'The person you are to death, the much live you feel. It's a fantastic mode to live. It's the lone mode to drive.'
-James Hunt
(British F1driver)
പൂര്‍ണതയ്ക്ക് വേണ്ടിയുള്ള മനുഷ്യന്റെ ഭ്രാന്തമായ ആഗ്രഹം എത്തിനില്‍ക്കുന്ന വഴികളിലൊന്നാണ് ഫോര്‍മുല വണ്‍ എന്ന കാറോട്ടമത്സരം. വേഗതയോടുള്ള മനുഷ്യന്റെ പ്രണയത്തിന്റെ ഏറ്റവും മൂര്‍ത്തമായ രൂപങ്ങളിലൊന്ന്. മറ്റൊന്നിനോടും അതിനെ താരതമ്യം ചെയ്യാനാകില്ല. മറ്റൊന്നിനും അതിനെ പകരംവെക്കാനാകില്ല. ആവേശത്തിലും അപകടസാധ്യതയിലും സമ്പത്തിലുമെല്ലാം ഫോര്‍മുല വണ്‍ എന്നും ഒരു പടി മുകളില്‍ തന്നെയായിരിക്കും. എഴുപത്തഞ്ച് വര്‍ഷം പിന്നിടുന്ന ഈ ഭ്രാന്തന്‍ മോട്ടോര്‍സ്പോര്‍ട്ടിന്റെ ലോകത്ത് പല കാലത്തും പല രാജാക്കന്മാരുണ്ടായിരുന്നു. വേഗതയെ കീഴടക്കി ദൂരത്തെ അമ്മാനമാടിയ അവര്‍ക്കെല്ലാം വലിയ ആരാധകരുമുണ്ടായിരുന്നു. എന്നാല്‍, മറ്റ് കായിക ഇനങ്ങളില്‍ നിന്ന് എഫ് വണ്ണിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് ഇത്തരം രാജവാഴ്ചകള്‍ക്ക് വലിയ ആയുസ്സില്ല എന്നതാണ്. പുതിയ വിജയികളുണ്ടാവുമ്പോള്‍ പഴയവര്‍ വിസ്മൃതിയിലേക്ക് മറയുന്നു. എന്നാല്‍ ഒരാള്‍, ഒരാൾ മാത്രം അതിനെയെല്ലാം അതിജീവിച്ച് അനശ്വരനായി നിലകൊള്ളുകയാണ്. എഫ് വണ്‍ ചരിത്രത്തിലെ ദുരന്തനായകനായിരുന്ന അയര്‍ട്ടണ്‍ സെന്ന. ഇറ്റലിയിലെ സാൻ മരീനോ റേസിങ് ട്രാക്കില്‍ മണിക്കൂറിൽ മൂന്നൂറ് കിലോമീറ്ററിലേറെ വേഗതിയില്‍ ഓടുന്നതിനിടയിൽ കാറ് മതിലിടിച്ച് തകര്‍ന്ന് അയാള്‍ കൊല്ലപ്പെട്ടിട്ട് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്. പുതിയ ചാമ്പ്യന്‍മാര്‍ നിരവധിയുണ്ടായി. അയാളുടെ റെക്കോര്‍ഡുകളെല്ലാം തകര്‍ക്കപ്പെട്ടു. എങ്കിലും സെന്ന എന്ന പേര് കേള്‍ക്കുമ്പോള്‍ ലോകം ഇന്നും സങ്കടപ്പെടുന്നു... വിലപിക്കുന്നു... ആവേശത്താല്‍ ആര്‍ത്തുവിളിക്കുന്നു....
