ആ ചരിത്രനേട്ടത്തിന് അമ്പതാണ്ടായി, പക്ഷേ ആരോർക്കുന്നു ആ  സുവർണ താരങ്ങളെ?

10 months ago 7

കാപ്പിച്ചെടികളായിരുന്നു ഞങ്ങളുടെ "ഗാലറി.'' കിടപ്പുമുറിയുടെ ജനാല തുറന്നിട്ടാൽ തൊട്ടുമുന്നിൽ കാണുന്ന രണ്ട് ചെടികൾ. പൂത്തുനിന്ന ആ ചെടികൾക്ക് മുകളിൽ കൊത്തിപ്പിടിച്ചുകയറി, ദുർബലമായ അവയുടെ കൊമ്പുകളിൽ കാൽ പിണച്ചിരുന്ന് ഇന്ത്യൻ ഹോക്കി ടീമിന്റെ ഐതിഹാസിക വിജയത്തിന് കാതോർത്തു ഞങ്ങൾ - സ്‌കൂൾ കുട്ടികളായ ഞാനും എന്റെ അനിയനും.

മുറിയ്ക്കകത്ത് ഇടതടവില്ലാതെ ചിലച്ചു കൊണ്ടിരുന്ന ഫിലിപ്സ് ട്രാൻസിസ്റ്ററിലൂടെ ആകാശവാണിയുടെ കമന്റേറ്റർ ജസ്ദേവ് സിംഗ് ഗർജിക്കുന്നു: "ഔർ യേ ഫ്രീ ഹിറ്റ് മിലാ പച്ചീസ് ഗജ്‌ കി ദൂരി സേ ദായേ ഫ്ലാങ്ക് പർ പാകിസ്താൻ കേ ഇഫ്തിഖർ കോ. ഔർ യേ ഹിറ്റ് ലഗായാ, അബ് ഗേന്ത് അക്തർ റസൂൽ കേ പാസ്. ഗേന്ത് ഭാരത് കേ ഡി മേ ബായേ ഓർ സേ ജഹാം ചൗകന്നി ഹേ പൂരി ടീം. ഔർ അജിത്പാൽ നേ ഖുബ്‌സൂരതി സേ ഗേന്ത് അപ്നേ ഡി സേ ബാഹർ കർ ദി. ഔർ യേ ഖേൽ കദം....''

കേൾക്കേണ്ട താമസം ഞങ്ങൾ ഗാലറിയിൽ നിന്ന് ഒറ്റക്കുതിപ്പിന് താഴേക്ക്... കാതടപ്പിക്കുന്ന ആരവങ്ങൾക്ക് മുകളിലൂടെ ജസ്ദേവ് സിംഗിന്റെ അട്ടഹാസം വീണ്ടും: "ലംബി സീട്ടീ ബജ് ഗയീ ഔർ ഇസ്കെ സാഥ് ഹി ഭാരത് നേ ദൂസ്‌രാ വിശ്വ കപ്പ് ഹോക്കി കാ ഖീതാബ്‌ ജീത് ലിയാ.... ശാബാശ്...."

ആ അവസാനത്തെ "ശാബാശി"നെ വെറുതെ വിട്ടില്ല ഞങ്ങൾ. പിന്നാലെ കുതിച്ചോടി കോറസ് പോലെ അതിൽ പങ്കുചേർന്നു. ജസ്ദേവ് നിർത്തിയിട്ടും ഞങ്ങളുടെ ശാബാശ് തീർന്നില്ല. "എന്താ അവിടെ ഒരു ഒച്ചയും വിളിയും'' എന്ന് അച്ഛൻ ഉറക്കെ വിളിച്ചു ചോദിക്കും വരെ തുടർന്നു ആ ആർപ്പുവിളി.

പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ചരിത്രത്തിലാദ്യമായും അവസാനമായും ലോക ചാമ്പ്യന്മാരായ ആ ദിനം - 1975 മാർച്ച് 15 - എങ്ങനെ മറക്കാൻ? രോമാഞ്ചമുണർത്തുന്ന ഓർമ്മയാണ് കോലാലംപൂരിൽ നടന്ന ആ ഫൈനൽ; എനിക്ക് മാത്രമല്ല, അന്ന് ആ മത്സരം "കേൾക്കാൻ'' റേഡിയോക്ക് മുന്നിൽ തപസ്സിരുന്ന ഓരോ ഇന്ത്യക്കാരനും. അര നൂറ്റാണ്ടിനിപ്പുറവും കാതുകളിൽ അലയടിക്കുന്നു ആകാശവാണിയിലൂടെ തരംഗമാലകളായി ഒഴുകിവന്ന ജസ്ദേവിന്റെ ശബ്ദം. മികച്ച ക്രിക്കറ്റ് കമന്റേറ്റർ കൂടി ആയിരുന്നെങ്കിലും ജസ്ദേവ് സിംഗിനെ എന്നും ഓർക്കുക ലോകകപ്പ് ഹോക്കി ഫൈനലിന്റെ പേരിലാകും.

