'ആ മെസേജ് കണ്ടപ്പോള്‍ ഞെട്ടിത്തരിച്ചുപോയി, മമ്മൂക്ക ഞങ്ങളുടെ സിനിമ കാണണമെന്ന് ആഗ്രഹിച്ചിരുന്നു'

6 months ago 7

തീയേറ്ററില്‍ അര്‍ഹിച്ച വിജയം നേടാതെ പോകുന്ന സിനിമകള്‍ ഒടിടിയിലെത്തിയതിന് ശേഷം വന്‍ സ്വീകാര്യത ലഭിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ അത്തരമൊരു സിനിമ രാജ്യാന്തരതലത്തില്‍ ചര്‍ച്ചയാകുകയും സിനിമയുടെ കാതല്‍ ഉള്‍ക്കൊണ്ട് മാറ്റം വരുത്താന്‍ സമൂഹത്തില്‍ ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നത് അപൂര്‍വ കാഴ്ചയാണ്. വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' എന്ന മലയാള ചിത്രമാണിപ്പോള്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ചയാകുന്നത്. ബാക്ക് ബെഞ്ചര്‍, ഫ്രണ്ട് ബെഞ്ചര്‍ എന്നീ രീതികളെ തച്ചുടച്ചുകൊണ്ട് അര്‍ധ വൃത്താകൃതിയിലുള്ള ക്ലാസ് മുറി എന്ന ആശയമാണ് ചിത്രം മുന്നോട്ട് വെച്ചത്. പണ്ട് മുതല്‍ക്കേ പല സ്‌കൂളുകളും അലംബിച്ച ആശയമാണിതെങ്കിലും 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' എന്ന ചിത്രത്തിലെ കഥ പറച്ചിലിന് സമൂഹത്തെ മാറിച്ചിന്തിപ്പിക്കാന്‍ സാധിച്ചു. ഒരു ഏഴാം ക്ലാസുകാരന്റെ ആശയം എന്ന രീതിയിലാണ് ചിത്രത്തില്‍ അര്‍ധ വൃത്താകൃതിയിലുള്ള ക്ലാസ് മുറിയെ സംവിധായകന്‍ അവതരിപ്പിച്ചത്. തമിഴ്‌നാട്ടിലും പഞ്ചാബിലും കേരളത്തിലുമൊക്കെ പല സ്‌കൂളുകളും ഈ രീതി നടപ്പിലാക്കിത്തുടങ്ങിയിട്ടുമുണ്ട്. ഈ രീതിയെക്കുറിച്ച് വിശദമായ പഠനം വേണമെന്നും നിര്‍ദേശങ്ങള്‍ ഉയരുന്നു. ടോക്‌സിക് ടീച്ചിങ്ങിനെ വിമര്‍ശിക്കാനും ചിത്രത്തിലൂടെ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ വിനേഷ് വിശ്വനാഥ് മാതൃഭൂമിയോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

അര്‍ധ വൃത്താകൃതിയിലുള്ള ക്ലാസ് മുറി, രാജ്യത്തൊട്ടാകെ മാറിച്ചിന്തിക്കുന്ന മാതൃക

ഒരുപാട് സ്‌കൂളുകളില്‍ നിന്ന് വിളി വരുന്നുണ്ട്. ആദ്യമൊക്കെ സോഷ്യല്‍ മീഡിയയില്‍ നമ്മളെ ടാഗ് ചെയ്ത് പുതിയ മാറ്റത്തെക്കുറിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെക്കുമായിരുന്നു. ദേശീയ മാധ്യമങ്ങളില്‍ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിന് ശേഷം എത്ര സ്‌കൂളുകളില്‍ ഈ മാറ്റം വന്നുവെന്ന കണക്കുപോലും സൂക്ഷിക്കാന്‍ സാധിക്കാതെയായി. പുതിയ ഒരുപാട് സ്‌കൂളുകള്‍ ഈ മാതൃക നടപ്പിലാക്കി. തമിഴ്‌നാട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി, ഹൈദരാബാദിലും ബംഗാളിലും ഉത്തരവ് വന്നുവെന്ന് അറിയുന്നു.

