അൽ നസ്റിനെതിരെ പൊരുതിവീണു; തോൽവിയിലും വീരചരിതമെഴുതി എഫ്സി ഗോവ

3 months ago 3

ജയിച്ചത് അൽ നസ്റാണെങ്കിലും വീരചരിതമെഴുതിയത് എഫ്സി ഗോവയാണ്. നക്ഷത പ്രഭയോടെയെത്തിയ അൽ നസ്ർ പടയെ ഗോവൻ പോരാട്ടവീര്യം തടഞ്ഞുനിർത്തിയ ചരിത്രം ഭാവിയിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർ പാടി നടക്കും. എഎഫ്സി ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് രണ്ട് മത്സരത്തിൽ അൽ നസ്റിനെതിരെ എഫ്സി ഗോവ 2-1നു തോറ്റെങ്കിലും അതിനു വിജയത്തോളം തന്നെ മധുരമുണ്ട്.

ഏയ്ഞ്ചലോ ഡമാസിനോ (10), ഹാറൂൺ കമാറ ( 26) എന്നിവരാണു സൗദി ക്ലബ്ബിന്റെ ഗോളുകൾ നേടിയത്. ഗോവയുടെ മറുപടി ഗോൾ ലോക്കൽ ഹീറോ ബൈസൺ ഫെർണാണ്ടസിലൂ ടെയായിരുന്നു (41). എഫ്സി ഗോവയ്ക്കെതിരെ അൽ നസ്റിന്റെ ഹോം മത്സരം അടുത്ത മാസം 5നാണ്. ജയത്തോടെ എഎഫ്സി ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് രണ്ടിൽ അൽ നസ്റിനു 3 മത്സരങ്ങളിൽ നിന്ന് 9 പോയിന്റായി.

പ്രതിരോധത്തിൽ കോട്ടകെട്ടി, പന്തു കിട്ടിയപ്പോഴെല്ലാം അതിവേഗ പ്രത്യാക്രമണത്തിന്റെ തിരി കൊളുത്തിയാണ് ഗോവ പിടിച്ചു നിന്നത്. മൾട്ടി സ്റ്റാർ ചിത്രം പ്രതീക്ഷിച്ചെത്തിയ കാണികൾക്ക് മുന്നിൽ അൽ നസ്ർ ആദ്യം പ്രദർശിപ്പിച്ചതു പുതുമുഖ സിനിമയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ വരാത്തതിന്റെ നിരാശ മാറാത്ത ആരാധകർക്കു വീണ്ടും നിരാശ.

സാദിയോ മാനെയും ജോവ ഫെലിക്സും കിങ്സ്ലി കോമാനുമെല്ലം ബെഞ്ചിൽ. സ്പാനിഷ് താരം ഇനിഗോ മാർട്ടിനെസും ബ്രസീലിയൻ ഗോൾ കീപ്പർ ബെന്റോയുമായിരുന്നു കളത്തിലിങ്ങിയ സൂപ്പർ താരങ്ങൾ. നക്ഷത്രങ്ങൾ പുറത്തിരുന്ന ആദ്യ പകുതിയിൽ അൽ നസ്റിനായി മിന്നിയത് ബ്രസീലിയൻ താരം ഏയ്ഞ്ചലോ ഡമസാനോയാണ്. മധ്യനിരയ്ക്കും മുന്നേറ്റത്തിനുമിടയിലെ പാലമായി മാറിയ ഇരുപതുകാരന്റെ ബൂട്ടിൽ നിന്നു തന്നെയായിരുന്നു ആദ്യ ഗോളും.

കളി തുടങ്ങിയതോടെ, തെക്കു പടിഞ്ഞാറൻ മൺസൂണിലെ മഴ പോലെ എഫ്സി ഗോവ പകുതിയിലേക്ക് അൽ നസ്റിന്റെ ആക്രമണം തുടങ്ങി. വേനൽ മഴ പോലെ ഇടയ്ക്കിടെ എഫ്സി ഗോവയുടെ പ്രത്യാക്രമണം. സന്ദേശ് ജിങ്കാനും പോൾ മൊറോനോയും കെട്ടിയ പ്രതിരോധ തടയണയിൽ തട്ടിയാണ് അൽ നസ്റിന്റെ പല മുന്നേറ്റങ്ങളും വഴി മാറിയത്. പരാജയത്തിലും തലയുയുർത്തി നിൽക്കാൻ ഗോവയ്ക്കു കരുത്തായതും പ്രതിരോധബലം തന്നെ.

English Summary:

FC Goa's Heroic Fight: Even successful Defeat, a Chapter Against Al Nassr

Read Entire Article