ആ​ഗ്രഹിച്ചത് സം​ഗീതം, എത്തിയത് അഭിനയത്തിൽ; അരുൺ പ്രദീപ് ഇനി മോഹൻലാലിനൊപ്പം

7 months ago 10

Arun Pradeep

അരുൺ പ്രദീപ്, മോഹൻലാലിനൊപ്പം അരുൺ | ഫോട്ടോ: Instagram

സിനിമയിലെത്താനുള്ള വഴിയായി സംഗീതം തിരഞ്ഞെടുക്കുന്നു, എന്നാൽ എത്തിപ്പെട്ടത് അഭിനേതാവായി. ഇതാണ് അരുൺ പ്രദീപ്‌ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിച്ചത്. നിലവിൽ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന പടക്കളം സിനിമയിൽ ഒരു പ്രധാനവേഷം ചെയ്തിരിക്കുന്നത് അരുണാണ്. സിനിമയിലെ മുഴുനീള കഥാപാത്രത്തിന് വലിയ പ്രേക്ഷകപ്രീതിയും നേടാനായിട്ടുണ്ട്. ഏഴംകുളം പട്ടാഴിമുക്ക് സ്വദേശിയാണ് അരുൺ പ്രദീപ്‌. സ്കൂൾകാലം മുതൽ തന്നെ സിനിമയെന്ന സ്വപ്നം ഉള്ളിൽ കൊണ്ടുനടന്ന് അതിനായി കഠിനാധ്വാനം ചെയ്ത അരുണിന്, ലഭിച്ച അവസരങ്ങളെല്ലാം അപ്രതീക്ഷിതമായിരുന്നു. അരുണിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ സാമൂഹിക മാധ്യമത്തിന്റെ ശക്തിയാണ് തനിക്ക് സിനിമയിലേക്ക് വഴിതുറന്നത്.

സംഗീതത്തിൽ തുടക്കം

സിനിമയിലേക്ക് എത്താനുള്ള വഴിയായി ആദ്യം തിരഞ്ഞെടുത്തത് സംഗീതത്തെയാണ്. സ്വന്തമായി വരികൾ എഴുതി, സംഗീതം ചെയ്ത് ആൽബം ഗാനങ്ങൾ ഇറക്കി തുടങ്ങി. കൂടുതലും ഇംഗ്ലീഷ് ആൽബങ്ങളായിരുന്നു. ഇടയ്ക്ക് ഒരു ഗാനം യുഎസ് ഓൺലൈൻ റേഡിയോയിലും പ്രക്ഷേപണം ചെയ്തു. ഒപ്പം ടിക് ടോക് വീഡിയോ ക്രിയേഷനിലും സജീവമായിരുന്നു. പക്ഷേ ഇതൊന്നും അരുണിനെ സിനിമയിലേക്ക് എത്തിച്ചില്ല.

കൊറോണ കാലത്തെ സ്കെച്ച് വീഡിയോ

കൊറോണ കാലത്തിന് മുൻപ് ഓൺലൈൻ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ ഒരു മീറ്റപ്പിന് ശേഷമാണ് അരുൺ ഒന്ന് കളം മാറ്റി പിടിച്ചത്. അവിടെ സ്വന്തമായി കണ്ടന്റ് അവതരിപ്പിക്കുന്നവർക്ക്‌ ലഭിച്ച സ്വീകാര്യത മനസ്സിലാക്കി. തുടർന്ന് സ്കെച്ച് വീഡിയോസിലേക്ക് തിരിഞ്ഞു. ആദ്യം ടിക് ടോക്കിലും, പിന്നീട് യൂട്യൂബ് ഷോർട്ട്സിലും സജീവമായി. കൊറോണ സമയത്താണ് അരുണിന്റെ സ്കെച്ച് വീഡിയോകൾക്ക് വലിയ റീച്ച് ലഭിക്കുന്നത്. ഇതേസമയം കായംകുളത്ത് ഒരു സ്റ്റുഡിയോയിൽ സൗണ്ട് എൻജിനീയറായി ജോലി ചെയ്യുന്നുണ്ടായിരുന്നു. അവിടെ വെച്ചാണ് കരിക്ക് ടീമിലെ അനുവിനെ പരിചയപ്പെടുന്നത്. ആ പരിചയമാണ് പിന്നെ കരിക്കിന്റെ വീഡിയോയിലേക്ക് എത്തിച്ചതും.

മോഹൻലാലിനൊപ്പം സിനിമ

കണ്ടന്റ് വീഡിയോസ് വഴിയാണ് സാറ്റർഡേ നൈറ്റ് എന്ന സിനിമയിലേക്ക് വിളിയെത്തുന്നത്. പിന്നാലെ പേരില്ലൂർ പ്രീമിയർ ലീഗ്, ലവ്‍ലി, ഒറിജിനൽ എന്നീ ചിത്രങ്ങളും ലഭിച്ചു. പടക്കളം അഞ്ചാമത്തെ ചിത്രമാണ്. ഹൃദയപൂർവ്വം സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് അരുൺ ഇപ്പോൾ. ഇനി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കാൻ പോകുന്നത്. കൊടുമൺ നാഗാർജുന ആയുർവേദയിലെ ഡോ. ആർ. പ്രദീപിന്റെയും കൈപ്പട്ടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക ആർ. ബിന്ദുവിന്റെയും മകനാണ് അരുൺ. ഭാര്യ: ധന്യ ധനപാലൻ. സഹോദരി: നമിത പ്രദീപ്‌.

Content Highlights: Arun Pradeep`s travel from euphony to acting, landing a relation successful `Padakalam` and collaborating with Mo

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article