കാലുകളാണ് ആദ്യം കാണുക. മിലിട്ടറി ബൂട്ടണിഞ്ഞ കാലുകൾ. പാറക്കല്ലിൽ പതിക്കുന്ന ആ പരുക്കൻ ബൂട്ടുകൾക്ക് അകമ്പടിയായി മരണത്തിന്റെ ചൂളംവിളി പോലെ ഒരു ശബ്ദം. ഓർമയിലെ ഗബ്ബർ സിങ് ആ ശബ്ദശകലമാണ്. 50 വർഷങ്ങൾക്കിപ്പുറത്തും 'ഷോലേ'യെ പ്രിയപ്പെട്ട ദൃശ്യാനുഭവമാക്കി നിലനിർത്തുന്ന മാജിക്ക്. ഇന്ത്യൻ സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ സിഗ്നേച്ചർ ട്യൂണുകളിലൊന്ന്.
ഗബ്ബറിന്റെ മുഖം തിരശ്ശീലയിൽ തെളിയും മുൻപ് തന്നെ എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്ന തോന്നലുണ്ടാകുന്നു നമുക്ക്. ബസു ചക്രവർത്തിയുടെ ചെല്ലോ സൃഷ്ടിക്കുന്നതാണ് ഭീതിദമായ ആ അന്തരീക്ഷം. ഇടയ്ക്കെപ്പോഴോ കേഴ്സി ലോർഡിന്റെ ഓർഗൻ കൂടി ആ പ്രവാഹത്തിൽ ലയിച്ചു ചേരുന്നതോടെ ക്രൂരതയുടെ പരിവേഷം പൂർണ്ണമാകുന്നു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച "ബിഹൈനൻഡ് ദി കർട്ടൻ" എന്ന ഗവേഷണ ഗ്രന്ഥത്തിൽ, ഷോലേയുടെ ഗാനലേഖനത്തിന്റെ അണിയറക്കഥകൾ വിവരിച്ചശേഷം ചലച്ചിത്ര സംഗീത ചരിത്രകാരനായ ഗ്രിഗറി ബൂത്ത് എഴുതുന്നതിങ്ങനെ: "ചെല്ലോയുടെ പ്രതലത്തിൽ കോണ്ടാക്റ്റ് മൈക്ക് ഘടിപ്പിച്ച് വിചിത്രമായ ഒരു ശബ്ദപ്രപഞ്ചം സൃഷ്ടിക്കുകയായിരുന്നു ബസുദേവ് ചക്രവർത്തി. സാങ്കേതിക പരാധീനതകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഇത്തരം അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരായിരുന്നു അന്നത്തെ മിക്ക സംഗീതജ്ഞരും സാങ്കേതിക വിദഗ്ദരും.''
മൈസൂരിലെ ഏതോ തിയേറ്ററിന്റെ ഇരുട്ടിലിരുന്ന് 'ഷോലേ' ആദ്യമായി കണ്ട നിമിഷങ്ങൾ എങ്ങനെ മറക്കും അന്നത്തെ എട്ടാം ക്ലാസുകാരൻ...! പഠനയാത്രയുടെ ഭാഗമായി വയനാട്ടിൽ നിന്നെത്തിയതായിരുന്നു ഞങ്ങളുടെ സംഘം. ഹിന്ദി സിനിമയാണ് കാണാൻ പോകുന്നതെന്നറിഞ്ഞപ്പോൾ ആദ്യം വലിയ ഉത്സാഹമൊന്നും തോന്നിയില്ല. മുൻപ് ഒരൊറ്റ ബോളിവുഡ് സിനിമയേ കണ്ടിരുന്നുള്ളൂ. മെഹമൂദ് നായകനായി അഭിനയിച്ച "ഗരം മസാല' എന്ന മൂന്നാം കിട കോമഡി ചിത്രം. കോട്ടക്കൽ രാധാകൃഷ്ണ ടോക്കീസിലേക്ക് ആ പടം കാണാൻ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോയത് പാർവതി ഏടത്തിയാണ്. "എടോ, പുതിയൊരു ആക്ടർ ഇതിൽ അഭിനയിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ എന്നാണു പേര്. സ്റ്റൈലനാണ്. എന്താ അയാളുടെ ഒരു ഹൈറ്റും പേഴ്സനാലിറ്റിയും... നീ കണ്ടുനോക്ക്.'' പാർവതി ഏടത്തി പറഞ്ഞു.
