.jpg?%24p=19584af&f=16x10&w=852&q=0.8)
പ്രതീകാത്മക ചിത്രം, അബിൻ ജോസഫ് | Photo: Special Arrangement, Mathrubhumi
ടൊവിനോ തോമസ് നായകനായ നരിവേട്ട മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. ആക്ഷൻ ചിത്രങ്ങളും കുടുംബസിനിമകളും തിയേറ്ററിൽ ഓളംതീർക്കുമ്പോഴാണ്, മണ്ണിന്റെ കഥപറയുന്ന 'നരിവേട്ട’ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. അനുരാജ് മനോഹർ സംവിധാനംചെയ്ത സിനിമയിൽ സുരാജ് വെഞ്ഞാറമ്മൂട്, ചേരൻ, ആര്യ സലിം, പ്രിയംവദ കൃഷ്ണൻ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. കഥാകൃത്തുകൂടിയായ അബിൻ ജോസഫാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. 'കല്യാശ്ശേരി തീസിസ്’എന്ന രചനയിലൂടെ, കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരവും കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റും കരസ്ഥമാക്കിയ അബിൻ, മാധ്യമപ്രവർത്തനം ഉപേക്ഷിച്ചാണ് സിനിമയിലേക്കിറങ്ങുന്നത്.
'നരിവേട്ട' എന്ന സിനിമയുടെ കഥ മനസ്സിലേക്കെത്തുന്നത് എങ്ങനെയാണ്
ഇതിലെ നായകൻ ടൊവിനോ തോമസ് അവതരിപ്പിച്ച വർഗീസ് പീറ്റർ എന്ന കഥാപാത്രമാണ് ആദ്യം എന്റെ മനസ്സിലേക്കുവന്നത്. കുറെ സ്വപ്നങ്ങളുള്ള, എന്നാൽ വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിയുള്ളൊരാൾ. ഒരു പ്രത്യേക സാഹചര്യത്തിൽ അയാൾക്ക് ഒട്ടും ഇഷ്ടമില്ലാത്തൊരു ജോലിക്ക് കയറേണ്ടിവരുന്നു. ആ ജോലിയിലിരിക്കുമ്പോൾ അയാൾ അനുഭവിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് ആലോചിച്ചത്. ആ കഥാപാത്രത്തിനുപിന്നാലെ നടത്തിയ യാത്രയിലാണ് ഭൂസമരവും, അതിനു നിയോഗിക്കപ്പെടുന്ന ഒരു പോലീസുകാരനും എന്നനിലയിലേക്ക് കഥവരുന്നത്. മലയാളസിനിമയിൽ ഭൂസമരവും ഇങ്ങനെയുള്ള പോലീസ് ആക്ടുമൊക്കെ കണ്ടിട്ട് കുറെക്കാലമായി. 80-കളിൽ എം.ടി.യുടെയും, ടി. ദാമോദരൻ-ഐ.വി. ശശി സിനിമകളിലുമാണ് അത്തരം സംഭവങ്ങൾ കണ്ടത്. പിന്നീട് 90-കളിൽ ഷാജി കൈലാസ്-രൺജി പണിക്കർ കൂട്ടുകെട്ടിൽ കുറച്ച് പടങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ, സമീപകാലത്ത് അത്തരമൊരു മാസ് പോലീസ് ആക്ടിലുള്ള സിനിമകളൊന്നും വന്നിട്ടില്ല. അതുകൊണ്ടുകൂടിയാണ് ആ ലൈനിൽ കഥയാലോചിക്കാമെന്നു കരുതിയത്. സംവിധായകൻ അനുരാജ് മനോഹറുമായി നേരത്തേ പരിചയമുണ്ട്. ഞങ്ങൾ പല കഥകളും നേരത്തേ ആലോചിച്ചിട്ടുമുണ്ട്. ഈ കഥ അവനിഷ്ടപ്പെട്ടതോടെ ടൊവിനോയെ സമീപിക്കുകയായിരുന്നു.
