അർജൻ്റീന ടീം കേരളത്തിൽ കളിക്കാൻ സാധ്യത; സർക്കാരുമായി ചർച്ചനടക്കുകയാണെന്ന് ടീം മാർക്കറ്റിങ് മേധാവി

6 months ago 6

22 July 2025, 02:45 PM IST

argentina shot   team

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ അർജന്റീന ഫുട്‌ബോൾ ടീം മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സനും ലുലു ഹോൾഡിങ്‌സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദും ജഴ്‌സിയുമായി.

ദുബായ്: കേരളത്തില്‍ കളിക്കാനുള്ള മന്ത്രി തല ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതായി അര്‍ജന്റീന ഫുട്‌ബോള്‍ ടീം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്സന്‍. അടുത്ത ലോകകപ്പിന് മുന്‍പ് ടീം കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സുമായി ധാരണപത്രം ഒപ്പിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ലിയാന്‍ഡ്രോ.

കേരളത്തില്‍ അര്‍ജന്റീന ആരാധകര്‍ ഏറെയുണ്ടെന്നത് അഭിമാനകരമാണ്. അവരുടെ മുന്നില്‍ കളിക്കുന്നത് സന്തോഷകരമാണ്. ഇനി വരുന്ന ലോകകപ്പ് കളിക്കാന്‍ ലയണല്‍ മെസ്സി ശാരീരികമായി തയ്യാറാണ്. അദ്ദേഹം കളിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അര്‍ജന്റീന ടീം വൈകാതെ കേരളത്തിലെത്തുമെന്ന് ലുലു ഹോള്‍ഡിങ്സ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദും പറഞ്ഞു. ലുലു എക്സ്ചേഞ്ചുമായി സഹകരിച്ച് ഇന്ത്യയില്‍ അര്‍ജന്റീന ടീമിന്റെ മത്സരങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തുവരികയാണ്. ഇന്ത്യയും ജിസിസിയും ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനുമായി സഹകരിക്കുന്നതിനാണ് ഇരുകൂട്ടരും ധാരണയിലെത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലെ അര്‍ജന്റീന ടീം ആരാധകര്‍ക്കും ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കള്‍ക്കും പണമിടപാട് നടത്താന്‍ ഒരുപോലെ അവസരമൊരുക്കുകയെന്നതാണ് കരാറിന്റെ ലക്ഷ്യം. വൈകാതെ ഫിഫ മത്സരങ്ങളുടെ ഇടപാടുകളിലേക്കും ഈ സഹകരണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. അര്‍ജന്റീന ദേശീയ ടീം കോച്ച് ലയണല്‍ സ്‌കലോണിയും ചടങ്ങില്‍ സംബന്ധിച്ചു.

ഒക്ടോബറില്‍ ലയണല്‍ മെസ്സിയും ടീമും കേരളത്തില്‍ കളിക്കാനെത്തുമെന്ന് ഈവര്‍ഷമാദ്യമാണ് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, പിന്നീട് ഇതുസംബന്ധിച്ച് ആശയക്കുഴപ്പങ്ങളും വിവാദങ്ങളുമുണ്ടായി. ഒക്ടോബറില്‍ അര്‍ജന്റീന ടീം ചൈനയിലായിരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍, അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് ജൂണ്‍ ആറിന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം, എന്നാണ് ടീം കേരളത്തിലെത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

Content Highlights: Argentina Football Team Eyes Match successful Kerala, India: Discussions Underway

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article