
കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ മേൽക്കൂരയുടെ താഴ്ഭാഗത്തുനിന്നുള്ള ദൃശ്യം. ഫൊട്ടൊ: ബി. മുരളീകൃഷ്ണൻ.
കൊച്ചി: കായികകേരളം കാത്തിരിക്കുന്ന അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരത്തിന് വേദിയാകാൻ കൂടുതൽ സാധ്യതയുള്ള കൊച്ചി അതിനായുള്ള ഒരുക്കത്തിലേക്ക്. കേവലം ഒരു ഫുട്ബോൾമത്സരം എന്നതിനപ്പുറം കോടികൾ മറിയുന്ന മെഗാ ഇവന്റ് എന്നനിലയിലാണ് അർജന്റീനയുടെ കളിയെ ആരാധകരും സംഘാടകരും ഒരുപോലെ കാത്തിരിക്കുന്നത്.
മത്സരത്തിന് വേദിയാകാൻ കൂടുതൽ സാധ്യതകല്പിക്കുന്നത് കൊച്ചിയിലെ ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിനാണ്. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം പരിഗണിച്ചിരുന്നെങ്കിലും ക്രിക്കറ്റിനായി ഉപയോഗിക്കുന്ന ആ സ്റ്റേഡിയം ഫുട്ബോളിനായി വിട്ടുകിട്ടാൻ സാധ്യതയില്ലെന്നാണ് സൂചന. അന്താരാഷ്ട്ര നിലവാരമുള്ള ഗ്രൗണ്ടും തിരുവനന്തപുരത്തെക്കാൾ ഉയർന്ന സ്റ്റേഡിയം കപ്പാസിറ്റിയും മികച്ച താമസസൗകര്യങ്ങളുമൊക്കെയാണ് കൊച്ചിക്ക് അനുകൂലമായി നറുക്കുവീഴാൻ കാരണമാകുന്നത്. പക്ഷേ, അപ്പോഴും മത്സരത്തിന് സജ്ജമാകാൻ കൊച്ചി ഏറെ കടമ്പകൾ താണ്ടേണ്ടതുണ്ടെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്റ്റേഡിയം ഓക്കെയാകണം
അന്താരാഷ്ട്ര മത്സരത്തിനായി ഫിഫ മാനദണ്ഡമനുസരിച്ച് സ്റ്റേഡിയം ഒരുക്കലാണ് പ്രധാനകടമ്പ. ഗ്രൗണ്ട് സമീപകാലത്ത് മോശമായതായിരുന്നു. ഇവന്റുകൾക്കായി സ്റ്റേഡിയം വിട്ടുകൊടുത്തത് ഫുട്ബോൾ പിച്ചിനെ നശിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് ടീമും പരാതിനൽകിയിരുന്നു. ഗ്രൗണ്ട് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും നിലവാരം വർധിപ്പിക്കേണ്ടിവരും.
കപ്പാസിറ്റി കൂട്ടണം
സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി ഉയർത്തണമെന്നതാകും സംഘാടകരുടെ മുന്നിലെ പ്രധാന ആവശ്യം. ഒരു ലക്ഷത്തിലധികം കാണികളെ ഉൾക്കൊണ്ട് മത്സരങ്ങൾ നടന്നിട്ടുള്ള സ്റ്റേഡിയത്തിലെ ഇപ്പോഴത്തെ ഔദ്യോഗിക കപ്പാസിറ്റി 41,000 സീറ്റാണ്. ഫിഫ അണ്ടർ -17 ലോകകപ്പ് നടത്താൻ ഫിഫയുടെ മാനദണ്ഡമനുസരിച്ച് സ്റ്റേഡിയത്തിലെ സീറ്റുകൾ ക്രമീകരിച്ചപ്പോഴാണ് എണ്ണം പകുതിയിൽത്താഴെയായി കുറഞ്ഞത്. സുരക്ഷാകാരണങ്ങളാൽ സ്റ്റേഡിയത്തിന്റെ ഏറ്റവും മുകളിലെ ടയറിൽ ഇപ്പോൾ കാണികളെ അനുവദിക്കുന്നുമില്ല. എന്നാൽ, അർജന്റീനയുടെ കളിവന്നാൽ സീറ്റുകൾ നന്നായി കൂട്ടിയില്ലെങ്കിൽ സംഘാടകർക്ക് തിരിച്ചടിയാകും.
എതിരാളിയും ടിക്കറ്റും
കൊച്ചിയിലായാലും തിരുവനന്തപുരത്തായാലും മത്സരത്തിൽ അർജന്റീനയുടെ എതിരാളി ആരെന്നതും പ്രധാനമാണ്. ദുർബലരായ എതിരാളിയാണെങ്കിൽ കളി ഏകപക്ഷീയമാകും. അതുകൊണ്ടുതന്നെ കുറഞ്ഞപക്ഷം ഏഷ്യയിലെ ടോപ് ടീമുകളിൽ ഒന്നെങ്കിലും അർജന്റീനയ്ക്ക് എതിരാളിയായിവരുന്ന കളിയാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
അർജന്റീനയുടെ കളിയായതിനാൽ മികച്ചനിരക്കിലുള്ള ടിക്കറ്റുകളും വിറ്റഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഒരു ലക്ഷം രൂപവരെയുള്ള സ്പെഷ്യൽ ബോക്സ് ടിക്കറ്റുകൾ അടക്കം വലിയൊരു തുക ടിക്കറ്റ് വരുമാനത്തിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
Content Highlights: argentina shot squad to sojourn kerala for accumulation lucifer kochi stadium








English (US) ·