എന്താണ് ഫോര്‍മുല വണ്‍
നേരത്തെ കൃത്യമായ ക്രമത്തിലല്ലാതെ നടന്നിരുന്ന ഗ്രാന്‍പ്രി റേസിങ്ങിന് ഒരു ഏകീകൃത രൂപം വരുന്നത് 1946ലാണ്. ആ വര്‍ഷമാണ് അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഫെഡറേഷന്‍ (എഫ്ഐഎ) രൂപീകൃതമാകുന്നത്. 1950 മേയ് 13ന് ഇംഗ്ലണ്ടിലെ സില്‍വര്‍സ്റ്റോണ്‍ സര്‍ക്യൂട്ടില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പാണ് ആദ്യത്തെ എഫ് വണ്‍ ചാമ്പ്യന്‍ഷിപ്പായി പരിഗണിക്കപ്പെടുന്നത്. മത്സരത്തില്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്ന അര്‍ഥത്തിലുള്ള ഫോര്‍മുല എന്ന വാക്കില്‍ നിന്നാണ് ആ പേര് വരുന്നത്. ആദ്യകാലത്ത് ഡ്രൈവര്‍മാര്‍ക്ക് മാത്രമായിരുന്നു മത്സരം. 1958 ലാണ് നിര്‍മ്മാതാക്കളും മത്സരത്തിന്റെ ഭാഗമാവുന്നത്. വളരെ പെട്ടെന്ന് തന്നെ ഫോര്‍മുല വണ്‍ ഒരു മള്‍ട്ടി ബില്യണ്‍ ഡോളര്‍ ബിസിനസായി മാറി. കോര്‍പ്പറേറ്റ് പരസ്യങ്ങളും ടി.വി സംപ്രേക്ഷണവുമെല്ലാമായി കോടികളാണ് എഫ് വണ്ണില്‍ മറിയുന്നത്. നിലവില്‍ അമേരിക്ക ആസ്ഥാനമായുള്ള ലിബര്‍ട്ടി മീഡിയയുടെ കീഴിലാണ് ഫോര്‍മുല വണ്‍ പ്രവര്‍ത്തിക്കുന്നത്. മെല്‍ബണിലെ ആല്‍ബര്‍ട്ട് പാര്‍ക്കില്‍ നടക്കുന്ന ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രി മുതല്‍ അബുദാബിയിലെ യാസ് മരീന സര്‍ക്യൂട്ടില്‍ അവസാനിക്കുന്ന ഗ്രാന്‍പ്രി വരെ 24 ഗ്രാന്‍പ്രികളാണ് ഫോര്‍മുല വണ്ണിലുള്ളത്. നൂറുകണക്കിന് കോടികളാണ് ഓരോ കമ്പനികളും ഓരോ വര്‍ഷവും ഫോര്‍മുല വണ്ണിനായി പൊടിക്കുന്നത്. ഒരു കമ്പനിക്ക് രണ്ട് ഡ്രൈവര്‍മാര്‍ക്ക് പുറമെ ആയിരക്കണക്കിന് സപ്പോര്‍ട്ടിങ് സ്റ്റാഫുമുണ്ടാവും. കാറ് നിര്‍മ്മാണവും ഡ്രൈവര്‍മാരുടെ വേതനവും മുതല്‍ പിആറും പരസ്യങ്ങളും വരെ പോകുന്നു ചെലവുകള്‍. ഇത് മുതലാകുന്ന രീതിയിലുള്ള വരുമാനമൊന്നും എല്ലായിപ്പോഴും റേസിങ് ടീമുകൾക്ക് എഫ് വണ്ണില്‍ നിന്ന് കിട്ടിക്കോളണമെന്നുമില്ല. എന്നാല്‍ എല്ലാ കമ്പനികള്‍ക്കും എഫ് വണ്‍ അവരുടെ അഭിമാനത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ വിജയത്തനായി ഏതറ്റംവരെയും പോകാന്‍ ആരും മടിക്കാറില്ല.

