Published: December 05, 2025 10:06 AM IST
1 minute Read
മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ചറി നേടിയതിനു പിന്നാലെ വിരാട് കോലി നടത്തിയ ആഘോഷ പ്രകടനങ്ങളെക്കുറിച്ചു പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ആർ. അശ്വിന്‍. വിരാട് കോലിയുടെ ഭാവിയെക്കുറിച്ചു നടക്കുന്ന ചർച്ചകൾ എല്ലാം ഉൾക്കൊണ്ടുകൊണ്ടുള്ള പ്രകടനങ്ങളാണ് ഇതെന്നാണ് അശ്വിന്റെ നിലപാട്. ചാംപ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം വിരാട് ഓസ്ട്രേലിയയിൽ കളിക്കാനിറങ്ങിയ സമയത്ത് രണ്ടു തവണ പൂജ്യത്തിനു പുറത്തായപ്പോൾ വലിയ വിമർശനങ്ങളാണു താരത്തിനെതിരെ ഉയർന്നത്.
ബിസിസിഐയുടെ നിർദേശ പ്രകാരം, വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ കളിക്കാൻ തയാറാണെന്നും കോലി അറിയിച്ചിരുന്നു. ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളില്‍നിന്നു വിരമിച്ചെങ്കിലും 2027 ഏകദിന ലോകകപ്പു വരെ ടീമിൽ തുടരാൻ കോലിക്കു താൽപര്യമുണ്ടെന്നാണു വിവരം. ‘‘എന്തിനാണു വിരാട് കോലി അങ്ങനെയൊരു ആഘോഷ പ്രകടനം നടത്തിയത്? എന്താണ് അദ്ദേഹം ചിന്തിക്കുന്നത്? വിരാട് ടെസ്റ്റ് ക്രിക്കറ്റ് വിട്ടിരിക്കുന്നു. അദ്ദേഹം ആ ഫോർമാറ്റിനെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. എപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ താൽപര്യമുണ്ടായിരുന്നു. സ്വന്തം ആവശ്യപ്രകാരമല്ല കോലി ടെസ്റ്റ് ഫോർമാറ്റ് അവസാനിപ്പിച്ചത്. ചർച്ചകള്‍ എന്തൊക്കെയായാലും കോലിയുടെ താൽപര്യമെന്തെന്ന് നമുക്ക് അറിയില്ല.’’
‘‘കോലി ഇപ്പോൾ വിജയ് ഹസാരെ കളിക്കാമെന്നു സമ്മതിച്ചിട്ടുണ്ട്. ആളുകൾക്ക് എന്റെ കഴിവിൽ സംശയമാണോയെന്ന് വിരാട് ചിന്തിച്ചിട്ടുണ്ടാകും. വളരെയധികം മത്സരബുദ്ധിയുള്ള ആളാണ് അദ്ദേഹം. അത് വര്‍ഷങ്ങളോളം മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. എന്താണു ചെയ്യാൻ സാധിക്കുകയെന്നു കാണിച്ചുകൊടുക്കാൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ടാകും. നിങ്ങൾക്ക് എന്നെ സംശയമാണോ? എന്തു ചെയ്യാനാകുമെന്നു ഞാൻ കാണിച്ചു തരാം– ഇതായിരിക്കും കോലി ഇപ്പോൾ കരുതുന്നത്.’’– അശ്വിൻ യുട്യൂബ് ചാനലിലെ വിഡിയോയിൽ വ്യക്തമാക്കി.
English Summary:








English (US) ·