'ആ തൊപ്പിയിൽ ഒരു ഓട്ടോ​ഗ്രാഫ് ഒപ്പിട്ട് തരാമോ?'; 13-കാരൻ റേസിങ് താരത്തെ അമ്പരപ്പിച്ച് അജിത്

4 months ago 5

Ajith and Jaden

അജിത്തും ജേഡൻ ഇമ്മാനുവലും | ഫോട്ടോ: www.instagram.com/jadenimmanuel91/

കുറച്ചുകാലമായി സിനിമയുടെ തിരക്കുകളിൽനിന്നെല്ലാം മാറി റേസിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് തമിഴ് സൂപ്പർതാരം അജിത് കുമാർ. ജർമനിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. അജിത്തിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് ഇന്ത്യയിൽ നിന്നുള്ള 13 വയസ്സുകാരനായ മോട്ടോ ജിപി റേസിങ് പ്രതിഭ ജേഡൻ ഇമ്മാനുവൽ എഴുതിയ കുറിപ്പ് ശ്രദ്ധനേടുകയാണ്.

ഏറ്റവും മികച്ച നിമിഷങ്ങളിലൊന്ന് എന്നാണ് ജേഡൻ അജിത്തുമായുള്ള കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. വിജയം സ്വന്തമാക്കിയ മത്സരത്തിനുശേഷം താൻ ധരിച്ച തൊപ്പി അജിത്തിന് സമ്മാനിച്ചെന്നും ജേഡൻ പറഞ്ഞു. ഇത് മത്സരത്തിൽ വിജയിച്ച തൊപ്പിയാണോ എന്ന് അദ്ദേഹം ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോൾ കയ്യിൽ സൂക്ഷിക്കാൻ വേണ്ടി തീയതി വെച്ച് ഒപ്പിട്ടു നൽകാമോ എന്ന് അദ്ദേഹം ഉടൻ ചോദിച്ചു. ഇന്ത്യൻ സിനിമയിലെ ഒരു സൂപ്പർതാരത്തിൽ നിന്നുള്ള എത്ര വിനയവും ദയയും നിറഞ്ഞ പെരുമാറ്റമാണിതെന്നും ജേഡൻ പറഞ്ഞു.

"അദ്ദേഹവുമായുള്ള സംഭാഷണം ചെറുതായിരുന്നെങ്കിലും മികച്ചതായിരുന്നു. നല്ല ഓർമ്മകൾ സമ്മാനിച്ചു. നമുക്ക് മോട്ടോർസ്പോർട്സിനെയും ലോക മോട്ടോർസ്പോർട്സ് വേദിയിലെ യുവപ്രതിഭകളെയും പ്രോത്സാഹിപ്പിക്കാം." ജേഡൻ കൂട്ടിച്ചേർത്തു. ജർമ്മനിയിലെ നർബർഗ്രിംഗ് സർക്യൂട്ടിൽ വെച്ച് അജിത്തും ജേഡനും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു.

തമിഴ്നാട്ടിൽ നിന്നുള്ള യുവപ്രതിഭയായ ജേഡൻ ഇമ്മാനുവൽ, നിലവിൽ ജർമ്മനിയിൽ നടക്കുന്ന FIM MiniGP 190, ADAC മിനിബൈക്ക് കപ്പ് എന്നിവയിൽ മത്സരിക്കുന്നതിനൊപ്പം സ്പെയിനിൽ പരിശീലനവും നേടുന്നുണ്ട്. മോട്ടോ ജിപിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നാണ് ജേഡന്റെ ആഗ്രഹം. രണ്ട് ചാമ്പ്യൻഷിപ്പുകളിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ സീസൺ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

അജിത് അടുത്തിടെ ഇറ്റലിയിലെ മിസാനോ വേൾഡ് സർക്യൂട്ടിൽ നടന്ന GT4 യൂറോപ്യൻ സീരീസ് റേസിൽ പങ്കെടുത്തിരുന്നു. അവിടെ അദ്ദേഹം ഒരു വലിയ അപകടത്തിൽപ്പെട്ടെങ്കിലും പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. ​ഗുഡ് ബാഡ് അ​ഗ്ലിക്കുശേഷം ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അദ്ദേഹം ഇനി വേഷമിടുക.

Content Highlights: Superstar Ajith Kumar met 13-year-old MotoGP racer Jaden Immanuel successful Germany

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article