ഗോ-കാര്‍ട്ട് റേസിലെ അത്ഭുതബാലന്‍
1960 മാര്‍ച്ച് 21 ന് ബ്രസീലിലെ സാവോ പോളോയിലെ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു അയര്‍ട്ടണ്‍ സെന്ന ദ സില്‍വ ജനിക്കുന്നത്. പിതാവ് മില്‍ട്ടണ്‍ ഒരു ഫാക്ടറി ഉടമയായിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് മക്കളില്‍ രണ്ടാമനായിരുന്നു സെന്ന. മൂത്ത സഹോദരി വിവിയനും അനിയന്‍ ലിയനാര്‍ഡോയ്ക്കും ഒപ്പം സാവോപോളോയിലാണ് സെന്ന തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. അച്ഛന്റെയും അമ്മയുടെയും ഓമനയായിരുന്ന സെന്നയെ 'ബെക്കോ' എന്ന എന്ന ചെല്ലപ്പേരിലായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. വളരെ കുട്ടിയായിരുന്ന സമയത്ത് തന്നെ സെന്നയ്ക്ക് കാറുകളോട് പ്രിയം തുടങ്ങിയിരുന്നു. അവന്റെ താല്‍പര്യം തിരിച്ചറിഞ്ഞ പിതാവ് വെറും നാല് വയസ്സ് മാത്രമുള്ളപ്പോള്‍ അവന് വേണ്ടി ഒരു ഗോ-കാര്‍ട്ട് (റേസിങ് മത്സരങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുന്ന കുഞ്ഞന്‍ കാര്‍) നിര്‍മ്മിച്ചു കൊടുത്തിരുന്നു. വളരെ പെട്ടെന്ന് തന്നെ അതോടിക്കുന്നതില്‍ വിദഗ്ധനായി മാറിയ സെന്ന പ്രാദേശിക ഗോ-കാര്‍ട്ട് മത്സരങ്ങളിലെല്ലാം ചാമ്പ്യനായിത്തീര്‍ന്നു. ഇതോടെ റേസിങ് സെന്നയ്ക്ക് ലഹരിയായി മാറി.
1977ല്‍ സൗത്ത് അമേരിക്കന്‍ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പ് നേടിയതോടെയാണ് സെന്ന ഈ മേഖലയില്‍ ശ്രദ്ധിക്കപ്പട്ടുതുടങ്ങിയത്. ഇതാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ സെന്ന മെച്ചപ്പെട്ട അവസരങ്ങള്‍ക്കായി യൂറോപ്പിലേക്ക് മാറാന്‍ തീരുമാനിച്ചു. 1981ലാണ് സെന്ന ഇംഗ്ലണ്ടിലെത്തുന്നത്. അതോടെ ഗോ-കാര്‍ട്ടില്‍ നിന്ന് കാര്‍ റേസിങ്ങിലേക്കുള്ള വലിയ മാറ്റവുമുണ്ടായി. ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് മുന്നോടിയായി തന്റെ കളിക്കൂട്ടുകാരിയായിരുന്ന ലിലിയനെ സെന്ന വിവാഹം ചെയ്തു. ഇരുവരും ഒന്നിച്ചാണ് ഇംഗ്ലണ്ടിലേക്ക് പോകുന്നത്. 1981 മുതല്‍ 84 വരെയുള്ള കാലയളവില്‍ അഞ്ച് ചാമ്പ്യന്‍ഷിപ്പുകളായിരുന്നു സെന്ന നേടിയത്. അതില്‍ ബ്രിട്ടീഷ് ഫോര്‍മുല 3 ചാമ്പ്യന്‍ഷിപ്പുമുണ്ടായിരുന്നു. ഇക്കാലത്താണ് ബ്രിട്ടീഷ് ഡ്രൈവറായ മാര്‍ട്ടിന്‍ ബ്രന്‍ഡിലും സെന്നയും തമ്മിലുള്ള വാശിയേറിയ റേസുകളുണ്ടാകുന്നത്. എല്ലാ റേസിലും മാര്‍ട്ടിന്‍ അവസാന നിമിഷം വരെ പോരാടിയെങ്കിലും വെന്നിക്കൊടി പാറിച്ചത് തുടക്കക്കാരനായ സെന്നയായിരുന്നു. ഇതിനിടയില്‍ റേസിങ്ങിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച സെന്ന ലിലിയനുമായി അകലുകയും ഇരുവരും പിരിയുകയും ചെയ്തതു. ഇത് സെന്നയെ മാനസികമായി തളർത്തിയെങ്കിലും റേസിങ് കാറുകളുടെ മുഴക്കം അയാളെ വീണ്ടും ട്രാക്കിലേക്ക് തിരിച്ചുകൊണ്ടുവന്നു.

