
മഹേഷ് ജിറാവാല | ഫോട്ടോ: Facebook
അഹമ്മദാബാദ്: എയർ ഇന്ത്യാ വിമാനപകടത്തിൽ ഗുജറാത്തി ചലച്ചിത്രകാരൻ മഹേഷ് ജിറാവാല മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരനായിരുന്നില്ല മഹേഷ്. വിമാനം വീണ് തീപ്പിടിച്ച സ്ഥലത്ത് മഹേഷ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവദിവസം ഷാഹിബാഗിന് സമീപത്തുനിന്ന് ഇദ്ദേഹത്തെ കാണാതായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മഹേഷ് കലവാഡിയ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.
അപകടസ്ഥലത്തുനിന്ന് മഹേഷ് ജിറാവാലയുടെ സ്കൂട്ടർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഓഫാകുന്നതിനുമുൻപ് അവസാനം ട്രാക്ക് ചെയ്തതും ഇതേ സ്ഥലത്തായിരുന്നു. ഇതെല്ലാം അദ്ദേഹം അപകടത്തിൽപ്പെട്ടവരിൽ ഒരാളായിരിക്കാനുള്ള സാധ്യതയിലേക്ക് കൂടുതൽ വിരൽചൂണ്ടി. ഈ കണ്ടെത്തലുകളാണ് അപകടത്തിൽ അദ്ദേഹത്തിന്റെ ദാരുണമായ മരണം സ്ഥിരീകരിക്കാൻ ഒടുവിൽ സഹായിച്ചത്.
ഡിഎൻഎ പരിശോധനാ ഫലങ്ങളും മരിച്ചത് ജിറാവാലയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മഹേഷ് ജിറാവാല മരിച്ചുവെന്ന് വിശ്വസിക്കാൻ കഴിയാത്തതിനാൽ മൃതദേഹം ഏറ്റുവാങ്ങാൻ അദ്ദേഹത്തിന്റെ കുടുംബം ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ, പോലീസ് അദ്ദേഹത്തിന്റെ ആക്ടീവയുടെ നമ്പറും ഡിഎൻഎ റിപ്പോർട്ടും ഉൾപ്പെടെ ശക്തമായ തെളിവുകൾ ഹാജരാക്കിയതിന് ശേഷമാണ് മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം സമ്മതിച്ചത്. മഹേഷ് ജിറാവാലയുടെ മരണം ഗുജറാത്തി സിനിമാ ലോകത്തിനും അദ്ദേഹത്തിന്റെ ആരാധകർക്കും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
മഹേഷ് ജിറാവാല പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിയുടെ സിഇഒ കൂടിയായിരുന്നു അദ്ദേഹം. അഡ്വർടോറിയലുകളും സംഗീത വീഡിയോകളും സംവിധാനം ചെയ്യുന്നതിൽ പ്രശസ്തനായിരുന്നു മഹേഷ്. ഗുജറാത്തി ഭാഷയിലുള്ള നിരവധി സംഗീത വീഡിയോകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. 2019-ൽ പുറത്തിറങ്ങിയ, ആശാ പാഞ്ചലും വൃത്തി താക്കറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കോക്ക്ടെയിൽ പ്രേമി പഗ് ഓഫ് റിവഞ്ച്' എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ജൂൺ 12-ന്, അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ AI171 എന്ന ഫ്ലൈറ്റ് തകർന്നു വീഴുകയായിരുന്നു. സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചു. ഒരാൾ മാത്രമാണ് അതിജീവിച്ചത്.
Content Highlights: Gujarati filmmaker Mahesh Jirawala confirmed dormant successful Ahmedabad level crash
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·