Published: March 26 , 2025 09:43 AM IST
1 minute Read
മുംബൈ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറെ ആറു മാസം കൊണ്ട് ലോകോത്തര ബാറ്ററാക്കി കാണിക്കുമെന്ന് മുൻ ഇന്ത്യൻ താരം യോഗ്‌രാജ് സിങ്. അർജുന്റെ കരിയർ പാഴാക്കിക്കളയുകയാണെന്നും ക്രിക്കറ്റ് പരിശീലകനായ യോഗ്‍രാജ് സിങ് പ്രതികരിച്ചു. 2022 ല്‍ ഗോവയ്ക്കായി രഞ്ജി ട്രോഫി കളിക്കുന്നതിനു മുൻപ് അർജുൻ തെൻഡുൽക്കർ യോഗ്‌രാജ് സിങ്ങിനൊപ്പം പരിശീലിച്ചിരുന്നു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമാണ് അർജുന്‍.
‘‘അർജുൻ തെൻഡുൽക്കറെ ആറു മാസം കൊണ്ട് ലോകത്തെ ഏറ്റവും മികച്ച ബാറ്ററാക്കി മാറ്റാൻ സാധിക്കും. ബാറ്റിങ്ങിൽ അവന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് എനിക്കു മാത്രമാണ് അറിയുന്നത്. അർജുൻ മുൻപ് എന്റെ കൂടെ 12 ദിവസം ഉണ്ടായിരുന്നു. തുടർന്ന് രഞ്ജിയിൽ അരങ്ങേറിയപ്പോൾ അദ്ദേഹം സെഞ്ചറിയടിച്ചു. അതാരെങ്കിലും തിരിച്ചറിഞ്ഞോ? സച്ചിനും യുവരാജ് സിങ്ങും പറഞ്ഞിട്ടാണ് അർജുനെ ഞാൻ ഇങ്ങോട്ടു കൊണ്ടുവന്നത്. പരിശീലനം കണ്ടപ്പോൾ, ഇത്രയും നല്ലൊരു ബാറ്ററെ എന്തിനാണ് വെറുതെ പന്തെറിയിച്ച് കളയുന്നതെന്നാണു ഞാൻ പറഞ്ഞത്.ഒരു ബാറ്റിങ് ഓൾറൗണ്ടറായി തിളങ്ങാൻ കഴിവുള്ള താരമാണു അർജുൻ തെൻഡുൽക്കർ.’’– യോഗ്‍രാജ് സിങ് ഒരു യുട്യൂബ് ചാനലിനോടു പറഞ്ഞു.
രഞ്ജി ട്രോഫിയിൽ മുംബൈ ടീമിൽ അവസരങ്ങൾ കുറഞ്ഞതോടെയാണു അർജുൻ തെന്‍ഡുൽക്കർ ഗോവയിലേക്കു മാറിയത്. അർജുൻ 17 ഫസ്റ്റ്ക്ലാസ് മത്സരങ്ങളും 18 ലിസ്റ്റ് എ മത്സരങ്ങളും 24 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2021ലെ താരലേലത്തിലാണ് അർജുൻ ആദ്യമായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായത്. വല്ലപ്പോഴുമാണ് താരത്തിന് ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിക്കുന്നത്. 2025ലെ മെഗാലേലത്തിൽ അവസാന അവസരത്തിലാണ് അർജുനെ മുംബൈ വീണ്ടും വാങ്ങിയത്.
English Summary:








English (US) ·