അജയ് വി. അനിത
01 June 2025, 09:49 AM IST

പ്രണവ് ടെഫിൻ 'നരിവേട്ട'യെന്ന ചിത്രത്തിൽ | Photo: Facebook/ Pranav Teophine
ചിറ്റൂർ: ‘നരിവേട്ട’യിലെ താമിക്കുമുന്നിൽ ജീവിതം ഉയർത്തിയ വെല്ലുവിളികൾ ഏറെയായിരുന്നു. ആ ജീവിതം വായിച്ചറിഞ്ഞപ്പോൾ ഉള്ളുപൊള്ളിയാവണം പ്രണവ് ടെഫിൻ ‘താമി’യെന്ന കഥാപാത്രത്തിന് ഊർജം പകർന്നത്. മൂന്നുമാസത്തോളം മുത്തങ്ങയിൽ താമസിച്ചാണ് ആദിവാസി വിഭാഗത്തിന്റെ ജീവിതവും പണിയ ഭാഷയും പ്രണവ് പഠിക്കുന്നത്. സമരത്തിന്റെ ഭാഗമായിരുന്ന ആളുകളോടൊപ്പം തന്നെ അഭിനയിക്കുമ്പോൾ കഥാപാത്രമായി മാറാൻ തനിക്ക് അത്ര പ്രയാസം തോന്നിയില്ലെന്നും പ്രണവ് പറയുന്നു.
2003-ലെ മുത്തങ്ങ ആദിവാസി സമരം പ്രമേയമായെത്തിയ ‘നരിവേട്ട’ എന്ന ചിത്രത്തിൽ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ വീര്യവുമായെത്തിയ താമി എന്ന കഥാപാത്രമായി തിളങ്ങിയത് കൊഴിഞ്ഞാമ്പാറ സ്വദേശി പ്രണവ് ടെഫിനാണ് (33). “മുത്തങ്ങയിലെ ജനങ്ങൾ യഥാർഥത്തിൽ അനുഭവിച്ചതിനേക്കാൾ വലുതല്ല കഥാപാത്രത്തിനായി താൻ നേരിട്ട വെല്ലുവിളികളെന്ന്” പ്രണവ് പറയുന്നു.
തീർത്തും അപ്രതീക്ഷിതമായാണ് പ്രണവ് നരിവേട്ടയുടെ ഭാഗമാകുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത, ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ റീ ഷെയർ ചെയ്യുമ്പോൾ താൻ ഈ സിനിമയുടെ ഭാഗമാകുമെന്ന് പ്രണവും കരുതിയിരുന്നില്ല. ഇൻസ്റ്റഗ്രാമിലെ പ്രണവിന്റെ പ്രൊഫൈൽ കണ്ട് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ വിവേക് അനിരുദ്ധാണ് സിനിമയിലേക്ക് ക്ഷണിക്കുന്നത്.
ചിറ്റൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു പഠനകാലത്താണ് സിനിമാഭിനയത്തോട് താല്പര്യം തോന്നിത്തുടങ്ങുന്നത്. ആ സമയത്ത് തന്നെ പോക്കിരിരാജ, മലർവാടി ആർട്സ് ക്ലബ് എന്നീ ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചു. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളേജിലെ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠനകാലത്ത് നിരവധി ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. ഒപ്പം പഠിച്ചിരുന്ന സുഹൃത്ത് വഴിയാണ് ലോകേഷ് കനരാജ് സംവിധാനംചെയ്ത വിജയ് ചിത്രം മാസ്റ്ററിലേക്കെത്തുന്നത്. ചെറിയ വേഷമായിരുന്നെങ്കിലും വിജയോടൊപ്പം 45 ദിവസത്തോളം ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നെന്നും പ്രണവ് പറയുന്നു. തുടർന്ന്, ലോകേഷിന്റെ തന്നെ കമൽഹാസൻ ചിത്രം വിക്രത്തിലും വേഷമിട്ടു. കൊഴിഞ്ഞാമ്പാറ ഒഴലപതി കളത്തിങ്കൽ വീട്ടിൽ ഉണ്ണി ജോസഫിന്റേയേും എൽസിയുടേയും മകനാണ്. സഹോദരി ജ്യോത്സ്ന.
Content Highlights: Pranav Teophine , shares his inspiring travel playing `Thami` successful `Narivetta'
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·