മണ്ണിനെക്കുറിച്ചും മനുഷ്യരെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്, ഇങ്ങനെയൊരു വിഷയം സ്വീകരിച്ചത് ബോധപൂർവമായിരുന്നോ? ഇന്നും ഗോത്രസമൂഹത്തിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരമായിട്ടില്ല.
അരികുവത്കരിക്കപ്പെട്ട ഒരുപാട് മനുഷ്യർ നമുക്കിടയിലുണ്ട്. അവരുടെ പലപ്രശ്നങ്ങളും മുഖ്യധാരാമാധ്യമങ്ങളോ മുഖ്യധാരാസമൂഹമോ ഏറ്റെടുക്കുന്നുമില്ല. അതുകൊണ്ടുതന്നെ അത് പരിഹരിക്കപ്പെടുന്നുമില്ല. അത്തരം പ്രശ്‌നങ്ങൾ നമ്മുടെ ഭരണാധികാരികളും മാധ്യമങ്ങളും ഉൾപ്പെടെ ഏറ്റെടുക്കുകയും അതിന് ഏതെങ്കിലും തരത്തിൽ പരിഹാരം കാണുകയും വേണം. അതിനുവേണ്ടിയുള്ളൊരു ഓർമ്മപ്പെടുത്തലാണ് ഈ സിനിമയുടെ രാഷ്ട്രീയം എന്നാണ് എന്റെ വിശ്വാസം. അതിനൊപ്പം വളരെ ശക്തമായിട്ട് രാഷ്ട്രീയം പറയുന്ന സിനിമകൾ സംഭവിക്കേണ്ടതാണെന്ന ഒരു തോന്നലുംകൂടിയുണ്ടായിരുന്നു. സെൻസിറ്റീവായിട്ടുള്ള, വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടുന്ന ഒരു വിഷയമാണത്. ഇങ്ങനെയൊരു വിഷയം ഈ കാലത്ത് പറയേണ്ടതാണെന്നുള്ള വിശ്വാസവും നമുക്കുണ്ടായിരുന്നു.
ഒരു ചരിത്രസമരമാണ് അടയാളപ്പെടുത്തുന്നത്. കൊമേഴ്‌സ്യലി വിജയിക്കുമോ എന്ന സംശയമുണ്ടായിരുന്നോ
ആളുകളെ പിടിച്ചിരുത്തുന്നൊരു സിനിമയാവണം എന്ന തീരുമാനത്തിന്റെ പുറത്തുതന്നെയാണ് തിരക്കഥയെഴുതിയത്. സാമൂഹിക ഉദ്ദേശ്യങ്ങളും രാഷ്ട്രീയവുമൊക്കെ ഇതിലുണ്ട്. എങ്കിലും ഏറ്റവും പ്രധാനം കഥ ആളുകളുമായി കണക്ടാവുക, അവർക്ക് ഇഷ്ടപ്പെടുക, അവരെ ബോറടിപ്പിക്കാതിരിക്കുക എന്നതുതന്നെയാണ്. തിരക്കഥയിൽ ആദ്യംനോക്കിയ ഒരു കാര്യവും അതുതന്നെ.
ചേരൻ എങ്ങനെയാണ് സിനിമയുടെ ഭാഗമാവുന്നത്
കഥയിൽ കേരള കേഡറിലുള്ളൊരു തമിഴ് ഉദ്യോഗസ്ഥൻ വേണം. ആരുവേണമെന്ന് ഞങ്ങൾ ചർച്ചചെയ്തുവന്നപ്പോഴാണ് ചേരനിലെത്തുന്നത്. അദ്ദേഹം ഇതുവരെ പോലീസ് റോൾ ചെയ്തിട്ടില്ല. മലയാളത്തിൽ അദ്ദേഹത്തിന്റെ ആദ്യസിനിമ കൂടിയാണിത്.
Content Highlights: Narivetta writer Abin Joseph Exclusive Interview
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·