ചെന്നപ്പോൾ, ഏടത്തിയുടെ ആരാധനാപാത്രത്തിനു സിനിമയിൽ കാര്യമായ റോളൊന്നുമില്ല. അതിഥി താരമാണ്. വന്നതും പോയതും കണ്ണു ചിമ്മിത്തുറക്കുന്ന വേഗത്തിൽ. വാൾപ്പയറ്റ് പഠിപ്പിക്കുന്ന ഉസ്താദിന്റെ അപ്രധാന വേഷത്തിൽ അങ്ങനെ അമിതാഭ് ബച്ചൻ ആദ്യമായി എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. പിന്നീട് അദ്ദേഹത്തെ കാണുന്നത് 'ഷോലേ'യിലെ ജയ്‌ദേവിന്റെ വേഷത്തിലാണ്. പക്ഷെ `ഗരം മസാല'യിലെ അമിതാഭിനെ ആയിരുന്നില്ല മൈസൂരിലെ തിയേറ്ററിന്റെ വിശാലമായ സ്ക്രീനിൽ ഞങ്ങൾ കണ്ടത്. കൂടുതൽ പക്വതയാർജിച്ച, അഭിനയത്തിന്റെ സൂക്ഷ്മഭാവങ്ങൾ അനായാസം വഴങ്ങുന്ന ഒരു നടൻ അവിടെ ജ്വലിച്ചുനിന്നു. കഥാന്ത്യത്തിൽ വീരുവിന്റെ മടിയിൽ കിടന്ന് ജയ് മരണത്തിനു കീഴടങ്ങുമ്പോൾ വെള്ളിത്തിരയിൽ നോക്കാനാകാതെ തലതാഴ്ത്തിയിരിക്കുന്ന കൂട്ടുകാരുടെ ചിത്രം ഓർമ്മയിലുണ്ട്. അത്രയേറെ ഞങ്ങളെ സ്പർശിച്ചിരുന്നു ആ കഥാപാത്രം. തിരിഞ്ഞുനോക്കുമ്പോൾ, ആ മരണമായിരുന്നില്ലേ അമിതാഭ് ബച്ചൻ എന്ന മഹാനടന്റെ ജനനത്തിന് വഴിയൊരുക്കിയത് എന്ന് തോന്നാറുണ്ട്.
പത്തിരുപത്തഞ്ചു തവണയെങ്കിലും പിന്നീട് കണ്ടിട്ടുണ്ടാകും 'ഷോലേ'. ആവർത്തിച്ച് കാണുമ്പോഴെല്ലാം മനസ്സിൽ തോന്നിയ ഒരു കാര്യമുണ്ട്: സഞ്ജീവ് കുമാറിന്റെ ബൽദേവ് സിങ് ഠാക്കൂർ, ധർമ്മേന്ദ്രയുടെ വീരു, അമിതാഭ് ബച്ചന്റെ ജയദേവ്, അംജദ് ഖാന്റെ ഗബ്ബർ, ഹേമമാലിനിയുടെ ബസന്തി, ജയഭാദുരിയുടെ രാധ എന്നിവരെ പോലെ 'ഷോലേ'യിൽ ഒരു നിർണായക കഥാപാത്രം തന്നെയാണ് അതിലെ പശ്ചാത്തല സംഗീതവും. മറ്റെന്തെല്ലാം ഒഴിച്ചുനിർത്തിയാലും ആർ.ഡി. ബർമ്മന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൂടാതെ ആ ചിത്രത്തെ കുറിച്ച് ചിന്തിക്കാനാവില്ല. അതില്ലായിരുന്നെങ്കിൽ ഖോട്ടെ സിക്കേ, മേരാ ഗാവ് മേരാ ദേശ് എന്നീ ചിത്രങ്ങളെ പോലെ ഒരു സാധാരണ "കറി വെസ്റ്റേണ്‍" (കൗബോയ് ഫോർമുല പിന്തുടരുന്ന ഇന്ത്യൻ സിനിമക്ക് 1970-കളിൽ വിദേശ മാധ്യമങ്ങൾ ചാർത്തിക്കൊടുത്ത ഓമനപ്പേര്) മാത്രമായി ഒതുങ്ങിപ്പോയേനെ 'ഷോലേ'.
ആദ്യരംഗം ഓർക്കുക. രാംഗഢ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ പോലീസ് ഇൻസ്‌പെക്ടറെ (വികാസ് ആനന്ദ്) ബൽദേവ് സിങ് ഠാക്കൂറിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയാണ് ഠാക്കൂറിന്റെ കാര്യസ്ഥനായ രാംലാൽ (സത്യൻ കപ്പു). കുതിരപ്പുറത്തുള്ള ആ യാത്രയുടെ പശ്ചാത്തലത്തിലാണ് 'ഷോലേ'യുടെ ശീർഷകങ്ങൾ ഇതൾ വിരിയുന്നത്. വരണ്ടുകിടക്കുന്ന വയലുകളും പാറക്കെട്ടുകളും പച്ചപ്പുകളും ഗ്രാമങ്ങളും ജലാശയങ്ങളും താണ്ടിയുള്ള യാത്രയിലുടനീളം നമ്മുടെ കാതിലേക്ക് ഒഴുകുന്ന ആകർഷകമായ ഒരു ഈണമുണ്ട്. ശീർഷക സംഗീതത്തിലുപരി 'ഷോലേ'യുടെ തീം മ്യൂസിക് തന്നെയാണത്. വൈവിധ്യമാർന്ന ശബ്ദങ്ങളുടെ സമന്വയമായ പ്രമേയ സംഗീതം.
ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച "ആർ ഡി ബർമൻ - ദി മാൻ, ദി മ്യൂസിക്'' എന്ന പുസ്തകത്തിൽ 'ഷോലേ'യുടെ ശീർഷക സംഗീതത്തിന്റെ പിറവിയെ കുറിച്ചുള്ള കൗതുകമാർന്ന കഥകൾ വിവരിച്ചിട്ടുണ്ട് എഴുത്തുകാരായ അനിരുദ്ധ ഭട്ടാചാർജിയും ബാലാജി വിട്ടലും. ആർ.ഡി. ബർമ്മന്റെ മ്യൂസിക് അസിസ്റ്റന്റ് കൂടിയായ മനോഹരി സിങ് കൈകാര്യം ചെയ്ത ഫ്രഞ്ച് ഹോണിനോപ്പം (ഹിന്ദി സിനിമയിലെ ഓർക്കസ്ട്ര കലാകാരന്മാർ ജിലേബി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സംഗീതോപകരണമാണിത്) പ്രശസ്ത ഗായകൻ കൂടിയായ ഭുപീന്ദർ സിങ്ങിന്റെ ഹവായൻ ഗിറ്റാറും ഭാനു ഗുപ്തയുടെ സ്പാനിഷ് ഗിറ്റാറും ദക്ഷിണ്‍ മോഹൻ ടാഗോറിന്റെ ഷഹനായിയും പണ്ഡിറ്റ് സമതാ പ്രസാദിന്റെ തബലയും കൂടി ചേരുമ്പോൾ അപൂർവമായ ഒരു സിംഫണിയായി മാറുന്നു അത്. ടൈറ്റിൽ കാർഡുകൾ അവസാന ഘട്ടത്തിൽ എത്തുമ്പോൾ നാം കേൾക്കുന്നത് മനോഹരി സിങ്ങിന്റെ ചൂളമടിശബ്ദമാണ്. "ദി ഗുഡ് ദി ബാഡ് ആൻഡ് ദി അഗ്ളി" എന്ന വിഖ്യാത വെസ്റ്റേണ്‍ ചിത്രമായിരിക്കണം പശ്ചാത്തലത്തിലെ ഈ ചൂളമടിക്ക് സംഗീത സംവിധായകന്റെ പ്രചോദനം. പിൽക്കാലത്ത് ലോകമെങ്ങുമുള്ള വേദികളിൽ സദസ്സിന്റെ ആവശ്യപ്രകാരം 'ഷോലേ'യുടെ തീം മ്യൂസിക് നിരവധി തവണ പുനരവതരിപ്പിച്ചിട്ടുണ്ട് മനോഹരി സിങ്ങും കൂട്ടരും. ഒരു പക്ഷേ, മറ്റൊരു ഇന്ത്യൻ സിനിമക്കും അവകാശപ്പെടാനില്ലാത്ത ബഹുമതി.
"സിനിമയുടെ പശ്ചാത്തലത്തിൽ നിശബ്ദതയ്ക്കുള്ള പ്രാധാന്യം അറിയാവുന്ന അപൂർവ്വം ബോളിവുഡ് സംഗീത സംവിധായകരിൽ ഒരാളായിരുന്നു പഞ്ചം. മൗനത്തെ ഇത്രയേറെ വാചാലമാക്കിയ കമ്പോസർമാർ വേറെയുണ്ടോ എന്ന് സംശയം.''- ആർ.ഡിയെ കുറിച്ചുള്ള ഡോക്യുമെന്ററിയിൽ ഭാനു ഗുപ്ത നടത്തിയ നിരീക്ഷണം ശ്രദ്ധേയം. 'ഷോലേ'യിലെ ഒരു കഥാസന്ദർഭം ഉദാഹരണമായി എടുത്തു പറഞ്ഞു അദ്ദേഹം. ജയിൽ ചാടിയ ശേഷം ഠാക്കൂർ സാഹിബിനോട് പക വീട്ടാനായി ഗബ്ബർ അദ്ദേഹത്തിന്റെ വീട് തേടിയെത്തുന്ന രംഗം. കുടുംബാംഗങ്ങൾ ഓരോരുത്തരെയായി വെടിവെച്ചു വീഴ്ത്തുകയാണ് ഗബ്ബർ; അവസാനമായി ഠാക്കൂറിന്റെ പേരക്കുട്ടിയെ വരെ. പശ്ചാത്തലത്തിൽ പേരിനു പോലും ഒരു സംഗീത ഉപകരണത്തിന്റെ ശബ്ദം കേൾക്കില്ല അപ്പോൾ. ആകെയുള്ളത് വിദൂരതയിൽ നിന്നുള്ള വെടിയൊച്ചകൾ, കുന്നിറങ്ങി വരുന്ന ഗബ്ബറിന്റെ കുതിരയുടെ കുളമ്പടിനാദം, പിന്നെ ആടിയുലയുന്ന ഊഞ്ഞാലിന്റെ ഞരക്കവും. പേടിപ്പെടുത്തുന്ന ആ നിശബ്ദതയിലേക്ക് ബസു ചക്രവർത്തിയുടെ ചെല്ലോയിൽ നിന്നുള്ള ആർത്തനാദം ഒഴുകിവരുന്നു. കുട്ടിയുടെ നേരെ തോക്ക് ചൂണ്ടി കാഞ്ചി വലിക്കാൻ ഗബ്ബർ ഒരുങ്ങുന്നതാണ് പിന്നെ കാണുക. പക്ഷെ, വെടിയൊച്ച കേൾക്കില്ല നാം. ആ രംഗം നേരെ കട്ട് ചെയ്യുന്നത് ഠാക്കൂർ വന്നിറങ്ങുന്ന തീവണ്ടിയുടെ ശബ്ദത്തിലേക്കാണ്. ഒരു ജീനിയസിന് മാത്രമേ സംഗീതത്തെ ഇത്ര ബുദ്ധിപൂർവ്വം സിനിമയുടെ കഥയുമായി വിളക്കിച്ചേർക്കാനാകൂ.