എഫ് വണ്ണിലേക്ക്
എഫ്3 റേസിങ്ങിലെ പുതിയ താരോദയമായ ബ്രസീലുകാരന്‍ കുട്ടി ഡ്രൈവറെ അപ്പോഴേക്കും എഫ്1ലെ വന്‍കിട ടീമുകള്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. എല്ലാവരെയും പോലെ ടെസ്റ്റ് ഡ്രൈവറായാണ് സെന്നയും എഫ്1ല്‍ തുടങ്ങിയത്. എന്നാല്‍ ടെസ്റ്റ് ഡ്രൈവറായി ഇരിക്കാന്‍ സെന്നയ്ക്ക് വലിയ താല്‍പര്യമില്ലായിരുന്നു. വിജയികള്‍ കപ്പുമായി നില്‍ക്കുന്ന പോഡിയത്തിലേക്കായിരുന്നു എപ്പോഴും അയാളുടെ നോട്ടം. ലോട്ടസ്, മക്ലാരൻ എന്നിവ ഉള്‍പ്പടെയുള്ള മുന്‍നിര കമ്പനികള്‍ സെന്നയുമായി കരാറൊപ്പിടാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ഡെവലപ്‌മെന്റ് ഡ്രൈവറായുള്ള ഈ കോണ്‍ട്രാക്ടുകള്‍ ഒപ്പിടാന്‍ സെന്ന തയ്യാറായില്ല. എഫ്1 റേസില്‍ കുറഞ്ഞതൊന്നും അയാളിലെ ചാമ്പ്യനെ തൃപ്തിപ്പെടുത്തിയിരുന്നില്ല. അത് സാധ്യമാക്കിയത് ടോള്‍മാന്‍ എന്ന എഫ്1ലെ താരതമ്യേനെ ചെറുകിട ടീമായിരുന്നു. അങ്ങനെ 1984 സീസണില്‍ അയര്‍ട്ടണ്‍ സെന്ന 24 കാരന്‍ തന്റെ എഫ്1 ജൈത്രയാത്രയ്ക്ക് തുടക്കമിട്ടു. എന്നാല്‍ തുടക്ക സീസണ്‍ അത്ര സുഖകരമായിരുന്നില്ല. മറ്റ് കമ്പനികളെ വെച്ച് നോക്കുമ്പോള്‍ സാമ്പത്തികമായി പിറകിലായിരുന്ന ടോള്‍മാന്റെ കാറും സപ്പോര്‍ട്ടിങ് ടീമും മോശമായിരുന്നു. ആ സീസണല്‍ അഞ്ച് റേസുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് സെന്ന ഫിനിഷ് ചെയ്തത്. അത് രണ്ടും ആറാം സ്ഥാനത്തുമായിരുന്നു. ഫ്രാന്‍സില്‍ നടന്ന ആറാമത്തെ റേസില്‍ ടോള്‍മാന്‍ പുതിയ കാർ ഇറക്കിയെങ്കിലും വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചിരുന്നില്ല.
അത്ഭുതം കാത്തിരുന്നത് അടുത്ത റേസിലായിരുന്നു. ഏഴാമത്തെ റേസില്‍ സെന്നയ്ക്കും ടീമിനും വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. ഒരു സാധാരണ എഫ്1 റേസ് എന്ന നിലയിലാണ് മോണാക്കോയില്‍ ആ റേസിന് തുടക്കമായത്. എന്നാല്‍ എല്ലാ പ്രവചനങ്ങള്‍ക്കുമപ്പുറത്ത് മോണാക്കോയില്‍ വലിയ രീതിയില്‍ മഴ പെയ്തു. മഴപെയ്ത് കുതിർന്ന ട്രാക്കിലൂടെ കാറുകള്‍ പായിക്കുക എന്നത് എല്ലാ റേസര്‍മാരുടെയും പേടിസ്വപ്‌നമായിരുന്നു. ഏറ്റവും കൂടുതല്‍ അപകടങ്ങളും ഉണ്ടായിട്ടുള്ളത് ഇത്തരം സാഹചര്യങ്ങളിലായിരുന്നു. സുരക്ഷ ആശങ്കകള്‍ കാരണം ചിലര്‍ മത്സരത്തില്‍ നിന്ന് പിന്മാറുക പോലും ചെയ്തു. എന്നാല്‍ അയര്‍ട്ടണ്‍ സെന്ന എന്ന എഫ്1 ഡ്രൈവറുടെ അസാമാന്യ പ്രകടത്തിനായിരുന്നു അന്ന് മൊണാക്കോ ട്രാക്ക് സാക്ഷ്യം വഹിച്ചത്. മഴയത്ത് ഗോ-കാര്‍ട്ടുകള്‍ ഓടിച്ച് നല്ല പരിചയമുള്ള സെന്നയെ നനഞ്ഞ ട്രാക്ക് ഒട്ടും ഭയപ്പെടുത്തിയില്ല. റേസ് തുടങ്ങി വൈകാതെ തന്നെ പ്രമുഖ ഡ്രൈവര്‍മാര്‍ വരെ അപകടത്തില്‍പ്പെട്ടു. ട്രാക്കില്‍ അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ച സെന്ന ഒന്നാമതായി ഫിനിഷ് ചെയ്തു. