ഓക്‌ലൻഡ് ∙ ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിനു മുന്നോടിയായി ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചപ്പോൾ രണ്ടു താരങ്ങളുടെ അഭാവം ആരാധകരെ ഒരുപോലെ ഞെട്ടിക്കുകയും നിരാശരാക്കുകയും ചെയ്‌തു. പേസർ മുഹമ്മദ് സിറാജ്, സ്പിന്നർ കുൽദീപ് യാദവ് എന്നിവർക്കാണ് ഇലവനിൽ സ്ഥാനം ലഭിക്കാതിരുന്നത്. ടീമിലെ ഏറ്റവും പരിചയസമ്പന്നനായ പേസർ സിറാജിന് ഇലവനിൽ സ്ഥാനം കിട്ടാതിരുന്നത് അപ്രതീക്ഷിതമായി. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിക്കാതിരുന്ന കുൽദീപ് യാദവിന് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ബെഞ്ചിലായിരുന്നു ഇടം.
What you should work next
ബാറ്റിങ് നിരയിൽ ശുഭ്മൻ ഗിൽ, രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവർക്ക് മാറ്റമുണ്ടായില്ല. അക്ഷർ പട്ടേലും കെ.എൽ. രാഹുലും യഥാക്രമം അഞ്ചും ആറും പൊസിഷനിൽ. ട്വന്റി20 പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ നമൻ ധീറിനെ ഫിനിഷറുടെ റോളിൽ ഏഴാം നമ്പറിൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. ബാറ്റിങ് മികവു കൂടി പരിഗണിച്ച് അക്ഷർ പട്ടേലിനെ മാത്രമാണ് സ്പിന്നറായി പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്കും ടീമിൽ ഇടം ലഭിച്ചില്ല. നാല് പ്രധാന പേസ് ബോളർമാരെ ഉൾപ്പെടുത്താനായിരുന്നു മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ തീരുമാനം. എന്നിട്ടും മുഹമ്മദ് സിറാജിന് ഇടം ലഭിച്ചില്ല. അൻഷുൽ കംബോജ്, ആക്വിബ് നബി, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിങ് എന്നിവരടങ്ങുന്നതായിരുന്നു ഇന്ത്യയുടെ പേസ് നിര.
ന്യൂസീലൻഡ് എയ്‌ക്കെതിരായ രണ്ടാം ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ ടീമിനായി മുഹമ്മദ് സിറാജ് കഴിഞ്ഞദിവസം കളിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ സ്ഥിരം സാന്നിധ്യമായ പേസർ മുഹമ്മദ് സിറാജിന്റെ ഏകദിന കരിയറിന് കഴിഞ്ഞ മൂന്നു വർഷമായി മുൻഗണന കുറഞ്ഞിരിക്കുകയാണ്. 2019ൽ ഏകദിന അരങ്ങേറ്റം കുറിച്ച സിറാജ്, ഇതുവരെ 51 മത്സരങ്ങളിലാണ് ഇന്ത്യക്കായി കളിച്ചത്. ഇതിൽ 23 മത്സരങ്ങളും 2023ലായിരുന്നു. ആ വർഷം 20.68 ശരാശരിയിൽ 44 വിക്കറ്റുകൾ വീഴ്ത്തി താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
എന്നാൽ അതിനുശേഷം ആകെ 10 ഏകദിന മത്സരങ്ങളിൽ മാത്രമാണ് സിറാജിന് കളിക്കാൻ അവസരം ലഭിച്ചത്. ബുധനാഴ്ച ഓക്‌ലൻഡിൽ ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിലും ഇന്ത്യ സിറാജിനെ ബെഞ്ചിലിരുത്തി. ഇന്ത്യ എ ടീമിനായി റെഡ് ബോൾ ക്രിക്കറ്റിൽ കളിച്ചുതീർന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സിറാജിനെ ഏകദിനത്തിൽ കളിപ്പിക്കുന്നത് ഉചിതമാകില്ലെന്ന വാദം അംഗീകരിക്കാമെങ്കിലും, ഏകദിന ക്രിക്കറ്റിൽ സിറാജിന്റെ കഴിവിലുള്ള വിശ്വാസം ടീമിന് നഷ്ടപ്പെടാൻ കാരണമെന്താണെന്ന വലിയ ചോദ്യമാണ് ഉയരുന്നതെന്ന് മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക് ചൂണ്ടിക്കാട്ടി.
‘‘എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഗുർനൂർ ഇതിനോടകം രണ്ടുതവണ 96-97 റൺസ് വഴങ്ങിയിട്ടുണ്ട്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആക്വിബ് നബി മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ മുഹമ്മദ് സിറാജിനെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കാൻ എന്താണ് കാരണം? അവൻ എന്ത് തെറ്റാണ് ചെയ്തത്?’’ ക്രിക്ക്ബസുമായുള്ള സംഭാഷണത്തിൽ കാർത്തിക് ചോദിച്ചു.
