ആ​ഗ്രഹിച്ചപോലെയല്ല അവസാനിച്ചത്, ഏറ്റെടുത്ത ജോലി പൂർത്തിയാക്കാൻ തിരികെ വരും; IPL പരാജയത്തിൽ പ്രീതി

7 months ago 8

Preity Zinta

പ്രീതി സിന്റ | ഫോട്ടോ: AFP

പിഎൽ ഫൈനലിൽ തന്റെ ടീമായ പഞ്ചാബ് കിങ്സിന് കിരീടം നഷ്ടമായതിനുശേഷം മൗനം വെടിഞ്ഞ് ടീമിന്റെ സഹ ഉടമയും നടിയുമായ പ്രീതി സിന്റ. പഞ്ചാബ് കിങ്സിനെ സംബന്ധിച്ചിടത്തോളം ഈ സീസൺ അദ്വിതീയമായിരുന്നെന്ന് അവർ പറഞ്ഞു. ടൂർണമെന്റ് താൻ ആഗ്രഹിച്ച രീതിയിൽ അവസാനിച്ചില്ലെന്ന് സമ്മതിച്ച പ്രീതി, ഈ യാത്ര ഗംഭീരമായിരുന്നുവെന്ന് പറഞ്ഞു. തുടങ്ങിവെച്ച കാര്യം പകുതിയായതേയുള്ളൂ. അത് പൂർത്തിയാക്കാൻ തിരികെ വരുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അവർ പറഞ്ഞു.

ഇത്തവണത്തെ ഐപിഎൽ ആവേശകരവും വിനോദപ്രദവും പ്രചോദനാത്മകവുമായിരുന്നെന്ന് പ്രീതി സിന്റ പറഞ്ഞു. പഞ്ചാബ് കിം​ഗ്സ് ആരാധകർക്കിടയിൽ സർപഞ്ച് സാബ് എന്ന് വിശേഷണമുള്ള ടീം ക്യാപ്റ്റൻ ശ്രേയസ് അയ്യരെ അവർ പ്രത്യേകം അഭിനന്ദിച്ചു. പഞ്ചാബിന്റെ യുവ ടീം ടൂർണമെന്റിലുടനീളം കാണിച്ച പോരാട്ടവും ധീരതയും ഏറെ ഇഷ്ടപ്പെട്ടു. ക്യാപ്റ്റൻ സർപഞ്ച് എങ്ങനെ മുന്നിൽനിന്ന് നയിച്ചുവെന്നും ഇന്ത്യൻ അൺക്യാപ്ഡ് കളിക്കാർ ഈ ഐപിഎൽ എങ്ങനെയാണ് അടക്കിവാണതെന്നതും അഭിമാനിക്കാവുന്ന കാര്യമാണെന്നും അവർ പറഞ്ഞു.

"പരിക്കുകൾ ഉൾപ്പെടെയുള്ള കാരണങ്ങൾകൊണ്ട് പ്രധാന കളിക്കാരെ നഷ്ടപ്പെട്ടെങ്കിലും ഞങ്ങൾ റെക്കോർഡുകൾ തകർത്തു. ടൂർണമെന്റിൽ ഒരു ഇടവേളയ്ക്ക് സാക്ഷ്യം വഹിച്ചു. ഹോം ഗെയിമുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റി. ഒരു സ്റ്റേഡിയം ഒഴിപ്പിച്ചു. ഞങ്ങൾ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. ഒരു ദശാബ്ദത്തിന് ശേഷം പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ആവേശകരമായ ഫൈനലിൽ അവസാനം വരെ പോരാടി. ടൂർണമെന്റിലുടനീളം ഇത്രയധികം വ്യക്തിത്വം കാത്തുസൂക്ഷിച്ച പഞ്ചാബ് കിംഗ്‌സിലെ ഓരോ കളിക്കാരിലും ഞാൻ അഭിമാനിക്കുന്നു. അവർക്കും ഞങ്ങളുടെ സപ്പോർട്ട് സ്റ്റാഫിനും, അവിശ്വസനീയമായ ഒരു സീസൺ സമ്മാനിച്ചതിന് പഞ്ചാബ് കിം​ഗ്സിലെ എല്ലാവർക്കും ഒരു വലിയ നന്ദി."

"എല്ലാറ്റിലുമുപരിയായി, ഞങ്ങളോടൊപ്പം നല്ലതും ചീത്ത സമയങ്ങളിലും നിലകൊണ്ട ഞങ്ങളുടെ ഷേർ സ്ക്വാഡിന് - ഞങ്ങളുടെ ആരാധകർക്ക് ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങൾ ആരാണ്, ഞങ്ങൾ എത്രത്തോളം എത്തിയിരിക്കുന്നു എന്നതെല്ലാം നിങ്ങൾ കാരണമാണ്. ഏറ്റെടുത്ത ജോലി പൂർത്തിയാക്കാൻ ഞങ്ങൾ തിരിച്ചുവരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. കാരണം, ഇപ്പോൾ ജോലി പകുതി മാത്രമാണ് പൂർത്തിയായിരിക്കുന്നത്. അടുത്ത വർഷം സ്റ്റേഡിയത്തിൽ കാണാം. അതുവരെ, എല്ലാവരും ശ്രദ്ധിക്കുകയും സുരക്ഷിതരായിരിക്കുകയും ചെയ്യുക." പ്രീതി കുറിപ്പ് അവസാനിപ്പിക്കുന്നതിങ്ങനെ.

അഹമ്മദാബാദിൽ രണ്ടുദിവസം മുൻപ് നടന്ന ഐപിഎൽ ഫൈനലിൽ ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സും പഞ്ചാബ് കിം​ഗ്സുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. മത്സരത്തിൽ ആറ് റൺസിനാണ് പഞ്ചാബിനെ തോൽപ്പിച്ച് ബെം​ഗളൂരു വിജയകിരീടം സ്വന്തമാക്കിയത്. 18 വർഷം നീണ്ട ഐപിഎൽ ചരിത്രത്തിൽ ബെം​ഗളൂരുവിന്റെ ആദ്യത്തെ ഐപിഎൽ കിരീടമായിരുന്നു ഇത്.

Content Highlights: Preity Zinta reacts to Punjab Kings` IPL last loss, praising the team`s spirit

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article