Published: August 14, 2025 06:52 AM IST Updated: August 14, 2025 09:49 AM IST
1 minute Read
മുംബൈ ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. വിവാഹനിശ്ചയം മുംബൈയിൽ നടന്നു. ഇരുപത്തഞ്ചുകാരനായ അർജുൻ 2021 മുതൽ ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ടീമംഗമാണ്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായിയാണ് സാനിയയുടെ മുത്തച്ഛൻ രവി ഘായി. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, ബ്രൂക്‌ലിൻ ക്രീമറി തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ളതാണ്.
മുംബൈയിൽ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. വിവാഹനിശ്ചയം നടക്കുന്ന കാര്യം പുറത്തുവിട്ടിരുന്നില്ല. ചടങ്ങ് പൂർത്തിയായതിനു ശേഷമാണ് ദേശീയ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച വാർത്തകൾ പ്രത്യക്ഷപ്പെട്ടത്.
മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഗോവയുടെ താരമാണ് അർജുൻ തെൻഡുൽക്കർ. 2020–21 സീസണിൽ മുംബൈയ്ക്കായി കളിച്ചാണ് കരിയർ ആരംഭിച്ചതെങ്കിലും, പിന്നീട് ഗോവൻ ടീം തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ജഴ്സിയിൽ ഹരിയാനയ്‌ക്കെതിരായ ട്വന്റി20 മത്സരത്തിലായിരുന്നു അരങ്ങേറ്റം. അതിനു മുൻപ് ജൂനിയർ തലത്തിൽ മുംബൈയ്‌ക്കായി കളിച്ചിരുന്നു. ഇന്ത്യൻ അണ്ടർ 19 ടീമിലും കളിച്ചു. 2022–23 സീസണിലാണ് ഗോവയിലേക്ക് മാറിയത്. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് അരങ്ങേറ്റം ഗോവൻ ജഴ്സിയിലായിരുന്നു.
ഇതുവരെ 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചു. ഒരു സെഞ്ചറി ഉൾപ്പെടെ 532 റൺസാണ് സമ്പാദ്യം. ഒരു അഞ്ച് വിക്കറ്റ് നേട്ടവും രണ്ട് നാലു വിക്കറ്റ് നേട്ടവും ഉൾപ്പെടെ 37 വിക്കറ്റുകളും സ്വന്തമാക്കി. 17 ലിസ്റ്റ് എ മത്സരങ്ങളിൽനിന്ന് ഒൻപത് ഇന്നിങ്സുകളിലായി 76 റൺസാണ് സമ്പാദ്യം. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി അഞ്ച് മത്സരങ്ങൾ കളിച്ചു. 73 പന്തുകളിൽ എറിഞ്ഞ് മൂന്നു വിക്കറ്റും സ്വന്തമാക്കി. 38 ആണ് ശരാശരി. ഒൻപത് റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.
അതേസമയം, മുംബൈയിലെ സ്വാധീനമുള്ള ബിസിനസ് കുടുംബത്തിലെ അംഗമാണ് സാനിയ ചന്ദോക്ക്. ഹോസ്പിറ്റാലിറ്റി, ഫുഡ് വ്യവസായങ്ങളാണ് സാനിയയുടെ ഘായി കുടുംബത്തിന്റെ ശക്തികേന്ദ്രം. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പും ഐസ് ക്രീം ബ്രാൻഡായ ബ്രൂക്‌ലിൻ ക്രീമറിയും ഘായി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ളതാണ്.
English Summary:








English (US) ·