ക്ലൈമാക്‌സില്‍ ഒരു വൗ ഫാക്ടര്‍ വേണമെന്നുണ്ടായിരുന്നു. ഒരുപാട് ചര്‍ച്ചകളൊന്നും നടത്തേണ്ടി വന്നില്ല. ആദ്യമേ ഈ ആശയം മതിയെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. മൂന്നാം ക്ലാസില്‍ ഞാനും ഇത്തരത്തിലിരുന്ന് പഠിച്ചിട്ടുണ്ട്. സിനിമയില്‍ ഒരു ഏഴാം ക്ലാസുകാരന്റെ ആശയമായാണ് അവതരിപ്പിച്ചത്.

ഒരുപാട് റിസര്‍ച്ച് നടത്തി, കുട്ടികളെ അഭിമുഖം നടത്തി

കാക്ക മുട്ടൈ എനിക്ക് വളരെയേറെ പ്രിയപ്പെട്ട ചിത്രമാണ്. ആ ചിത്രം കണ്ടതുമുതലേ കുട്ടികളെ വെച്ചൊരു ആശയം മനസ്സില്‍ തോന്നിയിരുന്നു. ഞങ്ങളുടേത് കുട്ടികളുടെ സിനിമ എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. കുട്ടികളെ വെച്ചൊരു കൊമേഴ്ഷ്യല്‍ സിനിമ എന്നതായിരുന്നു ആഗ്രഹം. 2018 ലാണ് ഈ ചിത്രത്തിന്റെ ആശയം കിട്ടുന്നത്. അന്ന് സിനിമ ചെയ്യാനുള്ള ധൈര്യമൊന്നും ഇല്ലായിരുന്നു. ഷോര്‍ട് ഫിലിം ആയിട്ട് ചെയ്യാമെന്നായിരുന്നു ആദ്യം വിചാരിച്ചത്. തമാശ രീതിയിലായിരുന്നു പ്ലാന്‍ ചെയ്തത്. ഇപ്പോഴത്തെ പൊളിറ്റിക്കല്‍ വശമോ ആഴത്തിലുള്ള കഥയോ ഒന്നും അപ്പോഴില്ലായിരുന്നു. പിന്നെയാണ് ചിത്രത്തിന്റെ സാധ്യതയെക്കുറിച്ച് തിരിച്ചറിയുന്നത്. ഞാനും ആനന്ദ് മന്മദനും മുരളീകൃഷ്ണനും കൈലാസും ചേര്‍ന്ന് സിനിമ എന്ന രീതിയിലേക്ക് കഥ വികസിപ്പിച്ചു. ഞങ്ങള്‍ ഒരുപാട് റിസര്‍ച്ച് നടത്തി. മാതാപിതാക്കളുടെ അനുവാദത്തോടെ കുട്ടികളെ അഭിമുഖം നടത്തി. എന്നിട്ടാണ് തിരക്കഥയിലേയ്ക്ക് കടന്നത്. ചിത്രത്തിലെ 80 ശതമാനം കഥാപാത്രങ്ങളും യഥാര്‍ഥ ജീവിതത്തില്‍നിന്നാണ്.

sthaanarthi sreekuttan

ആശയത്തെ എതിര്‍ത്തുകൊണ്ടും ഒരുപാടുപേര്‍ വന്നു, അതൊരു നല്ല സൂചനയാണ്

അര്‍ധ വൃത്താകൃതിയിലെ ക്ലാസ് എന്ന ആശയത്തെ വിമര്‍ശിച്ച് ഒരുപാട് കമെന്റുകള്‍ വന്നു. കുട്ടികളുടെ കഴുത്തിന് പ്രശ്‌നം വരും എന്നൊക്കെ പറയുന്നുണ്ട്. സത്യം പറഞ്ഞാല്‍ അത്തരം ചര്‍ച്ചകള്‍ നല്ലതാണ്. നിലവിലുള്ള സിസ്റ്റത്തിന് പ്രശ്‌നമുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. ഈ മാതൃക മാത്രമാണ് ശരിയെന്ന് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. മാറ്റം വേണം, അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കണം.

