‘യുദ്ധത്തിനു പുറപ്പെടും മുൻപ് എതിരാളിയുടെ ശക്തിയും ബലഹീനതയും അറിഞ്ഞിരിക്കണം. അങ്ങനെയെങ്കിൽ, യുദ്ധം ആരംഭിക്കും മുൻപേ അറിയാം വിജയി ആരായിരിക്കുമെന്ന്’– വിഖ്യാത ചൈനീസ് ദാർശനികനും മിലിറ്ററി ജനറലുമായിരുന്ന സുൺ സുവിന്റെ വാക്കുകൾ പോലെയായിരുന്നു യുഎസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനൽ പോരാട്ടം.
ഇരുപത്തിരണ്ടുകാരൻ സ്പാനിഷ് താരം കാർലോസ് അൽകാരസിനു മുന്നിൽ ഇരുപത്തിനാലുകാരൻ ഇറ്റാലിയൻ താരം യാനിക് സിന്നർ റാക്കറ്റു വച്ചു കീഴടങ്ങിയ കാഴ്ച ടെന്നിസ് ആരാധകരെ അമ്പരപ്പിച്ചു കളഞ്ഞു. ഇരുവരും ഇതിനു മുൻപ് ഏറ്റുമുട്ടിയ വിമ്പിൾഡൻ ഫൈനലിൽ അൽകാരസിനെ തോൽപിക്കാൻ സിന്നർ 3 മണിക്കൂർ 6 മിനിറ്റെടുത്തെങ്കിൽ ഇത്തവണ അൽകാരസിനു മുന്നിൽ സിന്നർ അതിലും വേഗത്തിൽ കീഴടങ്ങി; വെറും 2 മണിക്കൂർ 42 മിനിറ്റിൽ പോരാട്ടം അവസാനിച്ചു!
വീണ്ടും ഒന്നാം റാങ്ക്
സ്വന്തം കുടുംബാംഗങ്ങളെ കാണുന്നതിനെക്കാൾ കൂടുതൽ തവണ ഇപ്പോൾ താൻ യാനിക് സിന്നറിനെ കാണുന്നുണ്ടെന്നായിരുന്നു മത്സരശേഷം അൽകാരസിന്റെ കമന്റ്. ഇരുവരും തമ്മിൽ ആവർത്തിച്ചുവരുന്ന പോരാട്ടങ്ങളെക്കുറിച്ചായിരുന്നു ആ പരാമർശമെങ്കിലും നല്ലരീതിയിൽ ഗൃഹപാഠം ചെയ്തു പരീക്ഷ എഴുതാൻ വന്ന കുട്ടിയുടെ ആത്മവിശ്വാസം ആ വാക്കുകളിലുണ്ടായിരുന്നു.
4 സെറ്റ് നീണ്ട ഫൈനലിൽ സിന്നറിനെ (6–2, 3–6, 6–1, 6–4) തോൽപിച്ച് തന്റെ 2–ാം യുഎസ് ഓപ്പൺ കിരീടം നേടിയ അൽകാരസിന് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്താനുമായി. 65 ആഴ്ചകൾ സിന്നർ അടക്കിഭരിച്ച ഒന്നാം സ്ഥാനമാണ് യുഎസ് ഓപ്പൺ കിരീടത്തിലൂടെ അൽകാരസ് തന്റെ കോർട്ടിലെത്തിച്ചത്. അൽകാരസിന്റെ 6–ാം ഗ്രാൻസ്‌ലാം നേട്ടമാണിത്. 2022ൽ 19–ാം വയസ്സിലായിരുന്നു അൽകാരസ് ആദ്യം യുഎസ് ഓപ്പൺ നേടിയത്.
ഹോം വർക്ക് ഫലിച്ചുജൂലൈയിൽ നടന്ന വിമ്പിൾഡൻ ഫൈനലിൽ സിന്നറിനോടു തോറ്റതിനു ശേഷം ഒരാഴ്ച വിശ്രമിക്കാൻ പോയ അൽകാരസ് തിരിച്ചെത്തിയതു പുത്തൻ ഉണർവോടെയാണ്. പരിശീലകർക്കൊപ്പമിരുന്ന് വിമ്പിൾഡനിൽ തനിക്കു സംഭവിച്ച വീഴ്ചകളും സിന്നറിന്റെ മികവും വിശകലനം ചെയ്തു.
സിന്നറിനെ വീഴ്ത്താൻ പുതിയ ഷോട്ടുകൾ കളിക്കാൻ പഠിച്ചു. മികച്ച ഗ്രൗണ്ട് സ്ട്രോക്ക്, സ്‌ലൈസ് ഷോട്ട്, ഡ്രോപ് ഷോട്ട്, ഫ്ലാറ്റർ ഡ്രൈവ് എന്നിവയുമായാണ് അൽകാരസ് ഫൈനലിൽ സിന്നറിനെ നേരിട്ടത്. അൽകാരസ് 42 വിന്നർ ഷോട്ടുകൾ പായിച്ചപ്പോൾ സിന്നറിന്റെ റാക്കറ്റിൽ നിന്നു വന്നത് 21 എണ്ണം മാത്രം. ‘‘എന്റെ മത്സരം മുൻകൂട്ടി മനസ്സിലാക്കാൻ അൽകാരസിനു കഴിഞ്ഞു’’ എന്ന സിന്നറിന്റെ മത്സരശേഷമുള്ള വെളിപ്പെടുത്തൽ ആ ഗൃഹപാഠം എത്രത്തോളം മികച്ചതായിരുന്നു എന്നതിന് അടിവരയിടുന്നു.
സിൻകാരസ് തുടരും
സിന്നറും അൽകാരസും തമ്മിലുള്ള പോരാട്ടത്തെ ‘സിൻകാരസ് പോരാട്ടം’ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ഇതുവരെ നേർക്കുനേർ കളിച്ച 15 മത്സരങ്ങളിൽ 10 വിജയവുമായി അൽകാരസാണ് മുന്നിൽ. ആദ്യം കളിച്ച 2021 പാരിസ് മാസ്റ്റേഴ്സിൽ വിജയം സിന്നറിനൊപ്പമായിരുന്നു. ഈ വർഷം 3 ഗ്രാൻസ്‌ലാം ഫൈനലുകളിൽ നേർക്കുനേർ വന്നപ്പോൾ രണ്ടിലും ജയിച്ചത് അൽകാരസ്. റോജർ ഫെഡറർ – റാഫേൽ നദാൽ കാലഘട്ടത്തിന്റെ തുടർച്ചയാവട്ടെ ‘സിൻകാരസ്’ പോരാട്ടം എന്ന് ആരാധകർ ആഗ്രഹിക്കുന്നു...
English Summary:








English (US) ·