നവി മുംബൈ ∙ ലോകകപ്പ് സെമിഫൈനൽ, എതിരാളികൾ ഓസ്ട്രേലിയ, വിജയലക്ഷ്യം 339 റൺസ്... അസാധ്യമെന്ന് ആരും വിധിയെഴുതിപ്പോകുന്ന ആ ഫിനിഷ് ലൈൻ ജെമിമ റോഡ്രിഗ്സിന്റെ (134 പന്തിൽ 127 നോട്ടൗട്ട്) ബാറ്റിലേറി ഇന്ത്യ മറികടന്നു. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ വനിതകൾ കുറിച്ചത് രാജ്യത്തിന്റെ അഭിമാനത്തിനു തിലകം ചാർത്തിയ വീറുറ്റ വിജയം. 7 തവണ ചാംപ്യന്മാരായിട്ടുള്ള ഓസീസിനെതിരെ 5 വിക്കറ്റിന്റെ ഐതിഹാസിക വിജയത്തോടെ ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ കടന്നു.
ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ഉയർത്തിയ 339 റൺസ് വിജയലക്ഷ്യം 9 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോർഡ് റൺചേസ്. സ്കോർ: ഓസ്ട്രേലിയ– 49.5 ഓവറിൽ 338. ഇന്ത്യ– 48.3 ഓവറിൽ 5ന് 341. ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ ക്രീസിലെത്തി, വിജയമുറപ്പിക്കുംവരെ കരളുറപ്പോടെ പോരാടിയ ജമിമയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ഞായറാഴ്ച ഇതേ വേദിയിൽ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാം ഫൈനലാണിത്. 2005, 2017 ലോകകപ്പുകളിൽ ഇന്ത്യ റണ്ണറപ്പായിരുന്നു. 2 വർഷം മുൻപ് ഇന്ത്യൻ മണ്ണിൽ നടന്ന പുരുഷ ലോകകപ്പ് ഫൈനലിൽ ഓസീസിനോടേറ്റ കണ്ണീർ തോൽവിക്ക് വനിതകളുടെ മധുര പ്രതികാരം കൂടിയായി വനിതാ ടീമിന്റെ ഈ വിജയം.
അവിശ്വസനീയ പോരാട്ടംവനിതാ ഏകദിന ചരിത്രത്തിൽ ഇതുവരെ 265ന് മുകളിൽ വിജയലക്ഷ്യം കീഴടക്കിയിട്ടില്ലാത്ത ഇന്ത്യൻ ടീം, അവിശ്വസനീയമെന്ന് കരുതിയ ലക്ഷ്യത്തിലേക്കാണ് ചങ്കൂറ്റത്തോടെ ബാറ്റുവീശിയത്. ഒരു വർഷത്തിനുശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയ ഷെഫാലി വർമയും (10) വിശ്വസ്തയായ ഓപ്പണർ സ്മൃതി മന്ഥനയും (24) 10 ഓവറിനിടെ പുറത്തായതോടെ ആരാധകരുടെ പ്രതീക്ഷ മങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ഹർമൻപ്രീത് കൗറിനൊപ്പം (89) 167 റൺസിന്റെ കൂട്ടുകെട്ടുമായി ജമിമ പോരടിച്ചുനിന്നു.
സ്കോർ 226ൽ നിൽക്കെ ഹർമൻപ്രീതിന്റെ നിർണായക വിക്കറ്റ് വീഴ്ത്തിയപ്പോൾ വിജയമുറപ്പിച്ച ആഘോഷമായിരുന്നു ഓസീസ് ക്യാംപിൽ. എന്നാൽ നെഞ്ചിടിപ്പോടെ കളി കണ്ട ഇന്ത്യൻ ആരാധകരുടെ മനസ്സിൽ പ്രതീക്ഷ നിറച്ച് ജമിമ പിന്നെയും പോരാട്ടം തുടർന്നു. ദീപ്തി ശർമയ്ക്കൊപ്പം (24) 38 റൺസിന്റെയും റിച്ച ഘോഷിനൊപ്പം (26) 46 റൺസിന്റെയും അമൻജ്യോത് കൗറിനൊപ്പം (15 നോട്ടൗട്ട്) 31 റൺസിന്റെയും കൂട്ടുകെട്ടുകളോടെയാണ് ജമിമ ടീമിനെ വിജയതീരത്തെത്തിച്ചത്. അവസാന 8 ഓവറിൽ 63, 6 ഓവറിൽ 48, 4 ഓവറിൽ 29 എന്നിങ്ങനെ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറച്ച ഇന്ത്യ, 48–ാം ഓവറിൽ 15 റൺസ് നേടിയതോടെ മത്സരം കൈപ്പിടിയിലാക്കി. ലോകകപ്പിൽ പരാജയമറിയാതെ 15 മത്സരങ്ങളെന്ന ഓസ്ട്രേലിയൻ റെക്കോർഡും ഇതോടെ തകർന്നുവീണു.
നേരത്തേ ബോളിങ്ങിലും ഫീൽഡിങ്ങിലുമുണ്ടായ താളപ്പിഴകളാണ് ബാറ്റർമാരുടെ കരുത്തിൽ ഇന്ത്യ മറികടന്നത്. ഫീബി ലിച്ച്ഫീൽഡിന്റെ സെഞ്ചറിയുടെയും (93 പന്തിൽ 119) എലിസ് പെറി (77) ആഷ്‍ലി ഗാർഡ്നർ (63) എന്നിവരുടെ അർധ സെഞ്ചറികളുടെയും കരുത്തിൽ ആദ്യ ബാറ്റിങ്ങിൽ ഓസ്ട്രേലിയ 338 റൺസ് നേടി. 2ന് 220 എന്ന നിലയിലായിരുന്ന ഓസീസ് ടീം സ്കോർ 400 കടക്കുമെന്ന് കരുതിയെങ്കിലും മധ്യ ഓവറിൽ ഇന്ത്യൻ സ്പിന്നർ ശ്രീചരണി പിടിമുറുക്കുകയായിരുന്നു.
English Summary:








English (US) ·