ഈ ആശയം നടപ്പിലാക്കുന്ന സ്‌കൂളുകള്‍ ഇതൊരു ട്രയല്‍ ആന്‍ഡ് എറര്‍ രീതിയില്‍ ചിന്തിക്കണം. വേണ്ട മാറ്റങ്ങള്‍ വരുത്തണം. ടീച്ചര്‍മാരുടെ ഭാഗത്ത് നിന്ന് ഒരുപാട് ആശയങ്ങള്‍ നമുക്ക് ലഭിച്ചിരുന്നു. ബ്ലാക്ക് ബോര്‍ഡിനെ കേന്ദ്രീകരിച്ചാണ് എല്ലാവരും അഭിപ്രായങ്ങള്‍ അറിയിക്കുന്നത്. അങ്ങനെയല്ല, ടീച്ചറാണ് കേന്ദ്രം. ടീച്ചര്‍ നില്‍ക്കുന്ന സ്ഥാനം വെച്ച് നോക്കുമ്പോള്‍ കുട്ടികളെല്ലാം നേര്‍രേഖയില്‍ വരും. കുട്ടികള്‍ക്ക് റൊട്ടേഷന്‍ സമ്പ്രദായവും ചിന്തിക്കാവുന്നതാണ്. നോട്ട് എഴുതുന്ന സമയം മാത്രമാണ് ബോര്‍ഡിന്റെ ആവശ്യം. പല സ്‌കൂളുകളും ഈ ആശയത്തിന്റെ ഗുണവും ദോഷവും ചിന്തിക്കുന്നുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ ഈ ആശയം നടപ്പിലാക്കിയപ്പോള്‍ പ്രതിപക്ഷം എതിര്‍ത്തു. പക്ഷേ ഇപ്പോഴുള്ള സിസ്റ്റത്തിന് പ്രശ്‌നമുണ്ടെന്ന് അവരും സമ്മതിക്കുന്നുണ്ട്.

തീയേറ്ററില്‍ വന്നപ്പോള്‍ പുഷ്പയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല

ഇപ്പോള്‍ കിട്ടുന്ന പ്രതികരണങ്ങളില്‍ ഒരുപാട് സന്തോഷമുണ്ട്. ഒടിടിയില്‍ എത്തുമ്പോള്‍ ചിത്രമൊരു സംസാരവിഷയമാകുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ല. അഭിമാനം തോന്നുന്ന നിമിഷം കൂടിയാണിത്.

തീയേറ്ററില്‍ ചിത്രമിറങ്ങിയ സമയത്ത് വേണ്ടത്ര വിജയം ലഭിച്ചിരുന്നില്ല. പക്ഷേ ചിത്രം കണ്ട ഒരുപാടുപേര്‍ നല്ല അഭിപ്രായം പറഞ്ഞിരുന്നു. ഞങ്ങളുടെ ചിത്രമിറങ്ങിയ സമയത്താണ് പുഷ്പ 2 റിലീസാകുന്നത്. പുഷ്പയ്‌ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ഞങ്ങളുടെ ഈ കൊച്ചുചിത്രത്തിന് സാധിച്ചില്ല. ഞങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനി പരമാവധി ശ്രമിച്ചു. ചില തീയേറ്ററുകളില്‍ രണ്ടാഴ്ചത്തോളം ചിത്രം പ്രദര്‍ശിപ്പിച്ചു.

sthaanaarthi sreekuttan

ഒടിടി റിലീസ് വൈകിയത് വിഷമിപ്പിച്ചു, ഇപ്പോള്‍ ഉത്തരവാദിത്വം കൂടി

ചിത്രത്തിന്റെ ഒടിടി റിലീസ് വൈകിയത് മനസ്സിനെ വേദനിപ്പിച്ചിരുന്നു. ചെറിയൊരു ചിത്രം തീയേറ്ററില്‍ കാണണോ എന്ന് ചിന്തിക്കാതെ ആദ്യം എത്തിയ പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ട്. അവരൊക്കെ ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങളും പറഞ്ഞിരുന്നു. അവരാണ് ഞങ്ങളെ ആദ്യം വിശ്വസിച്ചത്.

