റിയ ബേബി\ മാതൃഭൂമി ന്യൂസ്
08 August 2025, 09:40 AM IST

കുക്കു പരമേശ്വരൻ, ഉഷ ഹസീന | ഫോട്ടോ: എൻ.എം. പ്രദീപ്, സിദ്ദിക്കുൽ അക്ബർ | മാതൃഭൂമി
കൊച്ചി: മെമ്മറി കാർഡ് വിവാദത്തിൽ അമ്മ സംഘടനയ്ക്ക് പരാതി നൽകാനൊരുങ്ങി നടി ഉഷ ഹസീന. ഇടവേള ബാബുവിനും കുക്കു പരമേശ്വരനും എതിരെയാണ് പരാതി. സംഘടനയിലെ വനിതാ അംഗങ്ങളുടെ പരാതി റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് എവിടെയെന്ന് കണ്ടെത്തണമെന്നാണ് ആവശ്യം. അതേസമയം തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാട്ടി ഡിജിപിക്ക് പരാതി നൽകി. താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായ വിഷയമാണ് മെമ്മറി കാർഡുമായി ബന്ധപ്പെട്ടുള്ളത്.
മീ ടൂ ആരോപണങ്ങൾ വന്നതിന് പിന്നാലെയാണ് സംഘടനയിലെ വനിതാ അംഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാനായി ഒരു യോഗം വിളിച്ചത്. അംഗങ്ങൾ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്യുകയുമുണ്ടായി. ഈ മെമ്മറി കാർഡ് എവിടെയെന്നാണ് ഉഷ ഹസീന ചോദിക്കുന്നത്.
കുക്കു പരമേശ്വരനാണ് അത് കൈകാര്യം ചെയ്തത്. ആ കാർഡ് എന്തുകൊണ്ട് ഹേമാ കമ്മിറ്റിക്കുമുന്നിൽ സമർപ്പിച്ചില്ലെന്നും എന്തുകൊണ്ട് തുടർ നടപടികളുണ്ടായില്ലെന്നും ഉഷ ഹസീന ചോദിക്കുന്നു. ഇടവേള ബാബുവിന്റെ കയ്യിലുൾപ്പെടെ ഈ മെമ്മറി കാർഡ് ഉണ്ടെന്നും അത് കണ്ടെത്തണമെന്നും അവർ അമ്മയ്ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തിയാണ് കുക്കു പരമേശ്വരൻ. തനിക്കെതിരെ വലിയ രീതിയിലുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ഡിജിപിക്കുനൽകിയ പരാതിയിൽ അവർ പറയുന്നത്. തന്നെ അപമാനിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സമൂഹ മാധ്യങ്ങളി തനിക്കെതിരെ വ്യാപക പ്രചാരണം നടക്കുന്നു. താൻ സംഘടനാ തിരഞ്ഞെടുപ്പിന്റെ മത്സരരംഗത്തുവന്നതിന് പിന്നാലെയാണ് മെമ്മറി കാർഡ് വിവാദം തലപൊക്കിയതെന്നും കുക്കു പറയുന്നു.
Content Highlights: Missing Memory Card Controversy Escalates Within AMMA Association
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·