
സൂര്യകുമാർ യാദവും ശിവം ദുബെയും | AP
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരായ മത്സരശേഷം താരങ്ങള്‍ക്ക് കൈകൊടുക്കാന്‍ വിസമ്മതിച്ചതില്‍ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. തങ്ങൾ കളിക്കാൻ മാത്രമാണ് വന്നതെന്നും തക്കതായ മറുപടി നൽകിയെന്നും സൂര്യകുമാർ വിശദീകരിച്ചു. അതേസമയം ബിസിസിഐയുമായും കേന്ദ്രസർക്കാരുമായും ചേർന്നാണ് തങ്ങൾ നിൽക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പാക് താരങ്ങളുമായി ഹസ്തദാനം വേണ്ടെന്ന തീരുമാനം ഉന്നതതലത്തിൽ നിന്ന് ടീമിന് ലഭിച്ചതായാണ് സൂചന.
മത്സരത്തിന്റെ ടോസ് സമയത്തും സൂര്യകുമാര്‍ പാക് നായകന് കൈകൊടുത്തിരുന്നില്ല. പരസ്പരം ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്. ഏഷ്യാകപ്പ് തുടങ്ങുന്നതിനുമുന്‍പ് ടീം ക്യാപ്റ്റന്‍മാരെല്ലാം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും വേദിയില്‍വച്ച് സൂര്യയും ആഗയും ഹസ്തദാനം നല്‍കിയിരുന്നില്ല.
കളിക്കാൻ വേണ്ടി മാത്രം വന്നതുകൊണ്ട് ഞങ്ങൾ ഇത്തരമൊരു നിലപാടെടുത്തു. തക്കതായ മറുപടിയും നൽകി. ബിസിസിഐയുമായും കേന്ദ്രസർക്കാരുമായും ചേർന്നാണ് നിൽക്കുന്നതെന്നും സൂര്യകുമാർ മത്സരശേഷം പറഞ്ഞു. എന്നാൽ ഈ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയമായ പ്രേരണയുണ്ടോ എന്ന ചോദ്യത്തിന് ജീവിതത്തിലെ ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിനേക്കാൾ വലുതാണെന്നാണ് സൂര്യകുമാർ മറുപടി നൽകിയത്. ഇക്കാര്യം ഞാൻ സമ്മാനദാന ചടങ്ങിലും പറഞ്ഞിരുന്നു. പഹൽഗാം ഭീകരാക്രമണത്തിലെ എല്ലാ ഇരകൾക്കൊപ്പവും ഞങ്ങൾ നിലകൊള്ളുന്നു. - സൂര്യകുമാർ പറഞ്ഞു.
അവരുടെ കുടുംബങ്ങൾക്കൊപ്പവും ഞങ്ങൾ നിലകൊള്ളുന്നു. ഞങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഞാൻ പറഞ്ഞതുപോലെ, ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത നമ്മുടെ ധീരരായ സായുധ സേനാംഗങ്ങൾക്കായി ഞങ്ങൾ ഈ വിജയം സമർപ്പിക്കുന്നു. അവർ ഞങ്ങളെ പ്രചോദിപ്പിക്കുന്നത് പോലെ, അവസരം ലഭിക്കുമ്പോഴെല്ലാം സാധ്യമെങ്കിൽ അവരെയും പ്രചോദിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. - അദ്ദേഹം പറഞ്ഞു.
മത്സരശേഷം പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അത് ശ്രദ്ധിച്ചതേയില്ല. സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. എന്നാല്‍ ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങുകയായിരുന്നു.
മത്സരശേഷമുള്ള ബ്രോഡ്കാസ്റ്റർ പ്രസന്റേഷൻ പാക് നായകൻ സൽമാൻ അഗ ഒഴിവാക്കുകയും ചെയ്തു. തങ്ങൾ ഹസ്തദാനത്തിനായി കാത്തിരുന്നുവെന്നും ഇന്ത്യയുടെ നടപടി നിരാശപ്പെടുത്തിയെന്നും പാക് പരിശീലകൻ പ്രതികരിച്ചു.
Content Highlights: suryakumar yadav effect connected nary handshake pak players asia cupful match








English (US) ·