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ ഒന്നാം സ്ഥാനം മക്ലാരന്റെ അലന്‍ പ്രോസ്റ്റിന് ഒന്നാം സ്ഥാനം ലഭിച്ചു. സെന്നയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ ഒരൊറ്റ റേസിലൂടെയാണ് സെന്ന എന്ന യുവ ഡ്രൈവറുടെ കഴിവ് ലോകം തിരിച്ചറിയാന്‍ തുടങ്ങിയത്.

1985ലാണ് സെന്നയുടെ കരിയറിന്റെ രണ്ടാം ഘട്ടം തുടങ്ങിയത്. ടോള്‍മാനുമായുള്ള കോണ്‍ട്രാക്ട് അവസാനിപ്പിച്ച് സെന്ന ലോകത്തിലെ പ്രധാന ടീമുകളിലൊന്നായ ലോട്ടസുമായി കരാറൊപ്പിട്ടു. മികച്ച ടീമിലെത്തിയെങ്കിലും എഫ്1 ലെ രണ്ടാമത്തെ വര്‍ഷത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട റേസിങ് എന്ന് മാത്രമേ സെന്ന ചിന്തിച്ചിരുന്നുവുള്ളു. എന്നാല്‍ ലോട്ടസിന്റെ ലോകോത്തര കാറിലെത്തിയതോടെ സെന്നയെ തടയാന്‍ ആര്‍ക്കുമാവില്ലെന്ന കാര്യം സെന്നയ്ക്ക് പോലും അപ്പോള്‍ കൃത്യമായ ധാരണയുണ്ടായിരുന്നില്ല. സീസണിലെ ഏറ്റവും മികച്ച കാറും ഏറ്റവും മികച്ച ഡ്രൈവറും. അതൊരു വല്ലാത്ത കൂട്ടുകെട്ടായിരുന്നു.
1985 ഏപ്രില്‍ 21. ആ സീസണിലെ രണ്ടാമത്തെ റേസായ പോര്‍ച്ചുഗീസ് ഗ്രാന്‍പ്രി. അന്നും മഴ കോരിച്ചൊരിഞ്ഞു. ട്രാക്ക് നനഞ്ഞ് കുതിര്‍ന്നു. അത് സെന്നയുടെ ദിവസമായിരുന്നു. അപ്പോഴേക്കും നനഞ്ഞ് കുതിർന്ന ട്രാക്കുകളിലെ രാജാവാണ് താനെന്ന് അയാള്‍ തെളിയിച്ചിരുന്നു. മരണവുമായുള്ള മത്സരമായിരുന്നു മഴ നനഞ്ഞ ട്രാക്കില്‍ മൂടല്‍മഞ്ഞിലൂടെയുള്ള റേസിങ്. ലോട്ടസിന്റെ കിടിലന്‍ കാറില്‍ സെന്ന എതിരാളികളെ നിഷ്പ്രഭരാക്കി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. രണ്ടാം സ്ഥാനത്തെത്തിയ ഫെരാരിയുടെ മൈക്കല്‍ ആല്‍ബെര്‍ട്ടോയെ ഒഴിച്ച് ബാക്കിയുള്ള മുഴുവന്‍ പേരെയും സെന്ന ലാപ് ചെയ്തു. അതായത് സെന്നയുടെ അടുത്ത് പോലും എത്താന്‍ മറ്റാര്‍ക്കും സാധിച്ചില്ല. എഫ് വണ്‍ പോലെ ലോകത്തെ ഏറ്റവും മികച്ച ഡ്രൈവര്‍മാര്‍ മാറ്റുരയ്ക്കുന്ന വേദിയില്‍ അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നായിരന്നു അത്. ആ സീസണില്‍ ഒരു വിജയം കൂടിയ ആയപ്പോൾ സെന്ന ചാമ്പ്യന്‍ഷിപ്പിന് ഒരു ഭീഷണിയാവുമെന്ന് പലരും തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു.
