'ആ കാല്പാദംകൊണ്ടാണ് വി.എസ് ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്'; അനുസ്മരിച്ച് മഞ്ജു വാര്യര്‍

6 months ago 7

21 July 2025, 06:22 PM IST

manju warrier vs achhuthanandan

മഞ്ജു വാര്യർ വി.എസിനെ സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം), മഞ്ജു വാര്യർ | ഫോട്ടോ: മാതൃഭൂമി

മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് നടി മഞ്ജു വാര്യര്‍. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിന്റെ നിലപാടുകള്‍ കാലത്തിന്റെ ആവശ്യകത കൂടിയായിരുന്നുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ മഞ്ജു വാര്യര്‍ കുറിച്ചു.

'വി.എസ്.അച്യുതാനന്ദന്റെ കാല്പാദത്തില്‍ ഒരു മുറിവിന്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു. പുന്നപ്ര- വയലാര്‍ സമരത്തിന്റെ ഓര്‍മയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിന്റെ നിലപാടുകള്‍ കാലത്തിന്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി', മഞ്ജു കുറിച്ചു.

തിങ്കളാഴ്ച വൈകിട്ട് 3.20-ഓടെയായിരുന്നു വി.എസിന്റെ വിയോഗം. മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജൂണ്‍ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയവരും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയില്‍ എത്തി വി.എസിനെ സന്ദര്‍ശിച്ചിരുന്നു.

Content Highlights: Manju Warrier pays tribute to erstwhile Kerala CM VS Achuthanandan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article