17 April 2025, 08:17 AM IST

കൊമുരം ഭീമുഡോ എന്ന ഗാനരംഗത്തുനിന്ന്, സംവിധായകൻ എസ്.എസ്. രാജമൗലി | സ്ക്രീൻഗ്രാബ്, AFP
റിലീസ് ചെയ്ത് മൂന്നുവർഷം പിന്നിടുമ്പോഴും വാർത്തകളിൽ നിറയുകയാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ. ഓസ്കർ പുരസ്കാരംവരെ നേടിയ ചിത്രത്തിൽ രാംചരൺ തേജയും ജൂനിയർ എൻടിആറുമായിരുന്നു നായകന്മാർ. ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ ജൂനിയർ എൻടിആറിന്റെ പ്രകടനത്തെ പുകഴ്ത്തിയിരിക്കുകയാണ് ഇപ്പോൾ രാജമൗലി. ആ ഗാനം ചിത്രീകരിക്കുമ്പോൾ ജൂനിയർ എൻടിആർ വേറൊരാളായി മാറിയെന്നും തനിക്ക് ക്യാമറ വെച്ച് പാട്ട് പ്ലേ ചെയ്താൽ മാത്രം മതിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ആർആർആറിന്റെ നിർണായകഘട്ടത്തിൽ വരുന്ന കൊമുരം ഭീമുഡോ എന്ന ഗാനത്തിലെ ജൂനിയർ എൻടിആറിന്റെ പ്രകടനത്തെക്കുറിച്ചാണ് രാജമൗലി സംസാരിച്ചത്. എൻടിആറിന്റെ പ്രതിബദ്ധതയേയും സംവിധായകൻ വാനോളം പുകഴ്ത്തി.
"ഈ ഗാനം ചിത്രീകരിക്കുന്നത് വളരെ എളുപ്പമായിരുന്നു. കാരണം താരക് വേറൊരാളായി മാറിയിരുന്നു. അദ്ദേഹം ഒരു ഗംഭീര നടനാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ഈ പാട്ടിന്റെ കാര്യത്തിൽ അദ്ദേഹം പ്രകടനംകൊണ്ട് വേറൊരു തലത്തിലെത്തിയിരുന്നു. നെറ്റിയിലോ താടിയിലോ ഉള്ള ഏറ്റവും ചെറിയ പേശികളുടെ ചലനം ഉൾപ്പെടെ അദ്ദേഹം പ്രകടിപ്പിച്ച ഓരോ ഭാവവും എല്ലാം തികഞ്ഞതായിരുന്നു. എനിക്ക് ക്യാമറ വെച്ച് പാട്ട് പ്ലേ ചെയ്താൽ മതിയായിരുന്നു." രാജമൗലി പറഞ്ഞു.
ഗാനത്തിന്റെ കോറിയോഗ്രാഫറായ പ്രേംരക്ഷിതിനേക്കുറിച്ചും രാജമൗലി എടുത്തുപറഞ്ഞു. എൻടിആർ അവതരിപ്പിച്ച കഥാപാത്രത്തെ എങ്ങനെ കെട്ടണം, എങ്ങനെ തൂക്കണം എന്നെല്ലാം ചിട്ടപ്പെടുത്തിയത് പ്രേംരക്ഷിത് ആണ്. അതുകൊണ്ട് അദ്ദേഹത്തിനും ഈ പാട്ടിന്റെ ക്രെഡിറ്റ് താൻ നൽകുമെന്നും രാജമൗലി പറഞ്ഞു.
ഹൃത്വിക് റോഷനൊപ്പമുള്ള വാർ 2 എന്ന ചിത്രത്തിലാണ് ജൂനിയർ എൻടിആർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളുമായെത്തുന്ന ചിത്രത്തിൽ കിയാര അദ്വാനിയാണ് നായിക. 2025-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യ റിലീസുകളിൽ ഒന്നായ ഈ ചിത്രം ഓഗസ്റ്റിൽ രജനികാന്തിന്റെ 'കൂലി'യുമായി മത്സരിക്കും. അതേസമയം മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന SSMB29 എന്ന ചിത്രമൊരുക്കുന്ന തിരക്കിലാണ് എസ്.എസ്. രാജമൗലി. പേരിട്ടിട്ടില്ലാത്ത ഈ ചിത്രം കാശിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. 2027-ലായിരിക്കും റിലീസ് എന്നാണ് റിപ്പോർട്ട്.
Content Highlights: SS Rajamouli lauded Jr NTR`s exceptional show successful RRR`s `Komuram Bheemudo` song





English (US) ·