വേഗതയുടെ ലോകവിജയങ്ങള്‍
ലോട്ടസില്‍ തുടര്‍ന്ന മൂന്ന് സീസണില്‍ ആറ് വിജയങ്ങളായിരുന്നു സെന്ന നേടിയത്. തുടര്‍ന്നാണ് 1988ല്‍ സെന്ന മക്ലാരനിലേക്ക് കൂടുമാറുന്നത്. സെന്നയെന്ന ഡ്രൈവര്‍ തുടര്‍ന്ന് നേടിയ മഹാവിജയങ്ങളെല്ലാം മക്ലാരൻ-ഹോണ്ട കൂട്ടുകെട്ടിനോടൊപ്പമായിരുന്നു. അക്കാലത്തെ ഏറ്റവും മികച്ച ഡ്രൈവര്‍മാരിലൊരാളും മുന്‍ ലോകചാമ്പ്യനുമായ അലൈന്‍ പ്രോസ്റ്റായിരുന്നു മക്ലാരനിലെ മറ്റൊരു ഡ്രൈവര്‍. ഒരു ടീമിലെ രണ്ട് ഡ്രൈവര്‍മാര്‍ തമ്മിലുള്ള തീപാറുന്ന മത്സരത്തിനായിരുന്നു പിന്നീടുള്ള എഫ് വണ്‍ സീസണുകള്‍ സാക്ഷ്യം വഹിച്ചത്. പലപ്പോഴും ആ മത്സരം കൈവിട്ടു പോകുന്ന സാഹചര്യങ്ങളുമുണ്ടായി. പ്രൊഫസര്‍ എന്ന് വിളിപ്പേരുള്ള പ്രോസ്റ്റ് ലോകം കണ്ട ഏറ്റവും മികച്ച ഡ്രൈവര്‍മാരിലൊരാളായിരുന്നു. സെന്നയും പ്രോസ്റ്റും തമ്മിലുള്ള മത്സരം എഫ് വണ്ണിനെ വേറൊരു തലത്തിലേക്ക് ഉയര്‍ത്തി. ഇരുവരും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതോടെ റെയിസിങ് ട്രാക്കില്‍ വിസ്മയങ്ങള്‍ പിറന്നു.

1988 സീസണില്‍ സുസുക്കയില്‍ നടന്ന ജപ്പാന്‍ ഗ്രാന്‍പിയില്‍ പ്രോസ്റ്റിനെ രണ്ടാമനാക്കി സെന്ന ഫോര്‍മുല വണ്ണിന്റെ മഹാവിജയമെന്ന കൊടുമുടി കയറി. തങ്ങളുടെ പ്രിയ പുത്രന്റെ എഫ് വണ്‍ ചാമ്പ്യന്‍ഷിപ്പ് വിജയത്തില്‍ ബ്രസീല്‍ ജനത ഇളകിമറിഞ്ഞു. വിശ്വവിജയം നേടി ജന്മനാട്ടിലെത്തിയ സെന്നയെ സ്വീകരിക്കാന്‍ ബ്രസീല്‍ ജനത തടിച്ചുകൂടി. പൊതുവേ പണക്കാരുടെ ഗെയിമായി അറിയപ്പെടുന്ന ഫോര്‍മുല വണ്ണിൽ സെന്ന നേടിയ വിജയം ആഘോഷിച്ചത് ബ്രസീലിലെ എല്ലാ വിഭാഗം ജനങ്ങളും ചേര്‍ന്നായിരുന്നു. ആ നാട്ടിലെ വലിയ ചേരിപ്രദേശങ്ങളിലെല്ലാം സെന്നയുടെ ചിത്രങ്ങളായിരുന്നു അക്കാലത്ത് കാണാന്‍ സാധിക്കുക. ഫുട്‌ബോള്‍ ദൈവങ്ങളുടെ നാട്ടിലാണിത് എന്നോര്‍ക്കുക. വലിയ പ്രതിസന്ധികളിലൂടെയായിരുന്നു ബ്രസീല്‍ അക്കാലത്ത് കടന്നുപോയത്. രാഷ്ട്രീയ അസ്ഥിരതയും ദാരിദ്രവുമെല്ലാം രാജ്യത്തെ വലിയ വിഭാഗം ജനങ്ങളെയും നല്ല രീതിയില്‍ ബാധിച്ചിരുന്നു. തങ്ങളുടെ വറുതിക്കിടയിലും തന്റെ വിജയം ആഘോഷിക്കുന്ന തന്റെ ജനതയെ കണ്ടപ്പോള്‍ സെന്നയുടെ മനസ് വല്ലാതെ വിഷമിച്ചു. അവര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് അന്നയാള്‍ മനസ്സിലുറപ്പിച്ചു.
