തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ആദ്യ ദിനം പ്രതീക്ഷിച്ചതുപോലെ സാംസൺ തന്നെ സ്വന്തമാക്കി; രാജ്യാന്തര ക്രിക്കറ്റ് വൃത്തങ്ങളിൽ ചിരപരിചിതനായ സഞ്ജു സാംസൺ അല്ലെന്നു മാത്രം! കെസിഎലിന്റെ ഉദ്ഘാടന ദിനത്തിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ അർധസെഞ്ചറിയുമായി കരുത്തുതെളിയിച്ചത് സഞ്ജുവിന്റെ സഹോദരൻ സലി സാംസണാണ്. താരതമ്യേന ദുർബലമായ വിജയലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ അർധസെഞ്ചറിയുമായാണ് സലി സാംസൺ കരുത്തുകാട്ടിയത്.
ഐപിഎലിൽ രാജസ്ഥാൻ റോയൽസ് നായകൻ കൂടിയായ സഞ്ജു ഉണ്ടായിട്ടും കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ നായകസ്ഥാനം തന്നിലേക്ക് എത്തിയത് വെറുതെയല്ലെന്ന് തെളിയിച്ച പ്രകടനം. കഴിഞ്ഞ സീസണിൽ കെസിഎലിൽ ഒരു മത്സരം മാത്രം കളിച്ച സലിയുടെ ഗംഭീരമായ തിരിച്ചുവരവായ മത്സരം .ട്രിവാൻഡ്രത്തിന്റെ 3 മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ അഖിൻ സത്താറാണ് പ്ലെയർ ഓഫ് ദ് മാച്ച്.
തിരുവനന്തപുരംകാരായ സാംസൺ സഹോദരൻമാർ നയിച്ച കൊച്ചി ബ്ലൂ ടൈഗേഴ്സ് ആതിഥേയരായ ട്രിവാൻഡ്രം റോയൽസിനെ മുട്ടുകുത്തിച്ചാണ് സീസണിന് വിജയത്തുടക്കം കുറിച്ചത്. ട്രിവാൻഡ്രത്തെ വെറും 97 റൺസിൽ എറിഞ്ഞൊതുക്കിയ കൊച്ചി, 12–ാം ഓവറിൽത്തന്നെ അനായാസ ജയം നേടി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ട്രിവാൻഡ്രം റോയൽസ് 20 ഓവർ പൂർത്തിയായപ്പോഴേക്കും 97 റൺസിന് ഓൾഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ 11.5 ഓവറിലാണ് കൊച്ചി വിജയം കുറിച്ചത്.
നാലാമനായി ക്രീസിലെത്തിയ സലി സാംസൺ, 30 പന്തിലാണ് അർധസെഞ്ചറി തികച്ചത്. 12–ാം ഓവറിലെ അഞ്ചാം പന്തിൽ അജിത്തിനെതിരെ ബൗണ്ടറി നേടിയാണ് സലി സാംസൺ അർധസെഞ്ചറിയും ടീമിന്റെ വിജയവും പൂർത്തിയാക്കിയത്. അഞ്ച് ഫോറും മൂന്നു സിക്സും ഉൾപ്പെടുന്നതാണ് സലിയുടെ ഇന്നിങ്സ്. സിക്സറടിച്ച് അർധ സെഞ്ചറി തികച്ച കൊച്ചി ക്യാപ്റ്റൻ സലി സാംസൺ (30 പന്തിൽ 50 നോട്ടൗട്ട്) ടീമിനെ വിജയത്തിലെത്തിച്ചപ്പോൾ അനുജൻ സഞ്ജു സാംസണ് ബാറ്റിങിന് ഇറങ്ങേണ്ടി വന്നില്ല.
വൺഡൗണായെത്തിയ മുഹമ്മദ് ഷാനു 20 പന്തിൽ മൂന്നു ഫോറുകളോടെ 23 റൺസുമായും പുറത്താകാതെ നിന്നു. ഓപ്പണർമാരായ ജോബിൻ ജോബി (ഏഴു പന്തിൽ എട്ട്), വിനൂപ് മനോഹരൻ (14 പന്തിൽ 14) എന്നിവരാണ് പുറത്തായത്.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രത്തെ ആദ്യ പന്തിൽ തന്നെ ഞെട്ടിച്ചതും സാംസൺ സഹോദരൻമാർ ചേർന്നാണ്. സലി എറിഞ്ഞ പന്ത് എസ്.സുബിൻ കവറിലേക്ക് അടിച്ച് റണ്ണിനായി ഓടിയെങ്കിലും അതിവേഗം പന്തു കൈക്കലാക്കിയ വൈസ് ക്യാപ്റ്റൻ സഞ്ജു, അതു ചേട്ടന്റെ കൈകളിലെത്തിച്ചു. സലി സ്റ്റംപ് ചെയ്യുമ്പോൾ സുബിൻ ക്രീസിൽ എത്തിയിരുന്നില്ല; റണ്ണൗട്ട്. ക്യാപ്റ്റൻ കൃഷ്ണ പ്രസാദും (11) ഗോവിന്ദ് ദേവ് പൈയും (3)കൂടി റണ്ണൗട്ടിലൂടെ വിക്കറ്റ് തുലച്ചതോടെ ടീമിന്റെ നടുവൊടിഞ്ഞു.
5 വിക്കറ്റിന് 22 എന്ന നിലയിൽ തകർന്ന ടീമിനെ അബ്ദുൽ ബാസിതും (17) അഭിജിത്ത് പ്രവീണും (28) ബേസിൽ തമ്പിയും (20) ചേർന്നാണ് വൻ മാനക്കേടിൽ നിന്നു രക്ഷിച്ചത്. അഭിജിത് പ്രവീൺ 32 പന്തിൽ നാലു ഫോറുകളോടെയാണ് 28 റൺസെടുത്തത്. ബേസിൽ തമ്പി 20 പന്തിൽ രണ്ടു ഫോറുകളോടെ 20 റൺസെടുത്തും പുറത്തായി.
കൊച്ചി ബ്ലൂ ടൈഗേഴ്സിനായി അഖിൻ സത്താർ നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം 13 റൺസ് മാത്രം വഴങ്ങിയാണ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് ആഷിക് മൂന്ന് ഓവറിൽ 14 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് വീഴ്ത്തി. മൂന്നു പേർ റണ്ണൗട്ടായപ്പോൾ, ശേഷിക്കുന്ന വിക്കറ്റ് കെ.എം. ആസിഫ് സ്വന്തമാക്കി. ആസിഫ് നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ക്യാപ്റ്റൻ സലി സാംസണിന് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും, രണ്ട് ഓവറിൽ വഴങ്ങിയത് എട്ടു റൺസ് മാത്രം.
English Summary:








English (US) ·