തീർന്നില്ല. റെയിൽവേ സ്റ്റേഷനിൽനിന്ന് നേരെ വീട്ടിലെത്തുന്ന ഠാക്കൂർ സാഹിബ് കാണുന്നത് ഞെട്ടിക്കുന്ന ദൃശ്യമാണ്. വെളുത്ത തുണിയിൽ പൊതിഞ്ഞ് നിരനിരയായി കിടത്തിയിരിക്കുന്ന മൃതദേഹങ്ങൾ. സെർജിയോ ലിയോണെ സംവിധാനം ചെയ്ത "വണ്‍സ് അപ്പോണ്‍ എ ടൈം ഇൻ ദി വെസ്റ്റ്'' എന്ന വിഖ്യാത കൗബോയ് ചിത്രത്തിൽനിന്ന് രമേശ് സിപ്പി കടം കൊണ്ടതാവാം ഈ ദൃശ്യം. പക്ഷേ അവിടെയും പശ്ചാത്തല സംഗീതത്തിൽ തനിക്കു മാത്രം കഴിയുന്ന വ്യത്യസ്തത അവതരിപ്പിക്കുന്നു ആർ.ഡി. "കാറിന്റെ ഉപയോഗശൂന്യമായ സ്പെയർ പാർട്സ് ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു പ്രത്യേക ലോഹഉപകരണം വയലിന്റെ ബോ ഉപയോഗിച്ച് മീട്ടുമ്പോഴുള്ള വിചിത്രമായ ശബ്ദമാണ് പഞ്ചംദാ ആ സീനിൽ ഉപയോഗിച്ചത്. അതിനു മുൻപോ പിമ്പോ അതുപോലൊരു ശബ്ദം ആരും കേട്ടിരിക്കില്ല സിനിമയുടെ പശ്ചാത്തലത്തിൽ. ആ ശബ്ദം ചെന്നു ചേരുന്നത് ഇക്ബാലിന്റെ സാരംഗിയിലാണ്. ദൃശ്യങ്ങളിലെ വികാരതീവ്രത എത്ര അനായാസം കാണികളിൽ എത്തിക്കാൻ ഈ പരീക്ഷണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നറിയാൻ ആ രംഗങ്ങൾ ഒന്നുകൂടി കണ്ടുനോക്കിയാൽ മതി''- ദീർഘകാലം ആർ.ഡി.ബർമ്മന്റെ സംഗീതസംഘത്തിൽ അംഗമായിരുന്ന മാരുതി റാവുവിന്റെ വാക്കുകൾ.
'ഷോലേ'യിലെ `മെഹബൂബ മെഹബൂബ' എന്ന പാട്ടിലുമുണ്ട് കൗതുകമുണർത്തുന്ന സംഗീത പരീക്ഷണം. പാതി ഒഴിഞ്ഞ ബിയർ കുപ്പി ഉപയോഗിച്ചുണ്ടാക്കിയ ശബ്ദമാണ് ആർ.ഡി. ഈ ഗാനത്തിന്റെ ഇൻട്രോയിൽ ഉപയോഗിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു പഞ്ചംദായുടെ സുഹൃത്ത് കൂടിയായ നടൻ രണ്‍ധീർ കപൂർ (ആർ.ഡി.ബർമ്മൻ - ദി മാൻ, ദി മ്യൂസിക് ). ഒരു ദിവസം യാദൃഛികമായി ആർ.ഡിയുടെ വീട്ടിലേക്കു കടന്നുചെന്ന രണ്‍ധീർ കണ്ടത് വിചിത്രമായ ദൃശ്യമാണ്. മൂന്നു നാല് മ്യൂസിക്കൽ അസിസ്റ്റന്റുമാർ വട്ടം കൂടിയിരുന്ന് ബിയർ കുപ്പികളിലേക്ക് ശക്തമായി ഊതുന്നു. "പഞ്ചമിന് വട്ടായിപ്പോയോ എന്നായിരുന്നു എന്റെ സംശയം. പക്ഷെ തന്റെ പുതിയ ഗാനത്തിന്റെ മൂഡിനു ഇണങ്ങുന്ന വ്യത്യസ്തമായ ഒരു ശബ്ദം രൂപപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. പിന്നീട് അതേ ശബ്ദം മെഹബൂബ എന്ന ഗാനത്തിന്റെ തുടക്കത്തിൽ കേട്ടപ്പോഴാണ് എത്ര ഔചിത്യപൂർണ്ണമായിരുന്നു പഞ്ചമിന്റെ പരീക്ഷണം എന്ന് മനസ്സിലായത്.''