89ല്‍ പ്രോസ്റ്റ് വീണ്ടും ലോക ചാമ്പ്യനായി. 1990, 91 വര്‍ഷങ്ങളില്‍ കിരീടം തിരിച്ചുപിടിച്ച് സെന്ന തന്റെ മഹാവിജയങ്ങള്‍ തുടര്‍ന്നു. ഇതിനിടയില്‍ പ്രോസ്റ്റും സെന്നയും തമ്മിലുള്ള മത്സരം കൈവിട്ട് ട്രാക്കില്‍ അപകടങ്ങളുണ്ടാകുന്ന തലത്തിലേക്ക് എത്തിയിരുന്നു. 1989ലും 90ലും ജപ്പാനീസ് ഗ്രാന്‍പ്രിയില്‍ കിരീടപ്പോരാട്ടത്തിന്റെ അവസാന ലാപ്പില്‍ പ്രോസ്റ്റിന്റെയും സെന്നയുടെയും കാറുകള്‍ തമ്മില്‍ ഉരസി. ഇതോടെ ഫോര്‍മുല വണ്‍ അധികൃതര്‍ വരെ ഇടപെടുന്ന സാഹചര്യമുണ്ടായി. 89ല്‍ പ്രോസ്റ്റിനെയും 90 ല്‍ സെന്നയെയും വിജയിയായി പ്രഖ്യാപിച്ചു. എഫ് വണ്‍ അധികൃതര്‍ പ്രോസ്റ്റിനെ വഴിവിട്ട് സഹായിക്കുകയാണെന്ന ഗുരുതരമായ ആരോപണം സെന്ന ഉയര്‍ത്തി. എഫ് വണ്‍ തലവന്‍ പ്രോസ്റ്റിന്റെ നാട്ടുകാരനാണെന്നതും ആരോപണത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. 89 സീസണില്‍ സെന്നയുടെ കൂടെ നില്‍ക്കാനാവില്ലെന്ന് പറഞ്ഞ് പ്രോസ്റ്റ് മക്ലാരൻ വിട്ട് ഫെറാരിയില്‍ ചേര്‍ന്നിരുന്നു. എന്നും വിജയം മാത്രമായിരുന്നു സെന്നയുടെ ലക്ഷ്യം. കിരീടമുയര്‍ത്തുന്നതിനപ്പുറത്തൊന്നും അയാളെ തൃപ്തിപ്പെടുത്തിയിരുന്നില്ല. സെന്നയുടെ ഡ്രൈവിങ് അപകടകരമായിരുന്നെന്നായിരുന്നു പ്രോസ്റ്റ് ഉയര്‍ത്തിയ ആരോപണം. ട്രാക്കില്‍ അപകടകരമായ രീതിയിലാണ് സെന്ന മറികടക്കുന്നതെന്ന് അയാള്‍ ചൂണ്ടിക്കാട്ടി. ട്രാക്കിലെ ഗ്യാപ്പ് മുതലാക്കുന്നില്ലെങ്കില്‍ നിങ്ങളൊരു മികച്ച ഡ്രൈവറല്ലെന്നായിരുന്നു സെന്നയുടെ മറുപടി. അവസാനകാലമാകുമ്പോഴേക്കും സെന്നയും പ്രോസ്റ്റും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം തീരുകയും വലിയ സൗഹൃദം ഉണ്ടാവുകയും ചെയ്തിരുന്നു.

