Published: September 23, 2025 11:44 AM IST
1 minute Read
കഴിഞ്ഞ 5 വർഷമായി പോൾവോൾട്ടിൽ ലോക റെക്കോർഡ് തിരുത്തുന്നതു പതിവാക്കിയിരിക്കുകയാണ് സ്വീഡിഷ് താരം അർമാൻഡ് ഡുപ്ലന്റിസ്. ഇക്കഴിഞ്ഞ ടോക്കിയോ ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 6.30 മീറ്റർ ഉയരം താണ്ടിയ ഡുപ്ലന്റിസ് ലോക റെക്കോർഡ് തിരുത്തിയതു 14–ാം തവണയാണ്. ഓരോ തവണയും ഓരോ സെന്റിമീറ്റർ വീതം ഉയരം പിന്നിട്ടാണ് ഡുപ്ലന്റിസിന്റെ റെക്കോർഡ് നേട്ടങ്ങൾ. എന്തുകൊണ്ടാകും ഇങ്ങനെ?
മോണ്ടോയുടെ ചാട്ടം അർമാൻഡ് ഗുസ്താവ് മോണ്ടോ ഡുപ്ലന്റിസ് ആദ്യമായി ലോക റെക്കോർഡ് നേടുന്നത് 7–ാം വയസ്സിലാണ്. ആ പ്രായവിഭാഗത്തിൽ ലോക റെക്കോർഡ് തിരുത്തിയായിരുന്നു മോണ്ടോയുടെ തുടക്കം. 2014 മുതൽ 2020 വരെ ലോക റെക്കോർഡിന്റെ ഉടമയായിരുന്ന ഫ്രാൻസിന്റെ റെനോ ലവിനെലി ആയിരുന്നു ഡുപ്ലന്റിസിന്റെ റോൾമോഡൽ. 2020 ഫെബ്രുവരി 8ന് 20–ാം വയസ്സിൽ റെനോയുടെ ഉയരം മറികടന്ന് ആദ്യ ലോക റെക്കോർഡ് സ്വന്തമാക്കി. 6.17 മീറ്ററായിരുന്നു ആ ചാട്ടം! ഇതിന്റെ തുടർച്ചയായി 13 തവണ കൂടി ഡുപ്ലന്റിസ് റെക്കോർഡ് തിരുത്തി. ഇപ്പോൾ എത്തി നിൽക്കുന്ന ഉയരം 6.30 മീറ്റർ.
എന്തുകൊണ്ട് ഒരു സെന്റിമീറ്റർ ?
2020ൽ 6.17 മീറ്റർ ചാടി ആദ്യ ലോക റെക്കോർഡ് സ്ഥാപിച്ചപ്പോൾത്തന്നെ കഴിഞ്ഞ ദിവസം ടോക്കിയോയിൽ നേടിയ 6.30 മീറ്റർ ചാടാനുള്ള മികവ് ഡുപ്ലന്റിസിന് ഉണ്ടായിരുന്നതായി വിദഗ്ധർ പറയുന്നു. ടോക്കിയോയിൽ ലോക റെക്കോർഡ് സ്ഥാപിച്ചപ്പോൾ സമ്മാനത്തുകയ്ക്ക് പുറമേ ഒരു ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 88 ലക്ഷം രൂപ) ഡുപ്ലന്റിസിനു ലഭിച്ചത്.
14 തവണ ലോക റെക്കോർഡ് സ്ഥാപിച്ചതിലൂടെ വലിയ തുക ഡുപ്ലന്റിസ് സ്വന്തമാക്കിയിട്ടുണ്ട്. ഓരോ ഇവന്റിനും ബോണസായി പല തുകയാണ് ലഭിക്കുക. ഓരോ തവണ ലോക റെക്കോർഡ് നേടുമ്പോഴും സ്പോൺസർമാരായ പ്യൂമയുടെ ബോണസും ഡുപ്ലന്റസിനു ലഭിക്കുന്നു.
പോൾവോൾട്ടിൽ 6.40 മീറ്റർ ഉയരം കീഴടക്കുകയാണ് ഇരുപത്തഞ്ചുകാരൻ ഡുപ്ലന്റിസിന്റെ ലക്ഷ്യം. ഇനിയുള്ള 10 ഇവന്റുകൾക്കുള്ളിൽ ഈ നേട്ടം കൈവരിക്കാമെന്നാണ് ഡുപ്ലന്റിസിന്റെ കണക്കുകൂട്ടൽ.
English Summary:








English (US) ·