കൊച്ചി: ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് (എഎഫ്എ) 130 കോടി രൂപ നല്‍കിയിരുന്നുവെന്ന് സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിന്‍. ഈ വര്‍ഷം കേരളത്തില്‍ കളിക്കാമെന്നാണ് എഎഫ്എ തങ്ങളുമായി ഒപ്പിട്ട കരാര്‍ എങ്കിലും അടുത്ത വര്‍ഷം സെപ്റ്റംബറില്‍ കളിക്കാന്‍ എത്താമെന്നാണ് അവരുടെ ഇപ്പോഴത്തെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം കളിക്കാന്‍ എത്തുമെങ്കില്‍ മാത്രമേ മത്സരം സംഘടിപ്പിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമുള്ളൂ എന്ന് വ്യക്തമാക്കിയ ആന്റോ അഗസ്റ്റിന്‍, കരാര്‍ റദ്ദായാല്‍ അത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും കരാര്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''മെസ്സി ഉള്‍പ്പടെയുള്ള അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എയുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒക്ടോബര്‍ മാസത്തില്‍ കേരളത്തില്‍ കളിക്കാമെന്ന് എഎഫ്എ സമ്മതിച്ചതുമാണ്. ഇതിന്റെ ഭാഗമായി ജൂണ്‍ ആറിനാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് 130 കോടി രൂപ നല്‍കിയത്. എല്ലാ അനുമതിയും എടുത്ത ശേഷമാണ് പണം കൈമാറിയത്. പിരിച്ചെടുത്ത പണമല്ല. എന്റെ സ്വന്തം പണമാണ്. രേഖകള്‍ പുറത്തുവിടരുതെന്ന് കരാറിലെ വ്യവസ്ഥയില്‍ ഉണ്ട്. അതുകൊണ്ട് പണം കൈമാറിയ രേഖകള്‍ പുറത്തുവിടാനാവില്ല.'' - ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി.
അയച്ച മുഴുവന്‍ പൈസയും ക്രെഡിറ്റ് ആയെന്ന് പറയുന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഇ മെയില്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അടുത്ത ലോകകപ്പിന് ശേഷം അര്‍ജന്റീനയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ താത്പര്യമില്ല. ഇക്കാര്യം എഎഫ്എയെ അറിയിച്ചു. പിന്നീട് അവര്‍ മറുപടിയൊന്നും തന്നിട്ടില്ല. അര്‍ജന്റീന ടീം വരില്ലെന്ന് അവര്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ മെസ്സിയുള്‍പ്പെടുന്ന അര്‍ജന്റീന ടീം ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മെസ്സി കേരളത്തില്‍ വരുന്നില്ലെങ്കില്‍ ഇന്ത്യയില്‍ എവിടെയും വരില്ലെന്നും ഞങ്ങളുമായാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കരാറുണ്ടാക്കിയിരിക്കുന്നതെന്നും ആന്റോ അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരളത്തിന്റെ സാധ്യതകള്‍ മനസിലാക്കി എഎഫ്എ വിലപേശലിന് ശ്രമിക്കുകയാണോ എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളി നടത്താനുള്ള കാര്യങ്ങള്‍ എല്ലാം ചെയ്തിരുന്നു. ഒക്ടോബറില്‍ വരുമോ എന്നറിയിക്കാന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കും. അതിനു ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്നും ആന്റോ അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം ഈ വര്‍ഷം കേരളത്തിലെത്തില്ലെന്ന് കഴിഞ്ഞ ദിവസം കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തില്‍ വരാനാവില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചതായാണ് മന്ത്രി പറഞ്ഞത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീമും സ്‌പോണ്‍സര്‍മാരും വ്യത്യസ്ത നിലപാടുകളെടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Content Highlights: Reporter TV paid ₹130 crore to bring Messi`s Argentina to Kerala. Legal enactment threatened








English (US) ·