തിയേറ്ററില്‍ നിന്ന് മാറിയതിന് ശേഷം ഒടിടിയില്‍ എത്തിക്കല്‍ ശ്രമകരമായ ജോലിയായിരുന്നു. ചെറിയ പടം, വലിയ താരങ്ങളില്ല എന്നൊക്കെയുള്ള പ്രതികരണങ്ങള്‍ കേട്ടു. ആറ് മാസക്കാലം ഒരുപാടുപേര്‍ ചിത്രം നിരസിച്ചു. ആ സമയത്ത് അടുത്ത ചിത്രവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ ഹൗസുകളെ സമീപിക്കുമ്പോള്‍ നമ്മളെ അറിയാത്ത അവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ അവിടെനിന്ന് ഒരുപാടുദൂരം മുന്നോട്ട് വന്നു. ഇനി അടുത്ത ചിത്രങ്ങള്‍ക്ക് ഉത്തരവാദിത്വം കൂടുതലാണ്.

ഞാനുമൊരു ബാക്ക് ബെഞ്ചര്‍, പഠിപ്പിസ്റ്റ് വില്ലനാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു

പഠിക്കുന്ന സമയത്ത് ഞാനുമൊരു ബാക്ക് ബെഞ്ചര്‍ ആയിരുന്നു. ഉയരവും അതിലൊരു ഘടകമാണ്. അലമ്പുമല്ല, വലിയ പഠിക്കുന്നയാളുമല്ല. രണ്ടിനും ഇടയില്‍ നില്‍ക്കുന്ന ആളായിരുന്നു. എന്റെ ജീവിത്തില്‍ ഒരുപാട് ശ്രീക്കുട്ടന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്. ചിത്രത്തിലേത് പോലത്തെ അധ്യാപകനും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നോടുള്ള സാറിന്റെ പെരുമാറ്റവും മറ്റ് കുട്ടികളോടുള്ള പെരുമാറ്റവും തമ്മിലുള്ള വ്യത്യാസം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. നമ്മള്‍ നാല് എഴുത്തുകാരുടേയും അനുഭവങ്ങളില്‍ നിന്നാണ് കഥാപാത്രങ്ങള്‍ സംഭവിക്കുന്നത്. നാല് പേര്‍ക്കും ഈ സാറിനെപ്പോലുള്ളവരുടെ കഥ പറയാനുണ്ടായിരുന്നു. ശ്രീക്കുട്ടന്റെ ഭാഗത്ത് നിന്നും കഥ പറയുമ്പോള്‍ അമ്പാടിക്ക് വില്ലന്‍ പരിവേഷം ലഭിക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. പഠിപ്പിസ്റ്റുകളെ വില്ലന്മാരാക്കുന്ന സ്ഥിരം ക്ലീഷേ ഒഴിവാക്കണമെന്നുണ്ടായിരുന്നു. തുല്യതയെക്കുറിച്ചാണല്ലോ നമ്മള്‍ പറയുന്നത്.

