Published: January 13, 2026 08:01 PM IST
1 minute Read
ധാക്ക ∙ ട്വന്റി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്ന നിലപാടിൽ ബംഗ്ലദേശ് ഉറച്ചുനിൽക്കെ, ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) അധികൃതരും മുൻ താരങ്ങളും തമ്മിലുള്ള ഭിന്നതയും തുടരുന്നു. ബംഗ്ലദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ തമീം ഇക്ബാലിനെ ‘ഇന്ത്യൻ ഏജന്റ്’ എന്നു വിളിച്ചതിൽ ഖേദംപ്രകടിപ്പിക്കില്ലെന്ന് ബിസിബി അംഗമായ എം. നജ്മുൽ ഇസ്‌ലാം പറഞ്ഞു. മാത്രമല്ല, തമീം ഇക്‌ബാലിനെതിരായ വിമർശനം കടുപ്പിക്കുകയും ചെയ്തു.
വേദിമാറ്റം സംബന്ധിച്ച ചർച്ചകൾക്കിടെ ബിസിബിയുടെ നിലപാടിനെ വിമർശിച്ചതിനാണ് തമീം ഇക്ബാലിനെ, നജ്മുൽ ഇസ്‌ലാം ‘ഇന്ത്യൻ ഏജന്റ്’ എന്ന് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ആക്ഷേപിച്ചത്. ഇതിനെതിരെ വ്യാപക വിമർശനമുണ്ടായിരുന്നു. ഇതിൽ തമീമിന്റെ ആരാധകരടക്കം വൻ പ്രതിഷേധം രേഖപ്പെടുത്തി. നിലവിലെ താരങ്ങളായ ടസ്കിൻ അഹമ്മദ്, മോമിനുൾ ഹഖ്, തൈജുൽ എന്നിവരും ക്രിക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് ബംഗ്ലദേശും നജ്മുലിന്റെ അഭിപ്രായത്തിൽ ഞെട്ടൽ പ്രകടിപ്പിച്ചു. ഇതിനു പിന്നാലെയാണ് തമീമിനെ വീണ്ടും ആക്ഷേപിച്ച് നജ്‌മുൽ രംഗത്തെത്തിയത്.
‘‘അതൊരു സ്വകാര്യ പോസ്റ്റായിരുന്നു. അത് വൈറലായി എന്ന് ഞാൻ കരുതുന്നില്ല. എന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടാണ് ആളുകൾ വൈറലാക്കിയത്, അതിൽ നിന്ന് ആളുകൾക്ക് എന്ത് നേട്ടമുണ്ടായെന്ന് എനിക്കറിയില്ല.’’– നജ്മുൽ ഇസ്‌ലാം മാധ്യമങ്ങളോടു പറഞ്ഞു. ‘‘ഞാൻ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇതുപോലുള്ള ഒരു സാഹചര്യത്തിൽ നമ്മൾ പണത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്, രാജ്യത്തെക്കുറിച്ചല്ല. തമീമിനെതിരെ എനിക്ക് ഒരു വിരോധവുമില്ല. ആരാണെങ്കിലും ഞാൻ ഇത് പറയുമായിരുന്നു. തമീമിന്റെ അഭിപ്രായങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടില്ല," അദ്ദേഹം പറഞ്ഞു.
ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബിസിബിയുടെ ആവശ്യത്തിനെതിരെ തമീം ഇക്ബാൽ രംഗത്തെത്തുകയായിരുന്നു. ബിസിബിയുടെ ഈ നിലപാടിന്റെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുൻ താരത്തിന്റെ വിമർശനം. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ബിസിസിഐ ഐപിഎലിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിൽ പ്രകോപിതരായാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ‍് ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്.
ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്ന് ബിസിബിയുടെ നിലപാടിൽ തമീം ഇക്ബാലിന്റെ അഭിപ്രായം ഇങ്ങനെ:
‘‘ഞാൻ ബിസിബിയുമായി ബന്ധപ്പെട്ടിട്ടില്ലാത്തതിനാൽ, മറ്റേതൊരു സാധാരണ വ്യക്തിയെയും പോലെ മാധ്യമങ്ങളിലൂടെയാണ് ഞാനും കാര്യങ്ങൾ അറിയുന്നത്. എന്നാൽ ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് കൂടുതൽ വിവരങ്ങൾ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. എങ്കിലും ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് ബംഗ്ലദേശ് ക്രിക്കറ്റിന്റെ താൽപര്യം, ഭാവി എന്നിവ പരിഗണിക്കണം എന്നാണ് എന്റെ അഭിപ്രായം. ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെങ്കിൽ അതു തന്നെയാണ് നല്ലത്.
ഞാനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നു എന്നാണ് തോന്നുന്നത്. ഇതൊരു വൈകാരിക വിഷയമായതിനാൽ, പരസ്യമായ അഭിപ്രായങ്ങൾ പറയുന്നതിന് മുൻപ് ബോർഡിനുള്ളിൽ വിഷയം ചർച്ച ചെയ്യണം. കാരണം ഒരു പൊതു അഭിപ്രായം പറഞ്ഞു കഴിഞ്ഞാൽ ശരിയാണെങ്കിലും തെറ്റാണെങ്കിലും പിന്നീട് അതിൽനിന്നു പിന്മാറുന്നത് ബുദ്ധിമുട്ടാണ്. ബംഗ്ലദേശ് ക്രിക്കറ്റിന്റെ ഭാവിയാണ് ഏറ്റവും പ്രധാനം. 90 മുതൽ 95 ശതമാനം വരെ സാമ്പത്തിക സഹായവും ഐസിസിയിൽ നിന്നാണ്. അതിനാൽ ബംഗ്ലദേശ് ക്രിക്കറ്റിനു ഗുണകരമാകുന്ന രീതിയിലാണ് തീരുമാനങ്ങൾ എടുക്കേണ്ടത്.’’– തമീം ഇക്ബാൽ വ്യക്തമാക്കി.
English Summary:








English (US) ·