"വീർപ്പടക്കി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. ശ്വാസം വീണ്ടെടുത്തത് താങ്കളുടെ വാക്കുകൾ കേട്ടപ്പോഴാണ്.'' - ആവേശകരമായ ആ കലാശമത്സരത്തിന്റെ ദൃക്‌സാക്ഷി വിവരണം റേഡിയോയിൽ കേട്ട് തരിച്ചിരുന്ന കോടിക്കണക്കിന് ഇന്ത്യക്കാരിൽ ഒരാളായിരുന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പിന്നീട് ജസ്ദേവിനോട് പറഞ്ഞു. 2018 ലായിരുന്നു ജസ്ദേവിന്റെ വേർപാട്.

അജിത് പാൽ സിങ്. ഫോട്ടോ: എസ്.എൽ. ആനന്ദ്

അജിത്പാൽ സിംഗ് നയിച്ച അന്നത്തെ ഇന്ത്യൻ ടീമിന്റെ ലൈനപ്പ് പോലും ഇന്നും മനഃപാഠം: ലെസ്ലി ഫെർണാണ്ടസ്, സുർജിത് സിംഗ്, മൈക്കൽ കിൻഡോ, അസ്‌ലം ഷേർഖാൻ, മൊഹിന്ദർ സിംഗ്, ബി പി ഗോവിന്ദ, അശോക് കുമാർ, ശിവാജി പവാർ, ഓങ്കാർ സിംഗ്, ഫിലിപ്സ്, വരീന്ദർ സിംഗ്, ഹർചരൺ സിംഗ്, ഹർജീന്ദർ, കാളയ്യ...

മുഹമ്മദ് സാഹിദിലൂടെ പതിനേഴാം മിനിറ്റിൽ പാകിസ്താൻ ലീഡ് നേടിയപ്പോൾ അതുവരെ ആർത്തലച്ചിരുന്ന ഞാനും അനിയനും മൂകരായി. കുലുങ്ങിക്കൊണ്ടിരുന്ന കാപ്പിച്ചെടി ഗാലറി അതോടെ നിശ്ചലമായി.

വീണ്ടുമത് ഇളകിത്തുടങ്ങിയത് നാല്പത്തിനാലാം മിനിറ്റിലാണ്. സുർജിത് സിംഗ് ഇന്ത്യക്ക് വേണ്ടി സമനില വരുത്തിയപ്പോൾ. ഏഴു മിനിട്ടിനു ശേഷം അശോക് കുമാറിന്റെ ഒരു ഹിറ്റ് പോസ്റ്റിൽ തട്ടി വലയിൽ ചെന്നൊടുങ്ങിയതോടെ ആ കുലുക്കം പൊട്ടിത്തെറിയായി മാറി. "ടാ സൂക്ഷിച്ചിരുന്നോ, വീഴും'' എന്ന് അനിയന് മുന്നറിയിപ്പ് കൊടുക്കേണ്ടി വന്നു എനിക്ക്.

അവസാന നിമിഷങ്ങളിൽ ഒന്നുകൂടി ബേജാറായി ഞങ്ങൾ. പറക്കും കുതിര എന്നറിയപ്പെട്ടിരുന്ന പാക് വിംഗർ സമിയുള്ളാ ഖാന്റെ തീപാറുന്ന ഹിറ്റ് നേരെ ഇന്ത്യൻ പോസ്റ്റിലേക്ക്. എന്തും സംഭവിക്കാം. പൊടുന്നനെ ആരവങ്ങളാൽ മുഖരിതമാകുന്നു അന്തരീക്ഷം. ഒന്നും കേൾക്കാൻ വയ്യ. ഹൃദയമിടിപ്പ് ഇരട്ടിയാകുന്നു. നിമിഷങ്ങൾക്കകം എല്ലാ ആശങ്കകളും കാറ്റിൽ പറത്തിക്കൊണ്ട് ജസ്ദേവ് പ്രഖ്യാപിക്കുന്നു: ഒന്നും സംഭവിച്ചില്ല. പന്ത് സമർത്ഥമായി ബ്ലോക്ക് ചെയ്തിരിക്കുകയാണ് ഗോൾക്കീപ്പർ ലെസ്ലി ഫെർണാണ്ടസ്.

