ആ കഥാപാത്രം വേട്ടയാടുന്നു, വീട്ടിലേക്ക് പോവുകയാണ്, അച്ഛനെയും അമ്മയെയും കാണണം-കലാഭവൻ മണി അന്ന് പറഞ്ഞു

7 months ago 6

kalabhavan mani and thyagarajan

കലാഭവൻ മണിയും ത്യാഗരാജനും

ഴയുള്ള ഒരു രാത്രിയിൽ മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് ത്യാഗരാജന്റെ മുറിയിലേക്ക് കലാഭവൻ മണി കടന്നുവന്നത്. വി എം വിനു സംവിധാനം ചെയ്യുന്ന 'ആകാശത്തിലെ പറവ'കളുടെ ചിത്രീകരണം ചെറുതുരുത്തിയിലും പരിസരങ്ങളിലുമായി നടക്കുന്ന കാലമായിരുന്നു അത്. ചിത്രത്തിലെ നായകൻ മണിയും വില്ലൻ ഐഎം വിജയനുമാണ്. ചെറുതുരുത്തിയിലെ ഗസ്റ്റ്ഹൗസിലാണ് മിക്കവരുടെയും താമസം. കോളിങ് ബെല്ലിന്റെ നീണ്ടശബ്ദം കേട്ട് വാതിൽ തുറന്ന ത്യാഗരാജനെ പതിവ് പൊട്ടിച്ചിരിയോടെ വാരിപ്പുണർന്നശേഷം മണി ചോദിച്ചു: 'മാസ്റ്റർ എപ്പോ വന്നു?'
'ഇന്ന് ഉച്ചയ്ക്ക്. നാളെ രാവിലെ ഫൈറ്റ് എടുക്കാമെന്ന് വിനു പറഞ്ഞിട്ടുണ്ട്.' ത്യാഗരാജൻ പറഞ്ഞു.

സിനിമയിൽ വന്നകാലം മുതൽക്കേ മണിയെക്കുറിച്ച് ത്യാഗരാജൻ കേട്ടുതുടങ്ങിയിരുന്നു. ഒന്നിച്ചു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ അഭിനയത്തിലുള്ള അപാരമായ കഴിവുകൾക്കൊപ്പം സംഘട്ടനത്തിൽ മണിയ്ക്കുള്ള അസാമാന്യ മെയ്​വഴക്കം കൂടി ത്യാഗരാജൻ മനസ്സിലാക്കിത്തുടങ്ങി. ആ ബോധ്യത്തോടെയാണ് മണിയ്ക്ക് വേണ്ടി പിന്നീട് ത്യാഗരാജൻ സംഘട്ടനം രൂപപ്പെടുത്തിയത്.

സിനിമയിൽ പുതുമുഖമായി രംഗപ്രവേശം ചെയ്ത കാലത്ത് ഷൂട്ടിങ് കഴിഞ്ഞ ഒരു സന്ധ്യയിൽ, ത്യാഗരാജനെ പരിചയപ്പെടാനായി ഒറ്റപ്പാലത്തെ അയോദ്ധ്യ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയുടെ വാതിൽ തുറന്ന് മണി ആദ്യം വന്നതും പൊട്ടിച്ചിരിയോടെയായിരുന്നു. 'മാഷേ...സിനിമ കണ്ടുതുടങ്ങിയതു മുതൽ കേൾക്കാൻ തുടങ്ങിയ പേരാണ്. സ്ക്രീനിൽ മാഷിന്റെ പേര് വരുമ്പോൾ കയ്യടിച്ചതിന് കണക്കില്ല.'ഇത്രയും പറഞ്ഞ് മണി ത്യാഗരാജന്റെ കാൽതൊട്ട് നമസ്കരിച്ചു. ആദ്യസമാഗമത്തിൽ തന്നെ മണിയോട് ത്യാഗരാജന് ഒരു സഹോദരന്നോടെന്നപോലെ വല്ലാത്തൊരു അടുപ്പം തോന്നി. പിന്നീട്, ഷൂട്ടിങ് കഴിഞ്ഞ് പല രാത്രികളിലും മണി ത്യാഗരാജന്റെ മുറിയിലെത്തി. പല ദേശങ്ങളിൽ പല ലൊക്കേഷനുകളിൽ പല ഹോട്ടലുകളിൽ ആ പൊട്ടിച്ചിരി ത്യാഗരാജൻ പിന്നെയും പിന്നെയും കേട്ടുകൊണ്ടിരുന്നു. ജീവിതത്തിന്റെ കയ്പ്പും മധുരവും കുടിച്ചിറക്കുന്ന മണിയുടെ ജീവിതത്തെ അടുത്തറിഞ്ഞ് തുടങ്ങി.

