
ശ്വേതാ മേനോൻ | ഫോട്ടോ: www.facebook.com/ShwethaMenonOfficial
കൊച്ചി: “ആ ദിവസങ്ങളിൽ ഞാൻ പൂർണമായും ശൂന്യമായ ഒരവസ്ഥയിലായിരുന്നു. ആ നേരത്ത് ഞാൻ ഓർത്തതു മുഴുവൻ എന്റെ മകളെയാണ്. സിനിമയിൽ ഇത്രകാലം പ്രവർത്തിച്ചിട്ട് ഒടുവിൽ ഇത്രയും മോശം കാര്യം പറഞ്ഞ് എനിക്കെതിരേ ഒരാൾ കേസുകൊടുത്തതെന്തിനാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. ഒരു സ്ത്രീയ്ക്കും ഇങ്ങനെയൊരു അവസ്ഥവരാൻ പാടില്ല.” അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷപദവിയിലെത്തി ചരിത്രംകുറിക്കുമ്പോഴും ശ്വേതാ മേനോൻ സങ്കടവും വേദനയും നിറഞ്ഞ ആ ദിവസങ്ങളുടെ ഓർമ്മകളിലാണ്. സാമ്പത്തികലാഭത്തിനുവേണ്ടി ശ്വേത സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയായിരുന്നു അമ്മ തിരഞ്ഞെടുപ്പിനുമുൻപ് വാർത്തകളിൽ നിറഞ്ഞത്.
‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്?
മോഹൻലാൽ പ്രസിഡന്റായിരുന്ന ഭരണസമിതിയിൽ ഞാൻ വൈസ് പ്രസിഡന്റായിരുന്നു. അന്നുകിട്ടിയ അനുഭവസമ്പത്തും ആത്മവിശ്വാസവും ഏറെയായിരുന്നു. ലാലേട്ടൻ പ്രസിഡന്റ്സ്ഥാനത്തേക്കില്ലെന്ന് തീർത്തു പറഞ്ഞപ്പോഴാണ് മത്സരിച്ചാലോയെന്ന് ചിന്തിച്ചത്. സീനിയേഴ്‌സ് ഉൾപ്പെടെ പലരും അതാവശ്യപ്പെട്ടതോടെയാണ് ഉറപ്പിച്ചത്.
തിരഞ്ഞെടുപ്പിനിടെ കേസ് വന്നപ്പോൾ പിന്മാറണമെന്ന് തോന്നിയോ?
വേദനയും സങ്കടവുംകൊണ്ട് പൂർണമായും തകർന്നുപോയി. ഒരു സ്ത്രീയെന്നനിലയിലും മനുഷ്യനെന്നനിലയിലും ആരോടും ചെയ്യാൻപാടില്ലാത്ത കാര്യമാണ് അവർ എന്നോട് ചെയ്തത്. എന്നിട്ടും പിന്മാറണമെന്ന് ചിന്തിച്ചില്ല. നാമനിർദേശപത്രിക നൽകേണ്ട അവസാനദിനത്തിൽ സമയം തീരുന്നതിന് ഏഴു മിനിറ്റുമുൻപാണ് പത്രികനൽകിയത്.
കുക്കു പരമേശ്വരനും താങ്കളുമടങ്ങിയ ടീം നൽകുന്ന പ്രതീക്ഷ
വനിതകളുടെ ടീം എന്നനിലയിൽ ഞങ്ങളാരും പുതിയ ഭരണസമിതിയെ കാണുന്നില്ല. എല്ലാവർക്കും അവരവരുടേതായ റോളുകൾ ചെയ്യാനുണ്ട്. അത് ഭംഗിയാക്കാനാണ് ഞാനും കുക്കുവുമെല്ലാം ശ്രമിക്കുന്നത്.
സംഘടനയിൽനിന്ന് പുറത്തുപോയവരും ചേരാത്തവരുമുണ്ടല്ലോ. എങ്ങനെയാകും ഇതിലെ ഇടപെടൽ?
അതൊന്നും വ്യക്തിപരമായി ആലോചിക്കുകയോ നടപടിയെടുക്കുകയോ ചെയ്യേണ്ട ഒന്നല്ല. സംഘടനയ്ക്ക് കൃത്യമായ ബൈലോയുണ്ട്. അതനുസരിച്ച് എല്ലാവരുമായി ആലോചിച്ച് ഗുണകരമായ തീരുമാനമുണ്ടാകണം. പ്രസിഡന്റ് എന്നനിലയിൽ സംഘടനയെ കൂടുതൽ കെട്ടുറപ്പിലേക്കും കരുത്തിലേക്കും നയിക്കേണ്ടതെല്ലാം ചെയ്യണമെന്നാണ് ആഗ്രഹം.
Content Highlights: Shwetha Menon opens up astir the mendacious accusations, her affectional turmoil, and her imaginativeness for `AMMA`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·