ടോക്‌സിക് ടീച്ചിങ് ഒരു പ്രശ്‌നമാണ്, എന്റെ ജീവിതത്തിലുമുണ്ട് ഒരു സിപി

ചിത്രത്തില്‍ അജു ചേട്ടന്‍ ചെയ്ത സിപി എന്ന കഥാപാത്രത്തിന് സമാനമായ അധ്യാപകന്‍ ഞങ്ങള്‍ നാല് എഴുത്തുകാരുടേയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഷോര്‍ട് ഫിലിം എന്നതില്‍ നിന്ന് സിനിമയിലേക്ക് എത്തുമ്പോള്‍ ആ അധ്യാപകന്റെ ആവശ്യം ചിത്രത്തിന് ഉണ്ടെന്ന് മനസ്സിലാക്കി. സുലേഖ എന്ന ടീച്ചറായിരുന്നു ആദ്യം മനസ്സില്‍. ആ രീതിയില്‍ സിനിമ പ്രാവര്‍ത്തികമാക്കാന്‍ കുറച്ച് പ്രയാസം നേരിട്ടു. ആ സമയത്ത് ഗുപ്തന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു അജു ചേട്ടനെ കരുതിയിരുന്നത്. ആ കഥാപാത്രമാണ് കണ്ണന്‍ ചേട്ടന്‍ ചെയ്തത്. അജു ചേട്ടന്റെ കഥാപാത്രം മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം അതില്‍ ഓക്കെയായിരുന്നു. പുള്ളിയിലെ നടനെ ചലഞ്ച് ചെയ്യുന്ന കഥാപാത്രമായിരുന്നു ഇത്. സിപി എന്ന കഥാപാത്രത്തെ റിലേറ്റ് ചെയ്യാന്‍ അജു ചേട്ടനും സാധിച്ചു.

അജു വര്‍ഗീസ് എന്ന പ്രൊഫഷണല്‍

ആദ്യമായി ഞങ്ങള്‍ കഥ പറയുന്നത് അജു ചേട്ടനോടാണ്. അദ്ദേഹമാണ് ഞങ്ങളെ നിര്‍മാതാക്കളുടെ പക്കൽ എത്തിച്ചത്. പതിനാറോളം നിര്‍മാതാക്കളോട് കഥ പറഞ്ഞു. ഷൂട്ടിന്റെ സമയത്തും പ്രമോഷന്റെ സമയത്തും ഒക്കെ അജു ചേട്ടന്‍ ഒപ്പമുണ്ടായിരുന്നു. ഗംഭീര നടന്‍ എന്നപോലെ തന്നെ അതിഗംഭീര പ്രൊഫഷണല്‍ കൂടിയാണ് അദ്ദേഹം. സൈജു കുറുപ്പ് ഉള്‍പ്പടെയുള്ള പ്രൊഫഷണലുകള്‍ക്കൊപ്പം ആദ്യ സിനിമ ചെയ്യാനായതില്‍ ഒരുപാട് സന്തോഷം.

തിരുവനന്തപുരത്തും കൊച്ചിയിലുമായിരുന്നു ചിത്രത്തിന്റെ ഓഡിഷന്‍. സാം ജോര്‍ജ് എന്ന ആക്ടിങ് ട്രെയിനറാണ് ഓഡിഷന് നേതൃത്വം നല്‍കിയത്. ഓഡിഷനായി ഒരുപാട് കുട്ടികള്‍ എത്തിയിരുന്നു. തിരഞ്ഞെടുത്ത കുട്ടികളെ വെച്ച് ഒരു ആക്ടിങ് ക്ലാസ് തിരുവനന്തപുരത്ത് നടത്തി. ഇവിടുത്തെ സ്ലാങ് ഒക്കെ പഠിപ്പിക്കണമായിരുന്നു. ട്രെയിനിങ് ചെയ്യുകയാണെന്ന് കുട്ടികള്‍ മനസ്സിലാക്കാത്ത രീതിയിലായിരുന്നു ക്ലാസുകള്‍. ട്രെയിങ് കഴിഞ്ഞതോടെ അവരെ വെച്ച് ഷൂട്ട് ചെയ്യാന്‍ എനിക്ക് കുറച്ചുകൂടി എളുപ്പമായി.

