Published: November 14, 2025 05:05 PM IST
1 minute Read
കൊൽക്കത്ത ∙ സ്പിന്നിനെ തുണയ്ക്കുന്ന കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലെ പിച്ചിൽ പേസർ ജസ്പ്രീത് ബുമ്രയുടെ മിന്നും പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയ്ക്ക് ആധിപത്യം നൽകിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സന്ദർശകരുടെ ബാറ്റിങ് നിരയെ അഞ്ച് വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുമ്ര തകർക്കുകയായിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 159 റൺസിന് ഓൾഔട്ടായി.
എന്നാൽ മത്സരത്തിനിടെ ബുമ്ര പ്രയോഗിച്ച ചില വാക്കുകൾ വിമർശനത്തിനിടയാക്കി. ഓപ്പണർമാരായ ഏയ്ഡൻ മാക്രത്തെയും റയാൻ റിക്കിൾട്ടണെയും പുറത്താക്കിയശേഷം 13–ാം ഓവറിന്റെ അവസാന പന്തിൽ ക്യാപ്റ്റൻ ടെംബ ബാവുമയെയും വിക്കറ്റിനു മുന്നിൽ കുടുക്കാൻ ബുമ്ര ശ്രമിച്ചു. എൽബിഡബ്ല്യുവിന് വേണ്ടി ബുമ്ര, ആത്മവിശ്വാസത്തോടെ അപ്പീൽ ചെയ്തെങ്കിലും ഫീൽഡ് അംപയർ ഔട്ട് നൽകിയില്ല. തുടർന്നു റിവ്യു ചെയ്യണമോ എന്നു തീരുമാനിക്കാൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തുടങ്ങിയവരുമായി ചർച്ച നടത്തുന്നതിനിടെയാണ് വിമർശനത്തിനു കാരണമായ സംഭാഷണം നടന്നത്.
ബോൾ ലെഗ് സ്റ്റംപിനു മുകളിലൂടെ പോകാനാണ് സാധ്യതയെന്ന് പന്ത് ചൂണ്ടിക്കാട്ടിയപ്പോൾ, പക്ഷേ ‘അവൻ കുള്ളൻ അല്ലേ’ എന്നായിരുന്നു ബുമ്രയുടെ മറുപടി. ഇതോടെ ഡിആർഎസ് നൽകേണ്ട എന്ന തീരുമാനത്തിൽ ടീമെത്തി. പിന്നീട് ബിഗ്സ്ക്രീനിൽ ബോൾ ട്രാക്കിങ് വിഡിയോ വന്നപ്പോൾ പന്ത് പറഞ്ഞത് ശരിയാണെന്ന് തെളിയുകയും ചെയ്തു. എന്നാൽ പന്തും ബുമ്രയും തമ്മിലുള്ള സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
ഇതോടെ ബുമ്രയ്ക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ബാവുമയെ ബോഡി ഷെയ്മിങ് നടത്തിയെന്ന തരത്തിലാണ് കമന്റുകൾ. എന്നാൽ ആ സന്ദർഭത്തിൽ ബാവുമയുടെ ഉയരക്കുറവിനെ ചൂണ്ടിക്കാട്ടാൻ മാത്രമാണ് ആ വാക്ക് ഉപയോഗിച്ചതെന്നും അതിനെ വിമർശിക്കേണ്ട കാര്യമില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. 11 പന്തിൽ 3 റൺസ് മാത്രമെടുത്ത ബാവുമയെ കുൽദീപ് യാദവ് പിന്നീട് പുറത്താക്കി.
English Summary:








English (US) ·