kalabhavan mani and jagathy

കലാഭവൻ മണിയും ജഗതി ശ്രീകുമാറും ആകാശത്തിലെ പറവകൾ എന്ന ചിത്രത്തിൽ

ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കാൻ വലിയ ആവേശമായിരുന്നു മണിയ്ക്ക്. 'പവർഫുൾ ഫൈറ്റ്' എന്നാണ് മണിയുടെ സംഘട്ടനത്തെ ത്യാഗരാജൻ വിശേഷിപ്പിക്കുന്നത്. ഡ്യുപ്പിനെ പരമാവധി ഒഴിവാക്കാൻ മണി ആഗ്രഹിച്ചിരുന്നെങ്കിലും ത്യാഗരാജൻ അത് പൂർണമായും സമ്മതിച്ചിരുന്നില്ല. അപ്പോഴൊക്കെ മണി പറയും 'മാസ്റ്റർ, കുട്ടിക്കാലം മുതൽ ജയൻ സാറിന്റെ ആരാധകനാണ് ഞാൻ. സാറിന്റെ സിനിമകൾ ഇപ്പോഴും എനിയ്ക്ക് ആവേശമാണ്.' എത്രവട്ടം ഈ വാക്കുകൾ മണി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ത്യാഗരാജനറിയില്ല. അത്രയേറെ ലഹരിയായിരുന്നു മണിയ്ക്ക്
ജയൻ എന്ന നടൻ.

സംഘട്ടന സംവിധായകൻ എന്ന നിലയിൽ ത്യാഗരാജൻ പറഞ്ഞുകൊടുക്കുന്ന ആക്ഷന് മുകളിൽ തന്റെതായ ചില മൂവ്മെന്റ്സും മണി നൽകിയിരുന്നു. അത് വേണ്ടെന്ന് ത്യാഗരാജൻ പറഞ്ഞില്ല. മികച്ച ഒരു ഫൈറ്റ് ആർട്ടിസ്റ്റിനെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിൽ അത്രയേറെ ചടുലവും മനോഹരവുമായിരുന്നു മണിയുടെ ഫൈറ്റ്. ഒരുപക്ഷേ, അഭിനേതാവായിരുന്നില്ലെങ്കിൽ സിനിമയിൽ മികച്ച ഒരു ഫൈറ്റർ ആകാനുള്ള കരുത്തും സാഹസികതയും മണിയിലുണ്ടായിരുന്നു വെന്നത് ത്യാഗരാജന്റെ അനുഭവം കൂടിയാണ്.

tomb of kalabhavan mani

കലാഭവൻ മണിയുടെ ചാലക്കുടിയിലെ ശവകുടീരം. ഫോട്ടോ: മധുരാജ്

ക്ലൈമാക്സ് ഫൈറ്റ് ഷൂട്ട് ചെയ്ത ദിവസം രാത്രി മണി ത്യാഗരാജന്റെ മുറിയിലെത്തി. പതിവു പൊട്ടിച്ചിരി അപ്പോഴുണ്ടായിരുന്നില്ല. സങ്കടം കലർന്ന ഒരു പുഞ്ചിരിയോടെയിരുന്ന മണിയോട് ത്യാഗരാജൻ ചോദിച്ചു. 'എന്തുപറ്റിയെടാ ?' 'ഒന്നുമില്ല മാസ്റ്റർ, എന്തോ ആ കഥാപാത്രം എന്നെ വല്ലാതെ വേട്ടയാടുന്നു. ഞാനിന്ന് വീട്ടിലേക്ക് പോകുകയാണ്.അച്ഛനെയും അമ്മയെയും കാണണം.' വേദനയോടെ മണി പറഞ്ഞു. ആ രാത്രി തന്നെ ചാലക്കുടിയിലേക്ക് പുറപ്പെടുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞാണ് പിന്നീട് ത്യാഗരാജൻ മണിയെ കാണുന്നത്. ഷൂട്ടിങ് കഴിഞ്ഞ് ആ രാത്രിയിലും മണിവന്നു. ചോദിക്കാതെ തന്നെ തന്റെ ജീവിതത്തിലെ പല ദുരിതപർവങ്ങളും ത്യാഗരാജന് മുന്നിൽ മണി തുറന്നുപറഞ്ഞു.

