തന്റെ നേർക്കു വരുന്ന പന്തിനെ ആക്രമിക്കാനോ അതിനു കീഴടങ്ങാനോ ഉള്ള സാധ്യതയാണ് ഒരു ബാറ്റർക്കുള്ളത്. പക്ഷേ, വിരാട് കോലിയുടേതു തികച്ചും വ്യത്യസ്തമായ മറ്റൊരു വഴിയാണ്. ബാറ്റുകൊണ്ടു തഴുകി പന്തിനു കടന്നു പോകാൻ മറ്റൊരു ദിശ കാണിച്ചുകൊടുക്കും. ക്രിക്കറ്റ് പണ്ഡിതർ അതിനെ കവർ ഡ്രൈവെന്നോ, ഫ്ലിക് ഷോട്ടെന്നോ, സ്ട്രെയ്റ്റ് ഡ്രൈവെന്നോ പേരിട്ടു വിളിക്കും.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന മൂന്നാം ഏകദിന മത്സരത്തിൽ കോർബിൻ ബോഷ് എറിഞ്ഞ 34–ാം ഓവറിലെ അവസാന പന്തിൽ അത്തരമൊരു നിമിഷം സംഭവിച്ചു. തന്റെ നേരേ വന്ന ആ പന്തിലേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ, 37 വയസ്സുള്ള ആ മനുഷ്യൻ ഫ്രണ്ട്ഫൂട്ടിൽ ഓൺ ഡ്രൈവിലേക്ക് ഒരു സിക്സർ പായിച്ചു. വിക്കറ്റിനു പിന്നിലുണ്ടായിരുന്ന ക്വിന്റൻ ഡികോക്കിനൊപ്പം ക്രിക്കറ്റ് ലോകം ആ ഷോട്ടിന്റെ മനോഹാരിത കണ്ട് അമ്പരന്നുനിന്നു. ‘വിരാട്, നിങ്ങളുടെ സമയം അവസാനിച്ചു’ എന്നു പറഞ്ഞവരുടെ മുഖത്തേക്കു നോക്കി, വിരമിക്കാനും കീഴടങ്ങാനും എനിക്കു മനസ്സില്ല എന്നുറപ്പിച്ചതുപോലൊരു ഷോട്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ 3 കളികളിൽ 2 സെഞ്ചറിയും ഒരു അർധ സെഞ്ചറിയുമായി 302 റൺസ് നേടിയ കോലി ടൂർണമെന്റിലെ താരമായി. ഫോം ഔട്ട് എന്നും ഏജ് ഓവർ എന്നും വിധിയെഴുതിയവരോട് ഒന്നും അവസാനിച്ചിട്ടില്ലെന്ന് പറയുകയാണ് അയാൾ. ടെസ്റ്റ് ക്രിക്കറ്റിലെ വിരമിക്കലിനു ശേഷമുള്ള ഏകദിന മത്സരങ്ങളിൽ തുടർച്ചയായ വിന്റേജ് പ്രകടനങ്ങളിലൂടെ വരാനിരിക്കുന്ന ലോകകപ്പ് മൈതാനത്ത് ഒറ്റയ്ക്ക് ഒരു കൊടി കുത്തി അവകാശം സ്ഥാപിച്ചു കഴിഞ്ഞു കിങ് കോലി.
ടെസ്റ്റ് ക്രിക്കറ്റിലെ തുടർച്ചയായ മോശം പ്രകടനങ്ങൾകാരണമാണ് വിരാട് കോലിയുടെ ക്രിക്കറ്റിനെതിരെ വിമർശകർ സർവസന്നാഹങ്ങളുമായി രംഗത്തെത്തിയത്. 2019ന് ശേഷം കോലി ഫോം ഔട്ടാണെന്നും പ്രായം പ്രകടനത്തെ ബാധിച്ചു തുടങ്ങിയെന്നും അവർ വിധിയെഴുതി. പരാജയപ്പെട്ട ക്യാപ്റ്റൻ എന്ന പഴിയും അദ്ദേഹത്തെ പിന്തുടർന്നു.
അണ്ടർ 19 ലോകകപ്പ് മാറ്റിനിർത്തിയാൽ ക്യാപ്റ്റൻ എന്ന നിലയിൽ ഒരു ഐസിസി കിരീടം നേടാൻ കോലിക്കു സാധിച്ചിട്ടില്ല. 2022ൽ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോലി, ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ക്യാപ്റ്റനായി തുടരാൻ ആഗ്രഹിച്ചെങ്കിലും ബിസിസിഐ അനുവദിച്ചില്ല. പുതിയ പരിശീലകൻ ഗൗതം ഗംഭീർ സീനിയർ താരങ്ങളെ വിമർശിച്ചു രംഗത്തെത്തുക കൂടി ചെയ്തതോടെ വിരാട് കോലിയും ഇന്ത്യൻ ക്രിക്കറ്റ് നേതൃത്വവും തമ്മിലുള്ള ഭിന്നത രൂക്ഷമായി. ഒടുവിൽ ടെസ്റ്റിൽ 10,000 റൺസ് തികയ്ക്കാൻ 770 റൺസ് മാത്രം വേണ്ടിയിരിക്കെ കോലിക്കു ടെസ്റ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിക്കേണ്ടി വന്നു.
ടെസ്റ്റ് ക്രിക്കറ്റിലെ വെല്ലുവിളികൾക്കിടയിലും ഏകദിനത്തിൽ കോലി വലിയ തിരിച്ചടി നേരിട്ടില്ല. ഏകദിന ക്രിക്കറ്റിൽ കൂടുതൽ സെഞ്ചറികളെന്ന നേട്ടത്തിൽ കോലി സച്ചിൻ തെൻഡുൽക്കറെ മറികടന്ന് ഒന്നാമതെത്തിയത് കഴിഞ്ഞ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനിടെയാണ്. ഏകദിനത്തിൽ 14,557 റൺസുമായി റൺവേട്ടയിൽ രണ്ടാമതുള്ള കോലിക്ക് ഇനി കീഴടക്കാനുള്ളത് സച്ചിന്റെ റൺനേട്ടം (18,426) മാത്രം.
കഴിഞ്ഞ ലോകകപ്പിൽ 11 കളികളിൽനിന്നായി 95.62 ശരാശരിയിൽ 765 റൺസാണ് കോലി നേടിയത്. 2025ൽ 13 ഏകദിനങ്ങളിൽ 651 റൺസ് നേടിയ കോലി 3 സെഞ്ചറിയും 4 അർധ സെഞ്ചറിയും കുറിച്ചു. സ്ട്രൈക്ക് റേറ്റ് 96.15. 2017 മുതൽ 2019 വരെയാണ് കോലിയുടെ പ്രൈം ടൈമായി കരുതപ്പെടുന്നത്. എന്നാൽ, ഇക്കഴിഞ്ഞ വർഷം ഏകദിന മത്സരങ്ങളിലെ കോലിയുടെ പ്രകടനം അതിനും മുകളിലാണെന്ന് ആരാധകർ പറയും. 2027ലെ ഏകദിന ലോകകപ്പ് കിരീടം എന്ന ലക്ഷ്യം അദ്ദേഹത്തെ മോഹിപ്പിക്കുന്നുണ്ടാകും. 2 ഏകദിന ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ഇതിഹാസ നേട്ടത്തിലേക്കുള്ള ക്രിക്കറ്റ് രാജാവിന്റെ അശ്വമേധത്തിന് നമ്മൾ സാക്ഷികളാവാൻ ഒരുങ്ങുകയാണ്...
English Summary:








English (US) ·