തിരുവനന്തപുരം ∙ ‘‘അയിഗിരി നന്ദിനി നന്ദിതമേദിനി വിശ്വ വിനോദിനി നന്ദനുതേ...’’ പിന്നണിയിൽ ഈ ഗാനം മുഴങ്ങുമ്പോൾ അനുവർണിക ചുറ്റുമുള്ളതെല്ലാം മറക്കും, പിന്നീട് അവർണനീയമായ മെയ്‌വഴക്കത്തോടെ യോഗാഭ്യാസം ആരംഭിക്കും. അങ്ങനെ സംസ്ഥാന സ്കൂൾ കായികമേളയിൽ ഈ ഏഴാം ക്ലാസ്സുകാരി നേടിയത് മൂന്നു മെഡലുകളാണ്; രണ്ടു സ്വർണവും ഒരു വെള്ളിയും. സീനിയർ പെൺകുട്ടികളുടെ ആർട്ടിസ്റ്റിക് യോഗ, ട്രഡീഷണൽ യോഗ, റിഥമിക് യോഗ (പെയർ) എന്നിവയിലാണ് അനുവർണികയും മെഡൽ നേട്ടം.
കണ്ണൂർ മമ്പറം യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അനുവർണിക. 19 വയസ്സു വരെയുള്ളവർ മത്സരിച്ച ഇനത്തിലാണ് ചേച്ചിമാരെ പിന്നിലാക്കി 12 വയസ്സുകാരിയുടെ മെഡൽ നേട്ടം. പ്രായപരിധിക്കുള്ളിൽ വരാത്തതിനാൽ കഴിഞ്ഞവർഷം അനുവർണികയ്ക്ക് സംസ്ഥാന സ്കൂൾ കായിക മേളയിൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല.
ആർട്ടിസ്റ്റിക് യോഗ (സോളോ), ആർട്ടിസ്റ്റിക് റിഥമിക് യോഗ (പെയർ) എന്നിവയിൽ സ്വർണവും ട്രഡീഷണൽ യോഗയിൽ വെള്ളിയുമാണ് അനുവർണിക നേടിയത്. ആറാം വയസ്സു മുതൽ അനുവർണിക യോഗ ചെയ്യുന്നുണ്ട്. യോഗയിൽ ഡിപ്ലോമ നേടിയിട്ടുള്ള മാതാപിതാക്കളിൽ നിന്നാണു യോഗ പഠിച്ചു തുടങ്ങിയത്. പിന്നീടു വീടിനു സമീപമുള്ള യോഗ ക്ലബിൽ ചേർന്നു.
യോഗ അസോസിയേഷൻ ചാംപ്യൻഷിപ്പിൽ ദേശീയ മത്സരങ്ങളിൽ രണ്ടു വീതം വെള്ളിയും വെങ്കലവും നേടിയിട്ടുള്ള അനുവർണിക, സംസ്ഥാന സ്പോർട്സ് കൗൺസിലിൽ കോച്ച് കെ.ടി.കൃഷ്ണദാസിന്റെ കീഴിലാണ് പരിശീലനം. പുലർച്ചെ അഞ്ചുമുതൽ ആറു വരെ ഓൺലൈനായാണ് യോഗ പരിശീലനം. അവധി ദിവസങ്ങളിൽ നേരിട്ടും പരിശീലനം നടത്തുന്നുണ്ട്. യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ എട്ടാം വയസ്സ് മുതൽ പങ്കെടുക്കുന്നുണ്ട്.
അച്ഛൻ സുജീഷ് യോഗ പരിശീലകനും മാങ്ങാട്ടിടം ക്ഷീര സഹകരണ സംഘം സെക്രട്ടറിയുമാണ്. അമ്മ പ്രിനിതയും യോഗ ട്രെയിനറാണ്. ഒട്ടേറെ പേർക്കു വീട്ടിൽ യോഗ ക്ലാസ് എടുക്കുന്നുണ്ട്. മകളുടെ മെഡൽ നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് സുജീഷും പ്രിനിതയും ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. പൂർണ പിന്തുണയുമായി ഇരുവരും മകൾക്കൊപ്പം മത്സരവേദിയിലുണ്ട്.
ഈ വർഷം യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ സംസ്ഥാന യോഗ ചാംപ്യൻഷിപ്പിൽ 30-35 കാറ്റഗറിയിൽ പ്രിനിത നാലാം സ്ഥാനം നേടിയിരുന്നു. നാലു വയസ്സുകാരൻ അദ്വിക്കാണ് സഹോദരൻ. ഇനി ദേശീയ കായികമേളയിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് അനുവർണിക.
English Summary:








English (US) ·