ദാരിദ്ര്യം പോലെ സാഹസികതയും കുട്ടിക്കാലത്തേ മണിയുടെ കൂടപ്പിറപ്പായിരുന്നു. 'ശരപഞ്ജര'ത്തിലെ ഈ ധൈര്യം എന്റെ കൂടപ്പിറപ്പാണെന്ന ജയന്റെ ഡയലോഗ് അക്കാലത്ത് മണി പലവട്ടം പറഞ്ഞു നടന്നതാണ്. പോലീസിൽ ചേരാനുള്ള ആഗ്രഹമാണ് മണിയെ എൻ സി സി യിലെത്തിച്ചത്. സ്കൂളിലെ മികച്ച എൻസിസി കേഡറ്റായിരുന്നിട്ടും പത്താം ക്ലാസ്സ്‌ കടന്നുപോവാത്തത് കാരണം മണി പൊലീസിൽ എത്തിയില്ല. പക്ഷേ, സാഹസികത അപ്പോഴും കൂട്ടിനുണ്ടായിരുന്നു. ചാലക്കുടി ഗവൺമെന്റ് ഹോസ്പിറ്റലിലെ ഇരുമ്പഴികളുള്ള ഇരുട്ട് മുറിയിൽ കിടക്കുന്ന പേയിളകിയ മനുഷ്യന്റെ അലർച്ച കുട്ടിക്കാലത്തേ മണിയിൽ വേദന പടർത്തിയിരുന്നു. ആ അനുഭവവും പറഞ്ഞവസാനിപ്പിച്ചാണ് മണി രാത്രി ത്യാഗരാജന്റെ മുറിയിൽ നിന്നിറങ്ങിയത്.

മലയാളം കടന്ന് മറുഭാഷാ ചിത്രങ്ങളിലും കലാഭവൻ മണി പ്രശസ്തനായി. ഫൈറ്റ് ചിത്രീകരണമുണ്ടാകുമ്പോൾ പലപ്പോഴും ത്യാഗരാജനും മണിയും സംഗമിച്ചു. പിന്നീട് കുറെ നാളത്തേക്ക് മണിയുടെ ഒരു വിവരവും ഉണ്ടായില്ല. ഒരു രാത്രി മണിയുടെ ഫോൺ വന്നു. 'മാഷേ... ഞാൻ ചെന്നൈ യിലുണ്ട്.' വലിയ സന്തോഷത്തോടെ കുറെ നേരം സംസാരിച്ചു. വൈകാതെ കാണാം എന്ന് പറഞ്ഞാണ് മണി ഫോൺ വെച്ചത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി മണി നിറഞ്ഞാടുകയായിരുന്നു അക്കാലം. അധികനാളുകൾ കടന്നുപോയില്ല. ഒരു രാത്രി മകൻ രവി
ആ വിവരം ത്യാഗരാജനെ അറിയിച്ചു. 'മണിച്ചേട്ടൻ പോയി.'

എങ്ങനെ എന്നുപോലും ചോദിക്കാനാവാതെ അമ്പരന്നുപോയ ത്യാഗരാജന്റെ കണ്ണുകളിൽ അപ്പോൾ മിന്നിമറഞ്ഞത് പേയിളകി ഫൈറ്റ് ചെയ്യുന്ന മണിയുടെ രൂപമായിരുന്നു. ഉറക്കം നഷ്ടപ്പെട്ട ആ രാത്രിയിൽ മണിയുടെ ഓർമ്മകൾ ത്യാഗരാജനെ വേദനിപ്പിച്ചുകൊണ്ടിരുന്നു. അപ്പോഴും മുറിയുടെ വാതിൽ തുറന്ന് ഒരു പൊട്ടിച്ചിരി ഒഴുകിവരുന്നുണ്ടെന്ന് ത്യാഗരാജന് തോന്നി.

Content Highlights: Remembering Kalabhavan Mani`s unthinkable combat scenes choreographed by Thyagarajan

ABOUT THE AUTHOR

എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article