ജീവൻ പണയപ്പെടുത്തിക്കൊണ്ടാണ് പന്തിൽ ചാടിവീണതെന്ന് പിന്നീടൊരു അഭിമുഖത്തിൽ ലെസ്ലി പറഞ്ഞു. ദൈവസാന്നിധ്യം തൊട്ടറിഞ്ഞ നിമിഷം. നന്ദിസൂചകമായി തനിക്ക് ലഭിച്ച ലോകകപ്പ് മെഡൽ വീട്ടിനടുത്തുള്ള ദേവാലയത്തിന് സമർപ്പിച്ചു ലെസ്ലി.

ചരിത്രത്തിന്റെ ഭാഗമായ ആ ഫൈനലിൽ ഇന്ത്യക്ക് വേണ്ടി കളിച്ച പലരെയും പിന്നീട് നേരിൽ കണ്ടു സംസാരിച്ചിട്ടുണ്ട്. "ട്രോഫിയുമായി വന്നപ്പോൾ രാജകീയ സ്വീകരണമായിരുന്നു ഞങ്ങൾക്ക്. ചെന്നിടത്തെല്ലാം പൂമാലയും പൂച്ചെണ്ടും ജിലേബിയും. രാജ് കപൂർ മുൻകൈയെടുത്ത് ചാമ്പ്യൻ ടീമും ബോളിവുഡ് താരങ്ങളുടെ ഇലവനും തമ്മിലൊരു പ്രദർശന മത്സരം വരെ സംഘടിപ്പിച്ചു. പക്ഷേ ആ സ്വപ്നം അധികം നീണ്ടില്ല. താമസിയാതെ ഞങ്ങളെ എല്ലാവരും മറന്നു. ഹോക്കിക്ക് വേണ്ടി ജീവിച്ചു എന്നതാണോ ഞങ്ങൾ ചെയ്ത കുറ്റം?''- ജാർഖണ്ഡിലെ ആദിവാസിസമൂഹത്തിൽ നിന്ന് ആദ്യമായി ലോകകപ്പ് കളിച്ച മൈക്കൽ കിൻഡോയുടെ വാക്കുകൾ.

അശോക് കുമാർ. ഫോട്ടോ: PTI

ടാക്ലിംഗിലും ഡോഡ്ജിംഗിലും അദ്വിതീയനായ കിൻഡോയെ 2010 ലെ ഡൽഹി ലോകകപ്പ് വേദിക്ക് പുറത്ത് സെക്യൂരിറ്റിക്കാർ തടഞ്ഞുവെച്ചത് വാർത്തയായിരുന്നു. ഇന്ത്യയുടെ പഴയ ലോകകപ്പ് ഹീറോയെ ആരും തിരിച്ചറിഞ്ഞുപോലുമില്ല. ആവർത്തിച്ചു പറഞ്ഞിട്ടും ആരും വിശ്വസിച്ചുമില്ല. അവസാനനാളുകളിൽ വിഷാദരോഗത്തിന് അടിപ്പെട്ട കിൻഡോ അഞ്ചു വർഷം മുൻപൊരു ഡിസംബറിലാണ് മരണത്തിന് കീഴടങ്ങിയത്. "ഞങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അന്വേഷിക്കാറില്ല ആരും.''- ഇന്ത്യയുടെ വിജയഗോൾ നേടിയ അശോക് കുമാർ - ഇതിഹാസതാരമായ ധ്യാൻചന്ദിന്റെ മകൻ - ഒരിക്കൽ പറഞ്ഞു.

അന്നത്തെ ചാമ്പ്യൻ ടീമിലെ അഞ്ചു പേർ ഇന്നില്ല. ആദ്യം യാത്രയായത് മൊഹീന്ദർ സിംഗ്. കപ്പ് നേടി രണ്ടു വർഷം കൂടിയേ മൊഹീന്ദർ ജീവിച്ചിരുന്നുള്ളൂ. 1984 ൽ ഒരു കാറപകടത്തിലായിരുന്നു ഫൈനലിലെ മിന്നും താരമായ സുർജിത്തിന്റെ വിയോഗം. മൈക്കൽ കിൻഡോ, ശിവാജി പവാർ, വരീന്ദർ, മൊഹീന്ദർ എന്നിവരും ഇന്ന് ഓർമ്മ. മറ്റുള്ളവർ പ്രായാധിക്യത്തിന്റെ അവശതകളുമായി ഒതുങ്ങിക്കൂടുന്നു.

കാലം മാറി; ഹോക്കിയും. പക്ഷേ, ജസ്ദേവ് സിംഗിന്റെ ആർപ്പുവിളി ഇപ്പോഴുമുണ്ട് കാതിൽ; "ഗാലറി"യുടെ കുലുക്കവും. ചില ഓർമ്മകൾക്ക് മരണമില്ലല്ലോ.

Content Highlights: 1975 Hockey World Cup India Hockey Jasdev Singh Ajitpal Singh Leslie Fernandes Surjit Singh

ABOUT THE AUTHOR

ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്

More from this author

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article