ആ കഥാപാത്രത്തിനായി മനസ്സില്‍ കണ്ടത് ശാരദയെയായിരുന്നു, ആ വേഷം അവരും ഒരുപാട് മോഹിച്ചിരുന്നു

6 months ago 8

madhu sarada

കോഴിക്കോട്ട് നടന്ന ഒരു ചടങ്ങിൽ മധുവും ശാരദയും (Photo: കെ.കെ.സന്തോഷ് | മാതൃഭൂമി)

ഭിനയത്തില്‍ മാത്രമല്ല ജീവിതത്തിലും വ്യത്യസ്തയാണ് ശാരദ. എന്റെ സിനിമാജീവിതത്തില്‍ നിരവധി ചിത്രങ്ങളില്‍ ശാരദയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം ശാരദ നന്നായി അഭിനയിച്ചു എന്നതിനേക്കാള്‍ നന്നായി ജീവിച്ചു എന്ന തോന്നലാണുണ്ടായത്. പലപ്പോഴും അഭിനേത്രിയെന്ന നിലയിലല്ല യഥാര്‍ത്ഥജീവിതത്തിലുള്ള ഒരാളായിട്ടാണ് ശാരദയെ നമ്മള്‍ കാണുന്നത്. അതിന്റെ കാരണം അവര്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ തന്നെയാണ്. മറ്റൊരു അഭിനേത്രിയെ വെച്ച് ശാരദയുടെ കഥാപാത്രങ്ങളെ സങ്കല്പിക്കാനാവില്ല. കൃത്രിമത്വം എന്നൊന്ന് അവരുടെ അഭിനയത്തിലെവിടെയും കാണാനുമാവില്ല. എംടി വാസുദേവന്‍ നായരുടെ രചനയില്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത 'മുറപ്പെണ്ണി'ലാവാം ഞങ്ങള്‍ ആദ്യമായി ഒന്നിച്ചത്. അവിടം മുതല്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ശ്രീകുമാരന്‍ തമ്പിയുടെ 'അമ്മയ്ക്കൊരു താരാട്ട് 'വരെയുള്ള സിനിമകളിലെല്ലാം കഥാപാത്രമായി ജീവിക്കാന്‍ ശാരദയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സത്യന്‍ സാറിന്റെയും പ്രേംനസീറിന്റെയും നായികയായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശാരദ എന്റെ പല സിനിമകളിലും നായികയായത്. ആര്‍ക്കൊപ്പം അഭിനയിച്ചാലും ശാരദയുടെ കഥാപാത്രം എന്നും ഉയര്‍ന്നു നിന്നിട്ടേയുള്ളു. ഏതു കഥാപാത്രത്തിന്റെ വിജയത്തിന് പിറകിലും ഒപ്പം അഭിനയിക്കുന്നവരുടെ വലിയ സഹകരണമുണ്ടാവും. എന്റെ പല കഥാപാത്രങ്ങളും പൂര്‍ണമായതിനു പിറകില്‍, കൂടെ അഭിനയിച്ചവരുടെ വലിയ സഹകരണമുണ്ട്. അതില്‍ ശാരദയുടെ പങ്ക് എടുത്തുപറയേണ്ടത് തന്നെയാണ്.

