Published: September 20, 2025 05:30 PM IST Updated: September 20, 2025 07:24 PM IST
1 minute Read
കൊച്ചി∙ അർജന്റീന ഫുട്ബോൾ ടീമും സൂപ്പർ താരം ലയണൽ മെസിയും കേരളത്തിലെത്തുമ്പോൾ, സൗഹൃദ മത്സരം കളിക്കാൻ എതിരാളികളായി ഓസ്ട്രേലിയയും കോസ്റ്ററിക്കയും പരിഗണനയിൽ. ഫിഫ റാങ്കിങ്ങിൽ 25–ാം റാങ്കിലുള്ള ടീമാണ് ഓസ്ട്രേലിയ. 47–ാം റാങ്കിലാണ് കോസ്റ്ററിക്കയുള്ളത്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ കൂടി താൽപര്യം പരിഗണിച്ചായിരിക്കും എതിരാളികളെ തീരുമാനിക്കുക.
കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ പ്രീക്വാർട്ടറിൽ നേരിട്ടത് ഓസ്ട്രേലിയയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റെങ്കിലും മികച്ച പോരാട്ടമായിരുന്നു ഓസ്ട്രേലിയയുടേത്. കേരളത്തിൽ അർജന്റീനയെ നേരിടാൻ ഓസ്ട്രേലിയയ്ക്കും താൽപര്യമുണ്ടെന്നാണു പുറത്തുവരുന്ന വിവരം.
സൗദി അറേബ്യ, ഖത്തർ ടീമുകളെയും അർജന്റീനയെ നേരിടുന്നതിനായി നേരത്തേ പരിഗണിച്ചിരുന്നു. നവംബറിലാണ് അർജന്റീന ടീം കേരളത്തിലെത്തുന്നത്. കൊച്ചിയിലെ ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിലായിരിക്കും അർജന്റീന കളിക്കുക. രാജ്യാന്തര മത്സരത്തിനായി സ്റ്റേഡിയം സജ്ജീകരിക്കുന്നതിനായി ഒരുക്കങ്ങൾ ഉടൻ ആരംഭിക്കേണ്ടതുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രന്‍പിള്ളയ്ക്ക് എഴുതിയ കത്തിൽ വ്യക്തമാക്കി. നവംബർ രണ്ടാം വാരം മത്സരം നടത്താൻ ഉദ്ദേശിക്കുന്നുവെന്നാണു മന്ത്രി കത്തിൽ പറയുന്നത്.
കേരളത്തിലെ ഫിഫ നിലവാരമുള്ള ഏക ഫുട്ബോൾ ടർഫ് ആണ് കലൂർ സ്റ്റേഡിയത്തിലേത്. കേരള ബ്ലാസ്റ്റേഴ്സാണു സ്റ്റേഡിയം ടർഫ് പരിപാലിക്കുന്നത്. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് ആദ്യം മത്സരം നടത്താൻ ആലോചിച്ചിരുന്നത്. ക്രിക്കറ്റ് ഗ്രൗണ്ട് ഫുട്ബോൾ മത്സരങ്ങൾക്കായി മാറ്റിയെടുക്കുന്നതിലെ സാമ്പത്തിക ചെലവാണ് സംഘാടകർ പിന്നോട്ടുപോകാനുള്ള പ്രധാന കാരണം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള സ്റ്റേഡിയം വിട്ടുനൽകാൻ കെസിഎയും തയാറായിട്ടില്ല.
English Summary:








English (US) ·