Published: January 15, 2026 09:31 AM IST
1 minute Read
രാജ്കോട്ട് ∙ ഏകദിന ബാറ്റർമാരുടെ പുതിയ ഐസിസി റാങ്കിങ് ഇന്നലെ പുറത്തുവന്നപ്പോൾ ഒരു പോയിന്റ് വ്യത്യാസത്തിലാണ് ന്യൂസീലൻഡ് താരം ഡാരിൽ മിച്ചലിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. ആ നിരാശ ഇന്ത്യൻ ബോളർമാർക്കുമേൽ തല്ലിത്തീർക്കാനായിരുന്നു മിച്ചലിന്റെ തീരുമാനം. അപരാജിത സെഞ്ചറിയുമായി (117 പന്തിൽ 131 നോട്ടൗട്ട്) മിച്ചൽ മുന്നിൽ നിന്നു നയിച്ച രണ്ടാം ഏകദിനത്തിൽ, ന്യൂസീലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, കെ.എൽ.രാഹുലിന്റെ സെഞ്ചറിയോടെ (92 പന്തിൽ 112 നോട്ടൗട്ട്) 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ മിച്ചൽ, വിൽ യങ് (98 പന്തിൽ 87) എന്നിവരുടെ മികവിലാണു കിവീസ് 47.3 ഓവറിൽ ലക്ഷ്യം കണ്ടത്. സ്കോർ: ഇന്ത്യ 50 ഓവറിൽ 7ന് 284. ന്യൂസീലൻഡ് 47.3 ഓവറിൽ 3ന് 286. 2023നു ശേഷം ആദ്യമായാണ് ന്യൂസീലൻഡ് ഇന്ത്യയിൽ ഒരു ഏകദിന മത്സരം ജയിക്കുന്നത്. അപരാജിത സെഞ്ചറിയുമായി ടീമിനെ വിജയത്തിലെത്തിച്ച മിച്ചലാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ 3 മത്സര പരമ്പരയിൽ കിവീസ് ഇന്ത്യയ്ക്ക് ഒപ്പമെത്തി (1–1). 18ന് ഇൻഡോറിലാണ് അവസാന മത്സരം.
കൂൾ കിവീസ്285 റൺസ് ലക്ഷ്യം പിന്തുടർന്ന കിവീസിനു തുടക്കത്തിൽത്തന്നെ ഓപ്പണർമാരായ ഡെവൻ കോൺവേയെയും (16) ഹെൻറി നിക്കോളാസിനെയും (10) നഷ്ടമായി. കോൺവേയെ ഹർഷിത് റാണയും ഹെൻറിയെ പ്രസിദ്ധ് കൃഷ്ണയുമാണ് വീഴ്ത്തിയത്. അതോടെ ഇന്ത്യ മത്സരത്തിൽ പിടിമുറുക്കിയെന്നു തോന്നിച്ചെങ്കിലും മൂന്നാം വിക്കറ്റിൽ മിച്ചലും യങ്ങും ഒന്നിച്ചതോടെ കളം കിവീസ് കയ്യടക്കി. കരുതലോടെ തുടങ്ങിയ ഇരുവരും നിലയുറപ്പിച്ചതിനു പിന്നാലെ ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും അടിച്ചു തുടങ്ങി. ഇരുവരും ചേർന്ന് 152 പന്തിൽ 162 റൺസ് നേടിയാണ് ന്യൂസീലൻഡിനെ വിജയതീരത്ത് എത്തിച്ചത്. യങ്ങിനെ കുൽദീപ് യാദവ് വീഴ്ത്തിയെങ്കിലും വൈകിയിരുന്നു. പിന്നാലെയെത്തിയ ഗ്ലെൻ ഫിലിപ്സിനെ (25 പന്തിൽ 32 നോട്ടൗട്ട്) കൂട്ടുപിടിച്ച മിച്ചൽ, വിജയം വൈകിപ്പിച്ചില്ല.
രക്ഷകൻ രാഹുൽനേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കു രോഹിത് ശർമയും (24) ശുഭ്മൻ ഗില്ലും (56) ചേർന്നു നല്ല തുടക്കമാണ് നൽകിയത്. എന്നാൽ 50 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രോഹിത്, ഗിൽ, വിരാട് കോലി (23), ശ്രേയസ് അയ്യർ (8) എന്നിവരെ നഷ്ടമായ ഇന്ത്യ 4ന് 118 എന്ന സ്കോറിലേക്കു വീണു. അഞ്ചാമനായെത്തിയ കെ.എൽ.രാഹുലാണ് പൊരുതാവുന്ന സ്കോർ വരെ എത്തിച്ചത്. രവീന്ദ്ര ജഡേജ (27), നിതീഷ് കുമാർ റെഡ്ഡി (20) എന്നിവർക്കൊപ്പം രാഹുൽ അർധ സെഞ്ചറി കൂട്ടുകെട്ടുണ്ടാക്കി.
English Summary:








English (US) ·