തന്റെ സംഗീത സംവിധാന ശൈലിയുടെ മികവിന് നിദാനം അതിപ്രഗൽഭരായ കുറെ ഉപകരണ സംഗീതജ്ഞരുടെ സാന്നിധ്യമാണെന്ന് വിശ്വസിച്ചു ആർ ഡി ബർമ്മൻ. അവരിൽ പലരും സ്വതന്ത്ര സംഗീതജ്ഞർ എന്ന നിലയിൽ അർഹിച്ച പ്രശസ്തി നേടിയില്ലായിരിക്കാം. എങ്കിലും സിനിമാരംഗത്ത് അവരെ അതിശയിക്കുന്നവർ കുറവായിരുന്നു. ശിവകുമാർ ശർമ, ഉല്ലാസ് ബാപട്ട് (സന്തൂർ), ഉസ്താദ് സുൽത്താൻ ഖാൻ, ഇക്ബാൽ (സാരംഗി), ഭുപീന്ദർ (ഹവായൻ ഗിറ്റാർ), ഭാനു ഗുപ്ത (സ്പാനിഷ് ഗിറ്റാർ, റിഥം ഗിറ്റാർ), രമേശ് അയ്യർ (സ്പാനിഷ് ഗിറ്റാർ), ടോണി വാസ്, ചരണ്‍ജിത് സിംഗ് (ബേസ് ഗിറ്റാർ), സെരീൻ ദാറുവാല (സരോദ്), കാർത്തിക് കുമാർ (സിതാർ), ദിലീപ് നായക്, സുശീൽ കൗശിക് (ഇലക്ട്രിക് ഗിറ്റാർ), ദക്ഷിണ്‍ മോഹൻ ടാഗോർ ( ഷഹനായ്), ഉത്തം സിംഗ്, രാജേന്ദർ സിംഗ്, പ്രഭാകർ ജോഗ് (വയലിൻ), കിഷോർ ദേശായ്, രവി സുന്ദരം (മാൻഡലിൻ), ജോർജ് ഫെർണാണ്ടസ് (ട്രംപറ്റ്), റാഷിദ് ഖാൻ (ബാൻജോ, ബുൾബുൾ തരംഗ് ) , സമതാ പ്രസാദ്, ദേവിചന്ദ് ചൗഹാൻ, ശശികാന്ത്, ദീപക് നായിക് (തബല), ഇക്ബാൽ ഖാൻ, റോഷൻ (ധോലക്), ബഡ്ജീ ലോർഡ്, ത്രിലോക് ഗുർതു, ഫ്രാങ്കോ വാസ് (ഡ്രംസ്), കവാസ് ലോർഡ് (ബോംഗോ), ബബ്ലാ (കോംഗോ), ജനാർദൻ അഭയങ്കർ (ജലതരംഗം), ജയരാമൻ (മൃദംഗം), നിതിൻ ശങ്കർ (ഒക്ടോപാഡ്) തുടങ്ങി പ്രതിഭകളുടെ ഒരു നീണ്ട നിര എന്നുമുണ്ടായിരുന്നു പഞ്ചംദായുടെ ഗാനങ്ങൾക്ക് പിന്നിൽ. സിനിമയ്ക്ക് പുറത്ത് ശാസ്ത്രീയ സംഗീത കച്ചേരികളിലൂടെ സ്വന്തമായ മേൽവിലാസം ഉണ്ടാക്കിയവരും ഉണ്ടായിരുന്നു ഇവർക്കിടയിൽ. പണ്ഡിറ്റ് ശിവകുമാർ ശർമയും പണ്ഡിറ്റ് സമതാ പ്രസാദും ഉദാഹരണങ്ങൾ.
സമതാ പ്രസാദിന്റെ മാന്ത്രിക വിരലുകൾ തബലയിൽ തീർത്ത താളവിസ്മയം അനുഭവിച്ചറിയാൻ, 'ഷോലേ'യിലെ ത്രസിപ്പിക്കുന്ന ഒരു രംഗം കണ്ടുനോക്കുകയെ വേണ്ടു. പിന്തുടരുന്ന കൊള്ളക്കാരിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി ഹേമമാലിനിയുടെ ബസന്തി, കുതിരവണ്ടിയിൽ കുതിക്കുകയാണ്. ആ നിമിഷങ്ങളുടെ ഉദ്വേഗത നഷ്ടപ്പെടാതിരിക്കാൻ വേണ്ടി പശ്ചാത്തലത്തിൽ പുതിയൊരു താളക്രമമാണ് ആർ ഡി ബർമൻ അവതരിപ്പിച്ചത് . അത്തരം രംഗങ്ങളിൽ വയലിനുകളും എക്കോഡിയനും ഉപയോഗിച്ചാണ് ഹിന്ദി സിനിമാക്കാർക്ക് ശീലം. പക്ഷെ ഇവിടെ ആർ ഡി ഉപയോഗിച്ചത് സമതാ പ്രസാദും ശിഷ്യൻ മാരുതി റാവുവും ചേർന്ന് തബലയിൽ സൃഷ്ടിച്ച മാന്ത്രിക താളമാണ്. പശ്ചാത്തലത്തിലെ കാൽത്തള കിലുക്കവും കുതിരക്കുളമ്പടിനാദവും കൂടി ചേർന്നപ്പോൾ ശ്വാസമടക്കിപ്പിടിച്ചു മാത്രം കാണാവുന്ന രംഗമായി മാറി അത്.
