ബെംഗളൂരു: കന്നഡ ഭാഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (കെഎഫ്‌സിസി) പ്രസിഡന്റ് നരസിംഹലുവിന് കത്തയച്ച് നടൻ കമൽഹാസൻ. കന്നഡ ഭാഷയെക്കുറിച്ചുള്ള തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു. അതേസമയം പ്രസ്താവനയിൽ കമൽ മാപ്പുപറഞ്ഞിട്ടില്ല. 'തഗ് ലൈഫ്' ഓഡിയോ ലോഞ്ചിൽ കമൽ നടത്തിയ 'കന്നഡയുടെ ഉത്ഭവം തമിഴിൽ നിന്നാണ്' എന്ന പ്രസ്താവന കർണാടകയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് കെഎഫ്‌സിസി കർണാടകയിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
'തഗ് ലൈഫ്' ഓഡിയോ ലോഞ്ചിൽ താൻ നടത്തിയ പ്രസ്താവന മഹാനായ നടൻ ഡോ. രാജ്കുമാറിൻ്റെ കുടുംബത്തോടുള്ള, പ്രത്യേകിച്ച് ശിവ രാജ്കുമാറിനോടുള്ള ആത്മാർത്ഥമായ സ്നേഹത്തിൽ നിന്ന് പറഞ്ഞതാണെന്ന് കമൽഹാസൻ കത്തിൽ വ്യക്തമാക്കി. ആ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടത് വേദനയുണ്ടാക്കുന്നു. നമ്മളെല്ലാം ഒന്നാണെന്നും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നും പറയാൻ മാത്രമായിരുന്നു താൻ ഉദ്ദേശിച്ചത്. ഒരു തരത്തിലും കന്നഡയെ താഴ്ത്തിക്കെട്ടുകയായിരുന്നില്ല ഉദ്ദേശം. കന്നഡ ഭാഷയുടെ സമ്പന്നമായ പാരമ്പര്യത്തിൽ യാതൊരു തർക്കമോ സംവാദമോ ഇല്ല. തമിഴിനെപ്പോലെ, കന്നഡയ്ക്കും അഭിമാനകരമായ സാഹിത്യപരവും സാംസ്കാരികവുമായ പാരമ്പര്യമുണ്ട്. അത് താൻ ഏറെക്കാലമായി ആദരിക്കുന്നതാണെന്നും അദ്ദേഹം എഴുതി.
കന്നഡയോടുള്ള തൻ്റെ സ്നേഹം എപ്പോഴും ആത്മാർത്ഥമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു: "എൻ്റെ കരിയറിലുടനീളം, കന്നഡ സംസാരിക്കുന്ന സമൂഹം എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും ഞാൻ വിലമതിക്കുന്നു, ഞാൻ ഇത് വ്യക്തമായ മനസ്സാക്ഷിയോടെയും ബോധ്യത്തോടെയും പറയുന്ന കാര്യമാണ്. ആ ഭാഷയോടുള്ള എൻ്റെ സ്നേഹം ആത്മാർത്ഥമാണ്. കന്നഡിഗർക്ക് അവരുടെ മാതൃഭാഷയോടുള്ള സ്നേഹത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം... ഈ നാടുകളിലെ എല്ലാ ഭാഷകളോടുമുള്ള എൻ്റെ ബന്ധം ഹൃദയത്തിൽ നിന്നുള്ളതാണ്. ഞാൻ എല്ലാ ഇന്ത്യൻ ഭാഷകളുടെയും തുല്യമായ അന്തസ്സിനായി നിലകൊണ്ടിട്ടുണ്ട്. ഒരു ഭാഷയുടെ മേൽ മറ്റൊന്ന് ആധിപത്യം സ്ഥാപിക്കുന്നതിനെ ഞാൻ എതിർക്കുന്നു, കാരണം അത്തരം അസന്തുലിതാവസ്ഥ ഇന്ത്യയുടെ ഭാഷാപരമായ ഘടനയെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്."
സിനിമയുടെ ഭാഷ തനിക്കറിയാമെന്നും സംസാരിക്കുമെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം വിശദീകരിച്ചു, "സിനിമ എന്നത് സ്നേഹവും ബന്ധവും മാത്രം അറിയുന്ന ഒരു സാർവത്രിക ഭാഷയാണ്. നമ്മുടെയെല്ലാം ഇടയിലുള്ള ആ ബന്ധവും ഐക്യവും സ്ഥാപിക്കാൻ മാത്രമായിരുന്നു എൻ്റെ പ്രസ്താവനയും. എൻ്റെ പൂർവ്വികർ എന്നെ പഠിപ്പിച്ച ഈ സ്നേഹവും ബന്ധവുമാണ് ഞാൻ പങ്കുവെക്കാൻ ആഗ്രഹിച്ചത്. ഈ സ്നേഹത്തിൽ നിന്നും ബന്ധത്തിൽ നിന്നുമാണ് ശിവണ്ണ (ശിവ രാജ്കുമാർ) ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തത്. ഇതുകാരണം ശിവണ്ണയ്ക്ക് ഇങ്ങനെയൊരു അസൗകര്യം നേരിടേണ്ടി വന്നതിൽ ഞാൻ ശരിക്കും ഖേദിക്കുന്നു. എന്നാൽ പരസ്പരമുള്ള നമ്മുടെ യഥാർത്ഥ സ്നേഹവും ബഹുമാനവും എപ്പോഴും നിലനിൽക്കുമെന്നും ഇപ്പോൾ കൂടുതൽ ദൃഢമാകുമെന്നും എനിക്ക് ഉറപ്പുണ്ട്."
പ്രസ്താവനയുടെ ഉദ്ദേശ്യം ഒരിക്കലും കന്നഡിഗരുടെ വികാരങ്ങളെ വ്രണപ്പെടുത്താനോ ശത്രുത വളർത്താനോ ആയിരുന്നില്ലെന്ന് കമൽ ഒരിക്കൽക്കൂടി ആവർത്തിച്ചു. "സിനിമ ആളുകൾക്കിടയിൽ ഒരു പാലമായി നിലകൊള്ളണം. അതവരെ വിഭജിക്കുന്ന മതിലാകരുത്. ഇതായിരുന്നു എൻ്റെ പ്രസ്താവനയുടെ ഉദ്ദേശം. പൊതുജനങ്ങളുടെ അസ്വസ്ഥതയ്ക്കും ശത്രുതയ്ക്കും ഒരിക്കലും ഞാൻ ഇടം നൽകിയിട്ടില്ല, നൽകാൻ ആഗ്രഹിക്കുന്നുമില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.
"എൻ്റെ വാക്കുകൾ ഉദ്ദേശിച്ച അർത്ഥത്തിൽ സ്വീകരിക്കപ്പെടുമെന്നും, കർണാടകയോടും അവിടത്തെ ജനങ്ങളോടും അവരുടെ ഭാഷയോടുമുള്ള എൻ്റെ സ്നേഹം തിരിച്ചറിയുമെന്നും ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. ഈ തെറ്റിദ്ധാരണ താൽക്കാലികമാണെന്നും നമ്മുടെ പരസ്പര സ്നേഹവും ബഹുമാനവും ആവർത്തിക്കാനുള്ള ഒരവസരമാണെന്നും ഞാൻ വിശ്വസിക്കുന്നു," അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നതിങ്ങനെ.
Content Highlights: Kamal Haasan clarifies his connection astir Kannada, addressing the contention and prohibition connected his film
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·