Published: November 03, 2025 12:53 PM IST
1 minute Read
കൊച്ചി∙ അര്‍ജന്റീന ഫുട്ബോൾ ടീം കേരളത്തിൽ വരുമെന്ന അവകാശവാദവുമായി വീണ്ടും കായിക മന്ത്രി വി. അബ്ദുറഹിമാൻ. അർജന്റീന ടീം മാർച്ചിൽ കേരളത്തിലെത്തുമെന്ന സന്ദേശം രണ്ടു ദിവസം മുൻപ് ലഭിച്ചതായി മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ‘‘അർജന്റീന കളിക്കാൻ വരുന്ന തീയതി അർജന്റീന ടീമും കേരള സർക്കാരും ഒരുമിച്ചു പ്രഖ്യാപിക്കും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കും. ലയണൽ മെസി ഉൾപ്പെടുന്ന ടീം മാർച്ചിൽ കേരളത്തിലെത്തും. ഇക്കാര്യത്തിൽ ഉറപ്പു ലഭിച്ചിട്ടുണ്ട്.’’– മന്ത്രി പറഞ്ഞു.
കലൂർ സ്റ്റേഡിയത്തിന് ഫിഫയുടെ അനുമതി ലഭിക്കാനുള്ള കാലതാമസവും അംഗോളയിലെ മത്സരത്തിനു ശേഷം കേരളത്തിലേക്കു ദീർഘയാത്ര നടത്താനുള്ള പ്രയാസങ്ങളും കാരണമാണ് നവംബറിലെ മത്സരം മാറ്റിവച്ചതെന്ന് സ്പോൺസറായ ആന്റോ അഗസ്റ്റിൻ നേരത്തേ വ്യക്തമാക്കിയിരുന്നു. അർജന്റീന വരുമെന്ന പേരിൽ തുടങ്ങിയ കലൂർ സ്റ്റേഡിയത്തിലെ നിർമാണ ജോലികളും പാതിവഴിയിലാണ്. അർജന്റീനയെ കേരളത്തിൽ കളിപ്പിക്കുന്നതിൽ സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും സഹകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
അടുത്ത വർഷം നടക്കുന്ന ലോകകപ്പിനു മുൻപു രാജ്യാന്തര സൗഹൃദ മത്സരങ്ങൾക്കായി ഫിഫ പ്രഖ്യാപിച്ചിട്ടുള്ളതു രണ്ടു വിൻഡോയാണ്. ആദ്യ വിൻഡോ പ്രകാരം മാർച്ച് 23 മുതൽ 31 വരെ രണ്ടു സൗഹൃദ മത്സരം കളിക്കാനാണ് അനുമതി. ജൂൺ ഒന്നു മുതൽ 9 വരെയാണ് അടുത്ത ഫിഫ വിൻഡോ. അക്കാലയളവിലും രണ്ടു സൗഹൃദ മത്സരം കളിക്കാം. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണു ഫിഫ ലോകകപ്പ്.
ഇതിനു മുന്നോടിയായി ലഭിക്കുന്ന 4 സൗഹൃദ മത്സരങ്ങളും മികച്ച പരിശീലനത്തിനുള്ള അവസരമായി കാണാനാകും ലോകകപ്പ് കളിക്കുന്ന എല്ലാ ടീമുകളും ശ്രമിക്കുക. അതിനാൽ, ലോകകപ്പ് യോഗ്യത നേടിയ മറ്റു ടീമുകൾക്കെതിരെ കളിക്കുന്നതിനാണു മുൻഗണന നൽകുക.
English Summary:








English (US) ·