madhu and sarada

മധുവും ശാരദയും ആഭിജാത്യത്തിൽ. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ഒരു നിമിത്തമെന്നേ പറയാനാവൂ, എങ്കിലും മികച്ച നടിക്കുള്ള ഉര്‍വശി അവാര്‍ഡ് ആദ്യവും രണ്ടാമതും ശാരദക്ക് ലഭിച്ച 'തുലാഭാര'വും 'സ്വയംവര'വും ഞാന്‍കൂടി അഭിനയിച്ച ചിത്രങ്ങളാണല്ലോ എന്നതില്‍ അഭിമാനമുണ്ട്. സി രാധാകൃഷ്ണന്റെ 'തേവിടിശ്ശി' എന്ന നോവല്‍ 'പ്രിയ'യെന്ന പേരില്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ നായികയായി ആദ്യം മനസ്സില്‍ കണ്ടിരുന്നത് ശാരദയെയായിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വളരെയധികം മോഹിച്ചിരുന്നുവെന്ന് ശാരദ ഇപ്പോഴും പറയും. പ്രിയയുടെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് 'തുലാഭാരം' റിലീസാകുന്നത്. അത് ശാരദയുടെ അഭിനയ ജീവിതത്തില്‍ ഒരുപാട് ഗുണം ചെയ്തു. തമിഴിലും തെലുങ്കിലും ശാരദ തന്നെയായിരുന്നു കരാര്‍ ഒപ്പിട്ടത്. കൂടാതെ അവര്‍ അതുവരെ കമ്മിറ്റ് ചെയ്ത പടങ്ങളുമുണ്ടായിരുന്നു. ശാരദയുടെ അന്നത്തെ തിരക്ക് കാരണം പ്രിയയിലെ നായികക്ക് വേണ്ടിയുള്ള അന്വേഷണം ഒടുവിലെത്തിയത് ലില്ലി ചക്രവര്‍ത്തിയിലാണ്. ശാരദയും അവരുടെ ബന്ധുക്കളും പങ്കാളികളായ ശാരദ സത്യാ കമ്പയിന്‍സ് നിര്‍മ്മിച്ച 'ഇതാണെന്റെ വഴി'യിലും 'ആരാധന'യിലും എനിക്കഭിനയിക്കാന്‍ കഴിഞ്ഞതും ആരാധന സംവിധാനം ചെയ്യാന്‍ കഴിഞ്ഞതും ജീവിതത്തിലെ മറ്റൊരു നിമിത്തമാണ്.

madhu sarada

മധുവും ശാരദയും ഇതാണെന്റ വഴി എന്ന ചിത്രത്തിൽ. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

'മുറപ്പെണ്ണും' 'തുലാഭാര'വും കൂടാതെ വിന്‍സെന്റ് മാഷിന്റെ 'ആഭിജാത്യം' 'ഗന്ധര്‍വക്ഷേത്രം', 'തീര്‍ത്ഥയാത്ര', പി ഭാസ്‌കരന്‍ മാഷിന്റെ 'കാക്കത്തമ്പുരാട്ടി', ശശികുമാറിന്റെ 'തെക്കന്‍കാറ്റ്', ഐവി ശശിയുടെ 'ഇതാ ഇവിടെ വരെ', 'ആരാധന', എബി രാജിന്റെ 'സൊസൈറ്റി ലേഡി', ജേസിയുടെ 'അകലങ്ങളില്‍ അഭയം' പി.ചന്ദ്രകുമാറിന്റെ 'അസ്തമയം' തുടങ്ങി ഞങ്ങളൊന്നിച്ച പല സിനിമകളും പെട്ടെന്ന് ഓര്‍മ്മയിലേക്ക് കടന്നുവരികയാണ്.

madhu sarada

മധുവും ശാരദയും ആഭിജാത്യത്തിൽ. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ഏറെക്കാലമായി ശാരദയെ കണ്ടിട്ട്. വ്യക്തി ബന്ധങ്ങള്‍ക്ക് വലിയ വില കല്പിക്കുന്ന അവരുടെ ശബ്ദം മാത്രമാണ് കുറെ നാളുകളായി ഞാന്‍ കേള്‍ക്കുന്നത്. വിശേഷ ദിവസങ്ങളിലെല്ലാം പഴയ സഹപ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിക്കാന്‍ ശാരദ മറക്കാറില്ല. അതും ആ വ്യക്തിത്വത്തിന്റെ മഹത്വമായി കാണുന്നു. ശാരദ എണ്‍പതിന്റെ നിറവിലാണെന്നറിയുന്നതില്‍ ഏറെ സന്തോഷമുണ്ട്. അഭിനേത്രിയെന്ന നിലയില്‍ ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ വലിയ സംഭാവനകള്‍ നല്‍കിയ എന്റെ സഹപ്രവര്‍ത്തകയ്ക്ക് എല്ലാ നന്മകളും നേരുന്നു.

Content Highlights: Veteran histrion Madhu reminisces astir his collaborations with legendary histrion Sharada

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article