തികവാർന്ന പശ്ചാത്തല സംഗീതവുമായി താരതമ്യപ്പെടുത്തുമ്പോൾ, 'ഷോലേ'യിലെ ഗാനങ്ങൾ അത്ര നന്നായോ എന്ന് സംശയം. ആർ ഡി ബർമ്മന്റെ ക്ലാസിക് ഗാനങ്ങളുടെ ഗണത്തിൽ പെടുത്താനാവില്ല ആ പാട്ടുകളെ. 'ഷോലേ'യെ പോലുള്ള ഒരു ത്രില്ലറിൽ പാട്ടുകൾ തന്നെ വേണമായിരുന്നോ എന്ന ചോദ്യം വേറെ. ആറു ഗാനങ്ങളുണ്ടായിരുന്നു 'ഷോലേ'യിലെ യിൽ (യേ ദോസ്തി എന്ന ഗാനത്തിന്റെ പാത്തോസ് വേർഷൻ ഉൾപ്പെടെ). ഇത്രയും ഗാനങ്ങളുടെ സാന്നിധ്യം കഥയുടെ ഒഴുക്കിനും പിരിമുരുക്കത്തിനും ഭംഗം വരുത്തില്ലേ എന്ന് തുടക്കത്തിൽ തന്നെ സംശയം പ്രകടിപ്പിച്ചതാണ് ആർ ഡി . "പാട്ടുകളില്ലാത്ത ഒരു മുഖ്യധാരാ സിനിമ ഉൾക്കൊള്ളാൻ തൽക്കാലം ഇന്ത്യയിലെ സാധാരണ പ്രേക്ഷകർ സജ്ജരായിട്ടില്ല'' എന്നായിരുന്നു രമേഷ് സിപ്പിയുടെ മറുപടി. എന്തായാലും സിനിമയുടെ ദൈർഘ്യം കൂടുമെന്ന ഭയത്തിൽ, ഒരു ഗാനം ഒഴിവാക്കേണ്ടി വന്നു പടത്തിന്റെ ശിൽപ്പികൾക്ക്. ചാന്ദ് സാ കോയി ചെഹരാ എന്ന ഖവാലി. കിഷോർ കുമാർ, മഹേന്ദ്ര കപൂർ, ഭുപിന്ദർ എന്നിവർക്കൊപ്പം ഗാനരചയിതാവ് ആനന്ദ് ബക്ഷിയും ചേർന്ന് പാടിയ ഈ പാട്ട് പോളിഡോർ പുറത്തിറക്കിയ ഷോലെയുടെ ഗ്രാമഫോണ്‍ റെക്കോർഡിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പടത്തിലില്ല.
ചിത്രത്തിന്റെ ആശയവുമായി ഏറ്റവും ഇണങ്ങി ചേർന്നു നിന്ന പാട്ട് `യേ ദോസ്തീ' തന്നെ. പുരുഷ സൗഹൃദത്തിന്റെ പ്രതീകമായി പിൽക്കാലത്ത് കൊണ്ടാടപ്പെട്ട പാട്ടാണിത്. ഫോർ ഫ്രണ്ട്‌സ് എന്ന മലയാള സിനിമയിൽ ഉൾപ്പെടെ നിരവധി തവണ പുനരവതരിപ്പിക്കപ്പെട്ട ഈ ഗാനത്തിന് പുതിയ തലമുറയിൽ പോലുമുണ്ട് ആരാധകർ. കിഷോർ കുമാറിനൊപ്പം ആ ഗാനം പാടി റെക്കോർഡ് ചെയ്ത അനുഭവം മന്നാഡേ അയവിറക്കിയതിങ്ങനെ: "ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും ഒരു ഗായകൻ എന്ന നിലയിൽ കിഷോർ എന്നേക്കാൾ മുകളിലാണ് എന്നുതന്നെ വിശ്വസിക്കുന്നു ഞാൻ. പഡോസനിലെ ഏക് ചതുര്നാർ എന്ന ഹാസ്യഗാനം ഒരുമിച്ചു പാടുമ്പോൾ ഞാനത് തിരിച്ചറിഞ്ഞതാണ്. പിന്നീട് ഷോലെയിലെ യേ ദോസ്തിയിലും അത് ആവർത്തിച്ചു. ആ ഗാനത്തിന്റെ റെക്കോർഡിംഗ് വേളയിൽ പരസ്പരമുള്ള ആദരവിൽ അധിഷ്ഠിതമായ ഒരു മത്സരം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. പല ഘട്ടങ്ങളിലും ആലാപനത്തിലെ അനായാസത കൊണ്ട് കിഷോർ എന്നെ അമ്പരപ്പിച്ചുകളഞ്ഞു. സംഗീത സംവിധായകൻ പോലും ഉദ്ദേശിക്കാത്ത മാനങ്ങളാണ് ആ പാട്ടിന് കിഷോർ നൽകിയത്.''
കിഷോറും മന്നാഡേയും തമ്മിലെന്നപോലെ ഭാനു ഗുപ്തയുടെ മൗത്ത് ഓർഗനും മനോഹരി സിംഗിന്റെ ചൂളമടിസംഗീതവും തമ്മിലുള്ള മത്സരം കൂടിയായി മാറി ആ പാട്ട്. മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സിന്തസൈസർ അതിന്റെ യഥാർത്ഥ രൂപത്തിൽ (ആ മാതൃകയിലുള്ള ഉപകരണങ്ങൾ മുൻപും സിനിമയിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും) ശബ്ദസാന്നിധ്യമറിയിച്ച ആദ്യ ഹിന്ദി ഗാനം കൂടിയായിരുന്നു യേ ദോസ്തീ. "പാട്ടിനിടെ തലയിൽ മണ്‍കുടമേന്തിയ ഒരു ഗ്രാമീണ യുവതി അമിതാഭിനെയും ധർമേന്ദ്രയെയും കണ്ടു പേടിച്ച് ഓടിപ്പോകുന്ന ഒരു ദൃശ്യമുണ്ട്. ആ ഓട്ടത്തിന്റെ പശ്ചാത്തലത്തിൽ കേൾക്കുക കേഴ്സി ലോർഡിന്റെ സിന്തസൈസർ നാദമാണ്.''- ഭാനു ഗുപ്തയുടെ വാക്കുകൾ.