ഏകദിന കരിയറിൽ ഇതുവരെ 25.67 ശരാശരിയിൽ 77 വിക്കറ്റുകളാണ് സിറാജ് നേടിയിട്ടുള്ളത്. ഇടംകയ്യൻ സ്പിന്നർ കുൽദീപ് യാദവിനും ഏകദിനത്തിൽ തുടർച്ചയായി കൂടുതൽ മത്സരങ്ങളിൽ അവസരം നൽകാത്തതെന്താണെന്ന് കാർത്തിക് ചോദിക്കുന്നു. അതേസമയം, ബോളിങ് കോംബിനേഷൻ തീരുമാനിക്കുന്നതിൽ സാഹചര്യങ്ങൾ നിർണായകമായിരിക്കാമെന്നാണ് മറ്റൊരു മുൻ താരം അമ്പാട്ടി റായുഡുവിന്റെ വിലയിരുത്തൽ. എന്നാൽ കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ അദ്ദേഹത്തിനും സംശയമില്ല.
‘‘ന്യൂസീലൻഡിനെതിരെയാണ് കളിക്കുന്നത് എന്നതിനാൽ മൂന്ന്-നാല് പേസർമാരെ ഉൾപ്പെടുത്താമെന്നാണ് അവർ ചിന്തിച്ചിട്ടുണ്ടാകുക. നിതീഷ് ടീമിലില്ലാത്തതും ഒരു അധിക പേസറെ ഉൾപ്പെടുത്താൻ കാരണമായിരിക്കാം. ഇന്ത്യ സ്വന്തം ശക്തിക്കനുസരിച്ചാണ് കളിക്കേണ്ടത്. മൂന്ന് പേസർമാരും ഒരു സ്പിന്നറുമെന്ന രീതിയിലാകണം ടീം മുന്നോട്ടുപോകേണ്ടത്. വരും മത്സരങ്ങളിൽ കുൽദീപ് കളിക്കുമെന്നാണ് പ്രതീക്ഷ.’’– റായുഡു പറഞ്ഞു.
ഒരു താരത്തിന് തുടർച്ചയായി അവസരങ്ങൾ നൽകുന്നത് ആത്മവിശ്വാസം വർധിപ്പിക്കുമെന്നും സിറാജിനും കുൽദീപിനും കൂടുതൽ മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിക്കണമെന്നുമാണ് കാർത്തിക്കിന്റെ അഭിപ്രായം. ‘‘സിറാജിന് ഇനിയെങ്കിലും അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വെസ്റ്റിൻഡീസിനെതിരായ കഴിഞ്ഞ പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് അവൻ കളിച്ചത്. ടീമിലെ ഏറ്റവും മികച്ച ബോളറായിരുന്നു അവൻ. ബോളിങ് നിരയെ മുന്നിൽനിന്ന് നയിച്ച താരവും സിറാജാണ്. അതുപോലെ കുൽദീപ് യാദവും കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. തുടർച്ചയായി അവസരങ്ങൾ ലഭിക്കേണ്ട താരമാണ് അവൻ.’’– കാർത്തിക് പറഞ്ഞു.
‘‘എല്ലാ ഫോർമാറ്റുകളിലെയും കുൽദീപിന്റെ കണക്കുകൾ പരിശോധിച്ചാൽ അത് അസാധാരണമാണെന്ന് കാണാം. എന്നാൽ ഒരു മത്സരത്തിൽ അവസരം നൽകുകയും പിന്നീട് ദീർഘകാലം പുറത്തിരുത്തുകയും വീണ്ടും അവസരം നൽകുകയും ചെയ്യുന്ന രീതിയാണ് തുടരുന്നത്. ഇതിലൂടെ ഒരു താരത്തിന് മത്സരങ്ങളിലെ തുടർച്ച നഷ്ടപ്പെടും. സ്വന്തം കഴിവിനെക്കുറിച്ച് പോലും സംശയങ്ങൾ തോന്നിത്തുടങ്ങും. ടീമിൽ ഇടം ലഭിക്കുന്നതിലുപരി പ്ലേയിങ് ഇലവനിൽ സ്ഥിരമായ സ്ഥാനം ലഭിക്കാനാണ് ഓരോ താരവും ആഗ്രഹിക്കുന്നത്. മത്സരങ്ങൾ ജയിപ്പിക്കാൻ കഴിയുന്ന താരമാണെന്ന ആത്മവിശ്വാസത്തോടെ കളിക്കാൻ തുടർച്ചയായ അവസരങ്ങൾ സഹായിക്കും. അത് വലിയ മാറ്റമുണ്ടാക്കുകയും ചെയ്യും. സിറാജിനും കുൽദീപിനും ഇനി മികച്ച രീതിയിൽ തുടർച്ചയായ അവസരങ്ങൾ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’– കാർത്തിക് കൂട്ടിച്ചേർത്തു.
English Summary:






English (US) ·