Published: November 10, 2026 04:42 PM IST Updated: November 11, 2026 09:26 AM IST
1 minute Read
മുംബൈ ∙ ഐപിഎൽ 2027 സംബന്ധിച്ച ട്രേഡ് അഭ്യൂഹങ്ങൾ തുടരുകയാണ്. മുംബൈ ഇന്ത്യൻസ് നായകനും സ്റ്റാർ ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്‌സിലേക്ക് കൈമാറാൻ നീക്കങ്ങൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ വന്നിട്ട് കുറച്ചു ദിവസങ്ങളായി. പേസർ അർഷ്ദീപ് സിങ്ങിന് പകരം ഹാർദിക്കിനെ പഞ്ചാബിന് കൈമാറുമെന്നാണ് വിവിധ റിപ്പോർട്ടുകൾ. എന്നാൽ ഈ വമ്പൻ താരക്കൈമാറ്റത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
What you should work next
അതേസമയം, ഈ നീക്കത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ കൃഷ്ണമാചാരി ശ്രീകാന്ത്. ഹാർദിക്കിനെപ്പോലൊരു മികച്ച ഓൾറൗണ്ടറുടെ വരവ് പഞ്ചാബ് കിങ്‌സിന് വലിയ നേട്ടമാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. എന്നാൽ, യുവ ഓൾറൗണ്ടർ സൂര്യാംശ് ഷെഡ്ഗെയുടെ ബോളിങ് മികവിനെ ശ്രീകാന്ത് രൂക്ഷമായി വിമർശിച്ചു. ഇന്ത്യൻ ടീമിൽ ഇടം നേടിയ ഷെഡ്ഗെയെ ഓൾറൗണ്ടറായി അംഗീകരിക്കാനാകില്ലെന്നും താരം ഇന്ത്യൻ ടീമിൽ എങ്ങനെ ഇടംപിടിച്ചെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. പഞ്ചാബ് കിങ്സിന്റെ ഓൾറൗണ്ടർ താരമായ സൂര്യാംശ് ഷെഡ്ഗെ, ഇന്ത്യയ്ക്കായി മൂന്നു ട്വന്റി20കളിൽ കളിച്ചിട്ടുണ്ട്.
‘‘ഈ താരക്കൈമാറ്റം മുംബൈയേക്കാൾ കൂടുതൽ ഗുണം ചെയ്യുക പഞ്ചാബിനായിരിക്കും. ഹാർദിക് എത്തുന്നതോടെ പഞ്ചാബിന് ഒട്ടേറെ ഓൾറൗണ്ടർമാരെ ടീമിൽ ഉൾപ്പെടുത്താനാകും. എന്നാൽ, ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും ഷെഡ്ഗെയെ ഞാൻ ഒരു ഓൾറൗണ്ടറായി അംഗീകരിക്കില്ല. അവൻ എങ്ങനെയാണ് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചതെന്ന് എനിക്കറിയില്ല. എന്തായാലും മൊത്തത്തിൽ നോക്കുമ്പോൾ പഞ്ചാബിന് ഇതു വലിയ നേട്ടമാണ്. അതേസമയം, ബോൾട്ടിന് പകരം അർഷ്ദീപ് എത്തുന്നത് മുംബൈയ്ക്കും ഗുണം ചെയ്യും. ഇനി മുംബൈ ഒരു ടീം എന്ന നിലയിൽ ഒത്തൊരുമയോടെ കളിക്കാൻ തുടങ്ങും. രോഹിത് തീർച്ചയായും ടീമിന്റെ നായകനാകും.’’– ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലായ ‘ചീക്കി ചീക്ക’യിലൂടെ പറഞ്ഞു.
അതേസമയം, ഹാർദിക്കിന് പഞ്ചാബ് കിങ്‌സിന്റെ നായകസ്ഥാനം ലഭിക്കാനുള്ള സാധ്യതയില്ലെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ശ്രേയസ് അയ്യർ തന്നെ ടീമിന്റെ നായകനായി തുടരുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.‘‘ഹാർദിക്ക് പഞ്ചാബിന്റെ നായകനാകാൻ ഒരു സാധ്യതയുമില്ല. ശ്രേയസ് അയ്യർ തന്നെ 100 ശതമാനം ടീമിനെ നയിക്കും. നായകനാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രേയസിനെ റിക്കി പോണ്ടിങ് ടീമിലെത്തിച്ചത്. അതുകൊണ്ടുതന്നെ ഹാർദിക്കിന് നായകസ്ഥാനം ലഭിക്കില്ല. ഹാർദിക്കിനെ നായകനാക്കിയാൽ ടീം തകരും. മുംബൈ ഇന്ത്യൻസിൽ സംഭവിച്ചതുപോലെ ടീമിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും ഉണ്ടാകും.’’– അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെ പഞ്ചാബ് കിങ്‌സ് ഒഴിവാക്കാൻ സാധ്യതയുണ്ടെന്നും പകരം ലേലത്തിലൂടെ മറ്റൊരു പേസറെ ടീമിലെത്തിക്കുമെന്നും ശ്രീകാന്ത് പ്രവചിച്ചു. അർഷ്ദീപ് മുംബൈയിലെത്തുകയാണെങ്കിൽ ദീപക് ചെഹറിനെ ടീമിൽ നിലനിർത്തേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘‘സ്റ്റോയിനിസിനെ ഒഴിവാക്കി പഞ്ചാബ് മറ്റൊരു പേസറെ ടീമിലെത്തിക്കും. അതുകൊണ്ടുതന്നെ ഈ താരക്കൈമാറ്റം പഞ്ചാബിന് കൂടുതൽ ഗുണം ചെയ്യും. പഞ്ചാബിന് മധ്യനിരയിൽ തകർത്തടിക്കാൻ കഴിയുന്ന ഒരു ബാറ്ററുടെ അഭാവമുണ്ടായിരുന്നു. സീസണിന്റെ പകുതിയിലധികം സമയവും അവർ ഷെഡ്ഗെയെയാണ് കളിപ്പിച്ചിരുന്നത്. ഇപ്പോൾ ഹാർദിക് ആ സ്ഥാനത്തേക്ക് എത്തുന്നതോടെ പഞ്ചാബ് കൂടുതൽ കരുത്തരാകും. അർഷ്ദീപ് മുംബൈയിലെത്തുകയാണെങ്കിൽ ദീപക് ചെഹറിനെ ടീമിൽനിന്ന് ഒഴിവാക്കണം. അല്ലാതെ നിലനിർത്തി അബദ്ധം കാണിക്കരുത്.’’ ശ്രീകാന്ത് പറഞ്ഞു.
English Summary:






English (US) ·