അർജന്റീനയ്ക്ക് കേരളത്തിൽ കരുത്തരായ എതിരാളി വരും: പരിഗണനയിൽ 4 ടീമുകൾ, താൽപര്യം അറിയിച്ച് ഓസ്ട്രേലിയ

5 months ago 6

നസീബ് കാരാട്ടിൽ

Published: August 24, 2025 10:58 AM IST

1 minute Read



ബൊളീവിയയ്ക്കെതിരെ ഗോൾ നേടിയ ലയണൽ മെസ്സിയുടെ ആഹ്ലാദം
ബൊളീവിയയ്ക്കെതിരെ ഗോൾ നേടിയ ലയണൽ മെസ്സിയുടെ ആഹ്ലാദം

മലപ്പുറം ∙ സൗഹൃദ മത്സരത്തിനായി കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോൾ ടീമിന്റെ എതിരാളികളായി സംസ്ഥാന കായിക വകുപ്പിന്റെ പരിഗണനയിലുള്ളത് 4 ടീമുകൾ. സൗദി അറേബ്യ, ഖത്തർ, കോസ്റ്ററിക്ക എന്നീ ടീമുകളായിരുന്നു ആദ്യ ഘട്ട ചർച്ചകളിലുണ്ടായിരുന്നത്. എന്നാ‍ൽ ഓസ്ട്രേലിയൻ ടീമും താൽപര്യം പ്രകടിപ്പിച്ചെത്തിയതോടെ ടീമുകളുടെ എണ്ണം നാലായി. 

   ലോക ചാംപ്യൻമാർക്ക് കേരളം മികച്ച എതിരാളിയെത്തേടുമ്പോൾ മേൽക്കൈ ലോക റാങ്കിങ്ങിൽ 24–ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്കാണ്. എന്നാൽ കേരളത്തിലെ ആരാധക പിന്തുണ കണക്കിലെടുത്ത് അറബ് ടീമുകളെ പരിഗണിക്കാനും സാധ്യതയുണ്ട്. ഖത്തർ ലോക റാങ്കിങ്ങിൽ 53–ാം സ്ഥാനത്തും സൗദി 59–ാം സ്ഥാനത്തുമാണ്. വടക്കേ അമേരിക്കൻ രാജ്യമായ കോസ്റ്ററിക്ക ടീം റാങ്കിങ്ങിൽ (40) ആദ്യ അൻപതിനുള്ളിലുണ്ട്.

നവംബറിലാണ് അർജന്റീന ടീമിന്റെ കേരള സന്ദർശനമെന്ന് സ്ഥിരീകരിച്ചെങ്കിലും എതിരാളികളെ കണ്ടെത്തിയശേഷം മാത്രമേ മത്സരത്തീയതി തീരുമാനിക്കാനാകൂവെന്ന് കായികവകുപ്പ് അധികൃതർ പറയുന്നു. അംഗോളയിൽ നടക്കുന്ന സൗഹൃദ മത്സരത്തിലെ എതിരാളികളെക്കൂടി പരിഗണിച്ചായിരിക്കും കേരളത്തിലെ എതിരാളികളെ തീരുമാനിക്കുക.

ഒന്നിലേറെ ടീമുകളെ ഉൾപ്പെടുത്തിയ ത്രികോണ മത്സരത്തെക്കുറിച്ചും കായിക മന്ത്രി വി.അബ്ദുറഹിമാൻ ഇന്നലെ സൂചന നൽകി. മത്സരവേദി ഉൾപ്പെടെ കേരളത്തിലെ സൗകര്യങ്ങൾ പരിശോധിക്കുന്നതിനായി ഡൽഹിയിൽനിന്നുള്ള വിദഗ്ധ സംഘം ഉടനെത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

English Summary:

Argentina's Kerala Friendly: Four Teams Vying to Be Opponent for World Champions

Read Entire Article