"മെഹബൂബാ മെഹബൂബ" ആയിരുന്നു 'ഷോലേ'യിലെ ഏറ്റവും വ്യത്യസ്തമായ ശ്രവ്യാനുഭവം. ഗ്രീക്ക് സംഗീതജ്ഞനായ ഡെമിസ് റൂസോസിന്റെ "സേ യു ലവ് മി'' എന്ന പ്രശസ്ത ഗാനമായിരുന്നു മെഹബൂബായുടെ സൃഷ്ടിയിൽ ആർ ഡിക്ക് പ്രചോദനം. ലണ്ടനിൽ വെച്ച് റൂസോസിന്റെ ഗാനം കേട്ടു ഹരം പിടിച്ച രമേഷ് സിപ്പി തന്നെയാണ് സംഗീത സംവിധായകനെ കൊണ്ട് ഈ പാതകം ചെയ്യിച്ചതെന്നതാണ് സത്യം. നിർഭാഗ്യവശാൽ മോഷണത്തിന്റെ പേരിൽ ക്രൂശിക്കപ്പെട്ടത് ആർ ഡി. സംഗീത ജീവിതത്തിൽ ഇത്രയേറെ വേദനിച്ച ഘട്ടങ്ങൾ അതിനു മുൻപോ പിൻപൊ ഉണ്ടായിട്ടില്ലെന്ന് ആർ ഡി തന്നെ ഒരിക്കൽ ഏറ്റുപറഞ്ഞിട്ടുണ്ട്.
മെഹബൂബാ മന്നാഡേ പാടണം എന്നായിരുന്നു പഞ്ചംദായുടെ ആഗ്രഹം. പക്ഷെ ആർ.ഡി. പാടി വെച്ച ട്രാക്ക് കേട്ടപ്പോൾ മന്നാദാ നിസ്സംശയം പറഞ്ഞു: "ഈ പാട്ട് താങ്കൾ പാടിയാലേ ശരിയാകൂ. ഞാൻ ഉൾപ്പെടെ മറ്റാർക്കും അതിനോട് നീതി പുലർത്താൻ പറ്റില്ല.'' ഒടുവിൽ സ്വന്തം ശബ്ദത്തിൽ പാട്ട് സിനിമയിൽ ഉൾപ്പെടുത്താൻ അർദ്ധമനസ്സോടെ വഴങ്ങുകയായിരുന്നു ആർ ഡി ബർമ്മൻ. ഹെലന്റെ ഹരം പിടിപ്പിക്കുന്ന നൃത്തചലനങ്ങളുടെ പശ്ചാത്തലത്തിൽ ജലാൽ ആഗ എന്ന നടൻ ആ പാട്ട് പാടി അഭിനയിക്കുന്നത് ഇന്ന് സ്ക്രീനിൽ കാണുമ്പോൾ, മന്നാഡേ പറഞ്ഞത് എത്ര സത്യമായിരുന്നു എന്ന് തിരിച്ചറിയുന്നു നാം. കോയീ ഹസീനാ ജബ് (കിഷോർ, ഹേമമാലിനി), ഹാ ജബ് തക് ഹേ ജാൻ (ലതാ മങ്കേഷ്കർ), ഹോളി കേ ദിൻ (കിഷോർ, ലത) എന്നിവയായിരുന്നു ഷോലെയിലെ മറ്റു ഗാനങ്ങൾ.
പോളിഡോർ പുറത്തിറക്കിയ ഷോലേയിലെ പാട്ടുകളുടെ സൗണ്ട്ട്രാക്കിന് വിപണിയിൽ തണുപ്പൻ പ്രതികരണമായിരുന്നു ആദ്യം. സംഭാഷണ ശകലങ്ങൾ കൂടി ഉൾപ്പെടുത്തി രണ്ടാമതും പുറത്തിറക്കിയപ്പോഴാകട്ടെ, ആൽബം ചൂടോടെ വിറ്റുപോകുകയും ചെയ്തു. റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച സിനിമ കാണാനും ആളുണ്ടായിരുന്നില്ല എന്നത് മറ്റൊരു കൗതുകം. ഒരു ഘട്ടത്തിൽ അമിതാഭിന്റെ കഥാപാത്രത്തെ "ജീവിപ്പിക്കുന്നതിനെ'' കുറിച്ച് വരെ ആലോചിച്ചു സംഭാഷണ രചയിതാക്കളായ സലിം - ജാവേദ്‌മാർ. പക്ഷേ അത് വേണ്ടിവന്നില്ല. മൂന്നാമത്തെ ആഴ്ച മുതൽ കഥ മാറി. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഐതിഹാസികമായ ജൈത്രയാത്രയാണ് പിന്നെ കണ്ടത്. മുംബൈയിലെ മിനർവ തിയേറ്ററിൽ മാത്രം തുടർച്ചയായി അഞ്ചു വർഷത്തിലേറെ ഓടി ഷോലെ. 2001 ൽ ദിൽവാലെ ദുൽഹനിയാ ലേ ജായേംഗെ വരേണ്ടിവന്നു ആ റെക്കോർഡ് മറികടക്കാൻ. മൂന്ന് കോടി രൂപ ചെലവിട്ട് നിർമിച്ച ഷോലേ ഇതിനകം 300 കോടി രൂപയിലേറെ വരുമാനം ഉണ്ടാക്കിയതയാണ് അനൗദ്യോഗിക കണക്ക്.
