
സോനു നിഗം | ഫോട്ടോ: AFP
കന്നഡ ഭാഷയിലുള്ള ഗാനം പാടാൻ ഒരു ആരാധകൻ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഗായകൻ സോനു നിഗം. ബെംഗളൂരുവിലെ ഈസ്റ്റ് പോയിന്റ് കോളേജിലെ പ്രകടനത്തിനിടെ ക്ഷുഭിതനായ ഗായകൻ ഒരു വിദ്യാർത്ഥിയെ ശാസിച്ചു. തനിക്ക് കന്നഡക്കാരെ ഇഷ്ടമാണെന്നും എന്നാൽ കന്നഡയിൽ പാടാൻ ഒരു ആൺകുട്ടി തന്നെ ഭീഷണിപ്പെടുത്തി എന്നും സോനു ജനക്കൂട്ടത്തോട് പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പഹൽഗാം സംഭവത്തെക്കുറിച്ചും സോനു സംസാരിക്കുന്നുണ്ട്.
തനിക്ക് കന്നഡ ഗാനങ്ങൾ പാടാൻ ഇഷ്ടമാണെന്നും കർണാടകയിലെ ജനങ്ങളെ ബഹുമാനിക്കുന്നുവെന്നും സോനു പറഞ്ഞു. താൻഎല്ലാ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എന്നാൽ തൻ്റെ ജീവിതത്തിൽ ഞാൻ പാടിയ ഏറ്റവും മികച്ചവ കന്നഡ ഗാനങ്ങളാണ്. ഒരുപാട് സ്നേഹത്തോടെയാണ് നിങ്ങൾക്കിടയിലേക്ക് വരുന്നത്. ഞങ്ങൾ എല്ലാ ദിവസവും ഷോകൾ ചെയ്യാറുണ്ട്. എന്നാൽ കർണാടകയിൽ എവിടെയെങ്കിലും ഷോകൾ നടത്തുമ്പോൾ, ഞങ്ങൾ ബഹുമാനത്തോടെയാണ് വരുന്നത്, കാരണം കർണാടകയിലെ സംഗീതാസ്വാദകർ സ്വന്തം കുടുംബമായാണ് തങ്ങളെ കണക്കാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കന്നഡയിൽ പാടാൻ ഒരു ആരാധകൻ തന്നെ ഭീഷണിപ്പെടുത്തിയത് എങ്ങനെയെന്നും സോനു പിന്നീട് പങ്കുവെച്ചു. 'അവിടെ ഒരു പയ്യൻ, അവന് എത്ര വയസ്സുണ്ടോ എന്തോ. അവൻ ജനിക്കുന്നതിന് മുൻപ് മുതൽ ഞാൻ കന്നഡ ഗാനങ്ങൾ പാടുന്നുണ്ട്. അവൻ ചെയ്തത് എനിക്കിഷ്ടപ്പെട്ടില്ല. അവൻ എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു, 'കന്നഡ, കന്നഡ' എന്ന് വിളിച്ചുപറയുകയാണ്. പഹൽഗാമിൽ സംഭവിച്ചത് എന്താണെന്ന് അറിയാമോ? ഇതാണ് കാരണം. നിങ്ങൾ ഇപ്പോൾ ചെയ്തത് എന്താണ്? ആദ്യം മുന്നിൽ ആരാണ് നിൽക്കുന്നതെന്ന് നോക്കൂ. ഞാൻ കന്നഡക്കാരെ സ്നേഹിക്കുന്നു, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.' സോനു നിഗം പറഞ്ഞു.
ലോകത്തെവിടെയും തൻ്റെ പരിപാടികൾക്കിടയിൽ ജനക്കൂട്ടത്തിൽ ഒരേയൊരു കന്നഡ ആരാധകനാണുള്ളതെങ്കിൽപോലും താൻ പാടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ ലോകത്ത് എവിടെ പോയാലും, ഞാൻ എപ്പോഴും എല്ലാവരോടും പറയാറുണ്ട്... 14,000 പേരുള്ള സദസ്സിൽ നിന്ന് ഒരു ശബ്ദം വരും, 'കന്നഡ' എന്ന്. അപ്പോൾ ഞാൻ അവർക്ക് വേണ്ടി, ആ ഒരു കന്നഡക്കാരന് വേണ്ടി കുറച്ച് വരികൾ കന്നഡയിൽ പാടും. ഞാൻ നിങ്ങളെ അത്രയധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അതിനാൽ അല്പം കരുതൽ വേണം, നിങ്ങൾ ഇങ്ങനെ ചെയ്യാൻ പാടില്ല.' സോനു നിഗം കൂട്ടിച്ചേർത്തു.
അടുത്തിടെ സോനു ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ പരിപാടി അവതരിപ്പിച്ചിരുന്നു. ഹിന്ദിക്കും കന്നഡയ്ക്കും പുറമെ, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, ഒഡിയ, ഇംഗ്ലീഷ്, ആസാമീസ്, മലയാളം, ഗുജറാത്തി, ഭോജ്പുരി, നേപ്പാളി, തുളു, മൈഥിലി, മണിപ്പൂരി എന്നീ ഭാഷകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
Content Highlights: Sonu Nigam connected his emotion for Kannada songs and Kannadigas, but recounts a caller incidental successful Bengaluru





English (US) ·