Published: September 09, 2025 03:28 PM IST
1 minute Read
മുംബൈ∙ ആരാധകരെ ആശങ്കയിലാഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ആശുപത്രി സന്ദർശനം. തിങ്കളാഴ്ച അർധ രാത്രിയോടെയാണ് രോഹിത് ശർമ മുംബൈയിലെ കോകിലബെൻ ആശുപത്രിയിലെത്തിയത്. എന്തിനാണ് സൂപ്പർ താരം ആശുപത്രിയിലെത്തിയതെന്ന കാര്യം ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇതാണ് ആരാധകരുടെ ആശങ്കയ്ക്കു കാരണം. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച രോഹിത് ശർമ കുടുംബത്തോടൊപ്പം മുംബൈയിലാണു താമസിക്കുന്നത്.
ഒക്ടോബർ 19ന് തുടങ്ങുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത് ഇന്ത്യൻ ടീമിനായി കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതിനിടെയാണു താരത്തിന്റെ ആശുപത്രി സന്ദർശനം. രോഹിത് ശർമയ്ക്ക് എന്തെങ്കിലും അസുഖമോ, പരുക്കോ ഉള്ളതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നിട്ടില്ല. ഒക്ടോബർ 19ന് പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം.
പരമ്പരയ്ക്കു മുന്നോടിയായി രോഹിത് ശർമ ഫിറ്റ്നസ് ടെസ്റ്റുകൾ പൂർത്തിയാക്കിയിരുന്നു. യോ–യോ ടെസ്റ്റും ബ്രോങ്കോ ടെസ്റ്റും മികച്ച മാർക്കോടെയാണു രോഹിത് പാസായതെന്നാണു പുറത്തുവരുന്ന വിവരം. ഏകദിന പരമ്പരയ്ക്കു മുൻപ് തയാറെടുപ്പിനായി രോഹിത് ഇന്ത്യ എ ടീമിലും കളിച്ചേക്കും. ഏകദിന പരമ്പരയ്ക്കു ശേഷം രോഹിത് ശർമയും വിരാട് കോലിയും ക്രിക്കറ്റിൽനിന്ന് പൂർണമായും വിരമിച്ചേക്കും.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Rushii എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·