എങ്കിലും സിനിമ എന്ന നിലക്ക് ഷോലേ തനിക്ക് പരിപൂർണ്ണ സംതൃപ്തി നൽകിയിട്ടില്ലെന്ന് പറയും രമേഷ് സിപ്പി. സെൻസർ ബോർഡിന്റെ ഇടപെടൽ മൂലം പല രംഗങ്ങളും മുറിച്ചു മാറ്റേണ്ടിവന്നു. ക്ലൈമാക്സ് മാറ്റി ഷൂട്ട് ചെയ്യേണ്ടി വന്നതായിരുന്നു ഏറ്റവും വലിയ ദുരന്തം. "അന്നത്തെ ഹിന്ദി മുഖ്യധാരാ സിനിമയുടെ പതിവ് ഫോർമുല പിന്തുടരരുത് എന്ന നിർബന്ധമുണ്ടായിരുന്നു എനിക്ക്. അതുകൊണ്ടാണ് കഥാന്ത്യത്തിൽ ഗബ്ബറിനെ താക്കൂർ സാഹിബ് വകവരുത്തുന്നതായി ചിത്രീകരിച്ചത്. എന്നാൽ പൗരന്മാർ നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാൻ വയ്യ എന്ന നിലപാടായിരുന്നു പടം കണ്ട സെൻസർ ബോർഡ് അംഗങ്ങൾക്ക്. അത് മോശം സന്ദേശം നൽകുമത്രെ. ഒടുവിൽ മനസ്സില്ലാ മനസ്സോടെ അവസാനരംഗം റീഷൂട്ട് ചെയ്യേണ്ടി വന്നു ഞങ്ങൾക്ക്. പതിവ് ഹിന്ദി സിനിമയുടെ ക്ലൈമാസ്കിൽ എന്ന പോലെ ഗബ്ബറിനെ അറസ്റ്റ് ചെയ്യാൻ ഓം ശിവപുരിയുടെ നേതൃത്വത്തിലുള്ള പോലീസ് പാർട്ടി വരുന്നത് അങ്ങനെയാണ്. സിനിമയുടെ പൊതുസ്വഭാവത്തിനു നിരക്കുന്നതായില്ല ആ കഥാന്ത്യം എന്ന് ഇന്നും വിശ്വസിക്കുന്നു ഞാൻ.'' (ഇന്ത്യ ടൈംസ്).
റിലീസായി 50 വർഷങ്ങൾക്കു ശേഷവും ഷോലേ ഓർമ്മയിൽ അവശേഷിപ്പിക്കുന്ന വിസ്മയ ചിത്രങ്ങളിൽ ഒന്ന് അംജദ് ഖാൻ എന്ന നടന്റെതാണ്. യഥാർത്ഥത്തിൽ ഡാനി ഡെൻസോംഗ്പയെയാണ് ഗബ്ബർ സിങ്ങിന്റെ റോളിന് രമേഷ് സിപ്പി കണ്ടുവെച്ചിരുന്നത്. ഫിറോസ് ഖാന്റെ "ധർമാത്മ" എന്ന പടത്തിന്റെ ഷൂട്ടിംഗ് തിരക്കുകളുമായി ഡാനി അഫ്ഗാനിസ്ഥാനിൽ ആയിരുന്നത് കൊണ്ട് അവസാനനിമിഷം അംജദിനു നറുക്ക് വീഴുകയായിരുന്നു. എത്ര ഗംഭീരമായിരുന്നു വില്ലനായുള്ള ആ അരങ്ങേറ്റം എന്നോർക്കുക.
ജീവിതത്തിന്റെ വഴിതിരിച്ചുവിട്ട കഥാപാത്രത്തെ കുറിച്ച് വർഷങ്ങൾക്കു ശേഷം ഒരഭിമുഖത്തിൽ അംജദ് ഖാൻ പറഞ്ഞുകേട്ട വാക്കുകൾ ഇന്നുമോർക്കുന്നു: "ഗബ്ബറിനെ സ്ക്രീനിൽ കാണുമ്പോൾ വെടിവെച്ചു കൊല്ലാൻ തോന്നും. എന്തൊരു ക്രൂരതയാണ് ആ മുഖത്ത്. പിന്നെ പശ്ചാത്തലത്തിലെ ആ പേടിപ്പെടുത്തുന്ന സംഗീതം. അത് കേൾക്കുമ്പോൾ തന്നെ കാതു പൊത്തും ഞാൻ. ഷോലേ കണ്ട് ജനങ്ങൾ എന്നെ എത്രത്തോളം വെറുത്തിരിക്കും എന്നോർക്കുക അപ്പോഴാണ്...'' ഇതിലും വലിയൊരു അംഗീകാരം കിട്ടാനുണ്ടോ രാഹുൽ ദേവ് ബർമ്മൻ എന്ന സംഗീത സംവിധായകന്?
Content Highlights: Sholays enduring magic, dependable of fear, 50 years later
ABOUT THE AUTHOR
ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·