ക്രീസിൽ ഉറപ്പിച്ച വലംകാൽ അച്ചുതണ്ടാക്കി, ഗ്രൗണ്ടിന്റെ നാനാദിക്കുകളിലേക്കും ബൗണ്ടറികൾ പായിച്ചുരസിച്ച ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ലിയേഴ്സിനെ അമ്പരപ്പോടും ആദരവോടും നോക്കിനിന്നിട്ടുണ്ട് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ. അതുപോലൊരു ബാറ്റർക്കായുള്ള അവരുടെ കാത്തിരിപ്പിന് കാലം നൽകിയ ‘മെയ്ഡ് ഇൻ ഇന്ത്യ’ മിസ്റ്റർ 360 ആയിരുന്നു സൂര്യകുമാർ യാദവ്.
ആഭ്യന്തര ക്രിക്കറ്റിൽ മികവുറ്റ പ്രകടനങ്ങൾ തുടർക്കഥയാക്കിയിട്ടും ദേശീയ ടീമിലേക്ക് ‘വൈകിവന്ന വസന്തമായിരുന്നു’ സൂര്യ. 2021ൽ, 31–ാം വയസ്സിലാണ് സൂര്യയ്ക്കു ദേശീയ ടീമിലേക്കുള്ള വാതിൽ തുറക്കുന്നത്. പലരുടെയും കരിയർ അസ്തമിച്ചു തുടങ്ങുന്ന പ്രായത്തിൽ ഉദിച്ചുയരാനായിരുന്നു സൂര്യയുടെ തീരുമാനം.
ദേശീയ ടീമിൽ അരങ്ങേറി ഒരു വർഷം പൂർത്തിയാകും മുൻപേ ട്വന്റി20 ബാറ്റർ റാങ്കിങ്ങിൽ ഒന്നാമതെത്തിയ മുംബൈ താരം, രോഹിത് ശർമയുടെ വിരമിക്കലിനു പിന്നാലെ ട്വന്റി20 ക്യാപ്റ്റനുമായി. കുട്ടി ക്രിക്കറ്റിൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റർ എന്ന മേലങ്കി പക്ഷേ, വളരെ കുറച്ചുകാലമേ സൂര്യയ്ക്ക് അണിയാൻ സാധിച്ചുള്ളൂ.
ഈ വർഷം 21 ട്വന്റി20 മത്സരങ്ങൾ കളിച്ച ഇന്ത്യൻ ക്യാപ്റ്റന് 13.68 ശരാശരിയിൽ നേടാനായത് 218 റൺസ് മാത്രം. ട്വന്റി20യിൽ സൂര്യയുടെ അവസാന അർധ സെഞ്ചറിയാവട്ടെ കഴിഞ്ഞ വർഷവും.
മിസ്റ്റർ 360നേരിട്ട ആദ്യ പന്തിൽത്തന്നെ സിക്സർ നേടിയാണ് രാജ്യാന്തര ക്രിക്കറ്റിൽ സൂര്യകുമാർ വരവറിയിച്ചത്. പിന്നീടങ്ങോട്ട് ഇന്ത്യയുടെ വിശ്വസ്തനായ ടോപ് ഓർഡർ ബാറ്ററായി സൂര്യ വളരെ പെട്ടെന്നു വളർന്നു. പേസ് ബോളർമാരുടെ വേഗം ഉപയോഗപ്പെടുത്തി, ഫൈൻ ലെഗ്, തേഡ് മാൻ, സ്ക്വയർ ലെഗ് തുടങ്ങിയ ഭാഗങ്ങളിലേക്ക് ഷോട്ടുകൾ പായിച്ചു റൺസ് കണ്ടെത്താനുള്ള കഴിവാണ് സൂര്യയ്ക്ക് മിസ്റ്റർ 360 പട്ടം നേടിക്കൊടുത്തത്.
സ്പിന്നർമാർക്കെതിരെ സ്വീപ് ഷോട്ടുകളായിരുന്നു സൂര്യയുടെ പ്രധാന ആയുധം. 2022 ഒക്ടോബറിൽ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ സൂര്യ 616 ദിവസം അവിടെത്തുടർന്നു. എന്നാൽ, കഴിഞ്ഞ 2 വർഷമായി സൂര്യയ്ക്ക് രാജ്യാന്തര ക്രിക്കറ്റിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. 2024 നവംബർ മുതലുള്ള മത്സരങ്ങൾ പരിഗണിച്ചാൽ 13.27 ആണ് സൂര്യയുടെ ബാറ്റിങ് ശരാശരി. സ്ട്രൈക്ക് റേറ്റ് 119.5.
