻ പോകുന്നില്ല. - സ്റ്റോക്സ് പറഞ്ഞു .

കളി ജയിക്കാൻ അവസരമുണ്ടെന്ന് തോന്നുന്നതുവരെ പ്രധാന ബൗളർമാരെ ഉപയോഗിച്ച് ഞങ്ങൾ കഴിയുന്നത്രയും മത്സരം മുന്നോട്ട് കൊണ്ടുപോയി. എന്നാൽ സമനില അനിവാര്യമാണെന്ന ഘട്ടത്തിലെത്തിയപ്പോൾ ജോലിഭാരം കണക്കിലെടുത്ത് പ്രധാന ബൗളർമാരെ വെച്ച് ഒരു റിസ്കിന് തയ്യാറല്ലായിരുന്നു. അതുകൊണ്ടാണ് അവസാന 15 ഓവറോ അവസാന മണിക്കൂറോ ആയപ്പോൾ തന്നെ കളി കൈകൊടുത്ത് അവസാനിപ്പിക്കാനൊരുങ്ങിയത്. - സ്റ്റോക്സ് കൂട്ടിച്ചേർത്തു.

മത്സരശേഷമുള്ള വിവിധ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബെന്‍ സ്റ്റോക്‌സ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൈകൊടുക്കാതെ പോകുന്നത് ഒരു വീഡിയോയില്‍ കാണാം. അമ്പയര്‍ക്കും ഇംഗ്ലണ്ട് താരങ്ങള്‍ക്കും കൈ കൊടുക്കുന്ന സ്‌റ്റോക്‌സ് പിറകില്‍ നില്‍ക്കുന്ന വാഷിങ്ടണ്‍ സുന്ദറിനും ജഡേജയ്ക്കും കൈകൊടുക്കാതിരിക്കുന്നതാണ് ആദ്യ ദൃശ്യത്തിലുള്ളത്. എന്നാല്‍ പിന്നീട് ജഡേജയ്ക്കും സുന്ദറിനും കൈ കൊടുക്കുന്നത് മറ്റൊരു ദൃശ്യത്തിലുണ്ട്. ആദ്യം കൈ നീട്ടിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതില്‍ താരത്തിന് നീരസമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.

കളി നേരത്തേ അവസാനിപ്പിക്കാൻ ഇം​ഗ്ലണ്ട് തയ്യാറായെങ്കിലും ഇന്ത്യ അതിന് വിസമ്മതിച്ചതാണ് ഇം​ഗ്ലണ്ട് താരങ്ങളെ അസംതൃപ്തരാക്കിയത്. ബെൻ സ്റ്റോക്സ് അടക്കമുള്ളവർ കൈ കൊടുത്ത് സമനിലയിൽ പിരിയാമെന്ന് അറിയിച്ചെങ്കിലും ഇന്ത്യൻ താരങ്ങൾ വഴങ്ങിയില്ല. ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും സെഞ്ചുറി തികയ്ക്കാനായാണ് ഇന്ത്യ കളി തുടരാനുള്ള തീരുമാനമെടുത്തത്. രണ്ടുപേരും സെഞ്ചുറി തികച്ചതിന് ശേഷമാണ് കളി അവസാനിപ്പിച്ചത്.

Content Highlights: Ben Stokes connected india refuses shingle hands england

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article