15 May 2025, 03:11 PM IST

പ്രതീകാത്മക ചിത്രം | Photo: Screen grab/ YouTube: Sony Music South, Facebook: Mohanlal
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത 'തുടരും' പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചും പഴയവ തിരുത്തിയും തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരള ബോക്‌സ് ഓഫീസില്‍നിന്ന് മാത്രം 100 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി 'തുടരും' മാറിയിരുന്നു. ആഗോളകളക്ഷനില്‍ ചിത്രം 200 കോടി പിന്നിടുകയും ചെയ്തു. ഇതിനിടെ മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ പ്രഖ്യാപനം വന്നിരിക്കുകയാണ്. 'തുടരും' പ്രൊമോ സോങ് 'കൊണ്ടാട്ടം' ഇനി തീയേറ്ററുകളിലുണ്ടാവുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
'ആഘോഷങ്ങള്‍ തുടരാന്‍ നാളെമുതല്‍ തീയേറ്ററുകളില്‍ കൊണ്ടാട്ടം', എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ പാട്ടിന്റെ തീയേറ്റര്‍ റിലീസ് അറിയിച്ചത്. പ്രഖ്യാപനം ആരാധകര്‍ ഇരുകൈയുംനീട്ടിയാണ് സ്വീകരിച്ചത്. 'എന്നാല്‍ പിന്നെ ഒരുവട്ടം കൂടെ കണ്ടിട്ടുതന്നെ കാര്യം', എന്നാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് കമന്റുകള്‍ ഏറെയും. വെള്ളിയാഴ്ച മുതല്‍ പാട്ട് ചിത്രത്തിനൊപ്പം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. അതേസമയം, പാട്ട് ചിത്രത്തിന്റെ ഏത് ഭാഗത്താണ് തീയേറ്ററില്‍ അവതരിപ്പിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല.
റിലീസിന് മുമ്പേ തന്നെ ചിത്രത്തിലെ പ്രൊമോ സോങ്ങിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ മൂഡില്‍നിന്ന് തികച്ചും വ്യത്യസ്തമായ പാട്ട് ഏറെക്കഴിഞ്ഞാണ് പുറത്തിറക്കിയത്. ഏപ്രില്‍ 25-ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രൊമോ സോങ് ഏപ്രില്‍ 30-നാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം നല്‍കി എം.ജി. ശ്രീകുമാറും രാജാലക്ഷ്മിയും ചേര്‍ന്ന് പാടിയ പാട്ടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ബ്രിന്ദ ഗോപാലിന്റെ കോറിയോഗ്രാഫിയില്‍ മോഹന്‍ലാലിന്റേയും ശോഭനയുടേയും ചടുലമായ നൃത്തച്ചുവടുകളാണ് പാട്ടിന്റെ മുഖ്യആകര്‍ഷണം. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, ഗായകന്‍ എം.ജി. ശ്രീകുമാര്‍, സംഗീതസംവിധായകന്‍ ജേക്‌സ് ബിജോയ് എന്നിവരും പാട്ടില്‍ നൃത്തചുവടുകളുമായി പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റേയും ശോഭനയുടേയും കഥാപാത്രങ്ങളുടെ മക്കളുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച തോമസ് മാത്യവും അമൃതവര്‍ഷിണിയും ഗാനരംഗത്തിലുണ്ടായിരുന്നു. പാട്ടിന് സാമൂഹികമാധ്യമങ്ങളിലും ആഘോഷപരിപാടികളിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
Content Highlights: Mohanlal's Thudarum promo opus `Kondattam` hits theaters!
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·