‘വി’യിൽ വീണുസ്ക്വയർ ഓഫ് ദ് വിക്കറ്റിൽ അനായാസം റൺ നേടുന്ന സൂര്യയ്ക്ക് വി ഏരിയയിലുള്ള (ലോങ് ഓഫിനും ലോങ് ഓണിനും ഇടയിലുള്ള ഭാഗം) ദൗർബല്യം പ്രസിദ്ധമാണ്. സ്ട്രെയ്റ്റ് ബാറ്റ് ഷോട്ടുകൾക്കു പകരം കൈക്കുഴ ഉപയോഗിച്ചുള്ള ഷോട്ടുകൾ കളിച്ചാണ് ഈ ദൗർബല്യത്തെ സൂര്യ മറികടക്കാൻ ശ്രമിച്ചിരുന്നത്. എന്നാൽ സൂര്യയുടെ കരുത്ത് മനസ്സിലാക്കിയ ബോളർമാർ അദ്ദേഹത്തെ പരമാവധി ‘വി’യിൽ കളിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ സ്കോറിങ് പതിയെ കുറഞ്ഞു. സ്ട്രൈക്ക് റേറ്റിൽ വന്ന ഇടിവുണ്ടാക്കിയ സമ്മർദം സൂര്യയുടെ ഫോമിനെയും ബാധിച്ചു.
ലെങ്ത് വെല്ലുവിളിമിഡിൽ ആൻഡ് ലെഗ് സ്റ്റംപിൽ ഗാർഡ് എടുത്തു നിൽക്കുന്ന സൂര്യ, ബോളർ പന്തെറിയുന്നതു തൊട്ടുമുൻപ് ഓഫ് സ്റ്റംപ് ലൈനിലേക്ക് ഷഫിൾ ചെയ്യാറുണ്ട്. ഈ ട്രിഗർ മൂവ്മെന്റിലൂടെ തന്റെ ലെഗ് സൈഡ് തുറന്നിടാനും സ്ക്വയർ ലെഗിലേക്കും ഫൈൻ ലെഗിലേക്കും അനായാസം ഷോട്ടുകൾ പായിക്കാനും സൂര്യയ്ക്ക് സാധിക്കുന്നു.
ഇതു മനസ്സിലാക്കിയ ബോളർമാർ ഓഫ് സ്റ്റംപിനു പുറത്ത്, ഫുൾ ലെങ്തിൽ പന്തെറിഞ്ഞാണ് സൂര്യയെ കുടുക്കുന്നത്. ഇതോടെ, ഓഫ് സ്റ്റംപിനു പുറത്തുനിന്ന് പന്തുകൾ ലെഗ് സൈഡിലേക്കു ഫ്ലിക് ചെയ്യാൻ സൂര്യ നിർബന്ധിതനാകുന്നു. ഇതു ലീഡിങ് എഡ്ജിൽ, ഫീൽഡർമാരുടെ കൈകളിൽ അവസാനിക്കുകയും ചെയ്യുന്നു.
പരുക്കിൽ പതറിഈ വർഷം തുടക്കത്തിൽ, മുപ്പത്തിയഞ്ചുകാരൻ സൂര്യകുമാർ ഹെർണിയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ഇതിനു പിന്നാലെ തന്റെ 360 ഡിഗ്രി ഷോട്ടുകളിൽ പലതും സൂര്യയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു. സൂര്യയുടെ സ്വാഭാവിക ഫ്ലെക്സിബിലിറ്റി ശസ്ത്രക്രിയയോടെ നഷ്ടമായെന്നു ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നു. കൈക്കരുത്തിനെക്കാൾ ബോളിന്റെ വേഗം ഉപയോഗപ്പെടുത്തി റൺ നേടിയിരുന്ന സൂര്യയ്ക്ക്, ഇതോടെ ഷോട്ടുകളിൽ കൂടുതൽ ശക്തി നൽകേണ്ടിവന്നതായും താരത്തിന്റെ ടൈമിങ്ങിനെ ഇതു ബാധിച്ചതായും പറയപ്പെടുന്നു. ‘ഞാൻ ഔട്ട് ഓഫ് ഫോമല്ല, മറിച്ച് ഔട്ട് ഓഫ് റൺസാണ്’ എന്നായിരുന്നു മോശം ഫോമിനെക്കുറിച്ച് ചോദിച്ചപ്പോൾ സൂര്യ നൽകിയ മറുപടി. ട്വന്റി20 ലോകകപ്പ് പടിവാതിലിൽ നിൽക്കുമ്പോൾ ക്യാപ്റ്റന്റെ ഫോമും റൺസും വീണ്ടും പഴയപടി ആകണേ എന്നാണ് ആരാധകരുടെ പ്രാർഥന.
ക്യാപ്റ്റൻസി സമ്മർദംദേശീയ ടീമിന്റെ സ്ഥിരം നായകനാകുന്നതിനു മുൻപ് സൂര്യയുടെ ബാറ്റിങ് ശരാശരി 43ഉം സ്ട്രൈക്ക് റേറ്റ് 170നു മുകളിലുമായിരുന്നു. എന്നാൽ ക്യാപ്റ്റനായതോടെ ശരാശരി 17.92 ആയി കുറഞ്ഞു. സ്ട്രൈക്ക് റേറ്റ് 130കളിലേക്കു വീണു. ക്യാപ്റ്റൻസി സമ്മർദം സൂര്യയ്ക്കു തിരിച്ചടിയായെന്നു വ്യക്തം. ക്യാപ്റ്റനായതിനു പിന്നാലെ തന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായ വൺഡൗൺ യുവതാരങ്ങൾക്കായി വിട്ടുനൽകി സൂര്യ നടത്തിയ പരീക്ഷണങ്ങളും വീഴ്ചയുടെ ആക്കം കൂട്ടി.
English Summary:








English (US) ·