മമ്മൂക്ക എല്ലാം ശ്രദ്ധിക്കും, അദ്ദേഹത്തിന്റെ അഭിപ്രായം പുരസ്‌കാരം പോലെ

മമ്മൂക്ക സിനിമ കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അജു ചേട്ടന്‍ അദ്ദേഹത്തിന്റെ മെസേജ് കാണിച്ചുതരുന്നത്. ഒരു പുരസ്‌കാരം കിട്ടിയ പ്രതീതിയായിരുന്നു ഞങ്ങള്‍ക്ക്. സിനിമ കാണണമെന്ന് ഞാന്‍ മുന്‍പ് അദ്ദേഹത്തിന് മെസേജ് ഇട്ടിരുന്നു. അന്ന് ബെസ്റ്റ് വിഷസ് എന്ന് അദ്ദേഹം മറുപടിയും നല്‍കിയിരുന്നു. യൂട്യൂബിലെ ഒക്കെ കണ്ടന്റ് ധാരാളമായി കാണുന്നയാളാണല്ലോ മമ്മൂക്ക. പുതിയ കാര്യങ്ങളിലൊക്കെ അദ്ദേഹം അപ്‌ഡേറ്റഡാണ്. പുതിയ ആളുകളെ ഒക്കെ ശ്രദ്ധിക്കുന്ന വ്യക്തിയാണ്. ഞങ്ങളുടെ പടം കണ്ട് ഇഷ്ടമായെന്ന് അറിയിച്ചതില്‍ ഒരുപാട് സന്തോഷം.

ഷോര്‍ട് ഫിലിമിലൂടെ തുടക്കം, പിന്നെ സഹസംവിധാനം, ഇപ്പോള്‍ സംവിധായകന്‍

പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു ഷോര്‍ട് ഫിലിം ചെയ്യുന്നത്. അത് പുറത്ത് കാണിക്കാന്‍ കൊള്ളാവുന്ന ഒന്നായിരുന്നില്ല. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിനിമയാണ് എന്റെ വഴിയെന്ന തോന്നലുണ്ടാകുന്നത്. രണ്ടാം വര്‍ഷത്തില്‍ പഠിക്കുമ്പോഴാണ് യൂട്യൂബില്‍ എന്റെ ഒരു ഷോര്‍ട് ഫിലിം റിലീസാകുന്നത്. പിന്നെ അഞ്ച് ഷോര്‍ട് ഫിലിമും ഒരു ഡോക്യുമെന്ററിയും ചെയ്തു. കുറച്ച് പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2018-ല്‍ അന്വേഷണം എന്ന ചിത്രത്തിലൂടെ സഹസംവിധായകനായി അരങ്ങേറ്റം കുറിച്ചു. വേറെ സിനിമകളിലും സഹസംവിധായകനായി പ്രവര്‍ത്തിക്കണം എന്ന് കരുതിയിരുന്നതാണ്. പക്ഷേ പിന്നീട് സ്വന്തമായി സിനിമ ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.

എന്റെ സിനിമ ഒരു മെസേജ് നല്‍കിയിട്ടില്ല

ഈ സിനിമ ഒരു മെസേജ് കൊടുത്തുവെന്ന് ഞാന്‍ കരുതുന്നില്ല. ഒരു മെസേജ് നല്‍കാനായി സിനിമയെടുത്താല്‍ ആ മെസേജിനെ വില്‍ക്കുന്നു എന്നതാണ് അര്‍ഥം. ഞാന്‍ ആ മെസേജ് സെല്‍ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെയൊരു ആഗ്രഹം ഇനി മുന്നോട്ടുമില്ല. ചിത്രത്തില്‍ പറയുന്ന കാര്യം മെസേജ് ആയി എടുക്കണോ പ്രസ്താവനയായി എടുക്കണോ എന്നത് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം.

ഇപ്പോള്‍ സിനിമാരംഗത്തുള്ളവര്‍ തിരിച്ചറിയുന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ആളുകളെ ബന്ധപ്പെടാന്‍ ഇപ്പോള്‍ കുറച്ചുകൂടി എളുപ്പമായിട്ടുണ്ട്. 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' തന്നെയാണ് എന്റെ അഡ്രസ്സ്.

Content Highlights: vinesh viswanath manager interrogation sthanarthi sreekuttan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article