സാന്‍ മാരിനോ ട്രാക്കിലെ ദുരന്തം
സെന്നയുടെ ലോകവിജയങ്ങള്‍ ബ്രസീലിനും പുറത്തും അയാളെ ഒരു ഇതിഹാസമാക്കി മാറ്റിയിരുന്നു. കേബിള്‍ ടെലിവിഷന്റെ വ്യാപനവും ഇതിന് ആക്കം കൂട്ടി. നിരവധി ഫുട്‌ബോള്‍ ദൈവങ്ങളുള്ള ആ നാട്ടില്‍ അതിനുമപ്പുറത്തേക്ക് സെന്ന വളര്‍ന്നു. ആഭ്യന്തരപ്രശ്‌നങ്ങളിലും സാമ്പത്തിക പ്രതിസന്ധികളിലും ബുദ്ധിമുട്ടുമ്പോഴും ബ്രസീല്‍ പതാകയുമേന്തി ഒരു ചെറുപ്പക്കാരന്‍ വേഗത്തിന്റെ കിരീടങ്ങളില്‍ മുത്തമിടുന്നത് അവര്‍ക്ക് ആശ്വാസമായി. അപ്പോഴേക്കും ലോകത്തിലേറ്റവും വലിയ വരുമാനം നേടുന്ന കായികതാരങ്ങളിലൊരാളായി മാറിയ സെന്ന തന്റെ അതില്‍ ഒരു ഭാഗം തന്റെ ജനതയ്ക്കായി മാറ്റിവെച്ചു. 1993ല്‍ നാലാം കിരീടം നേടി അലൈന്‍ പ്രോസ്റ്റ് ട്രാക്കില്‍ നിന്ന് വിരമിച്ച് അനൗണ്‍സറായി മാറിയിരുന്നു. സെന്ന വില്യംസ്-റെനോ ടീമിലേക്ക് മാറി വേഗങ്ങൾക്ക് പിറകെയുള്ള കുതിപ്പ് തുടർന്നു. പുതിയ കാറിലും സാങ്കേതികവിദ്യയിലും സെന്ന തൃപ്തനായിരുന്നില്ല. അക്കാലത്ത് റേസിങ്ങില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ വരുത്തിയ മാറ്റങ്ങള്‍ നിരന്തര അപകടങ്ങള്‍ക്ക് കാരണമായി. സെന്നയ്ക്ക് ഇതില്‍ വലിയ ആശങ്കകളുണ്ടായിരുന്നു.. ഇത് പറഞ്ഞ് പലരോടും അയാള്‍ കലഹിച്ചു. ഡ്രൈവര്‍മാരുടെ സുരക്ഷയെ ആരും പരിഗണിക്കുന്നില്ലെന്ന് പരാതി പറഞ്ഞു. അതിനായി ഇടപെടലുകള്‍ നടത്താന്‍ ശ്രമിച്ചു.

1994 മേയ് ഒന്നിന് സാന്‍ മാരിനോ റേസിന് ഇറങ്ങിയ സെന്നയുടെ മുഖത്ത് ആശങ്കകള്‍ പ്രകടമായിരുന്നു. തൊട്ട് മുന്‍പത്തെ ദിവസങ്ങളില്‍ ഒരു സഹ ഡ്രൈവര്‍ക്ക് പരിശീലനത്തിനിടെ ഗുരുതരമായി പരിക്കേറ്റതും ഓസ്‌ട്രേലിയന്‍ ഡ്രൈവര്‍ റോളന്‍ഡ് റാറ്റ്‌സന്‍ബര്‍ഗ് മത്സരത്തിനിടെ അപകടത്തില്‍ കൊല്ലപ്പെട്ടതും സെന്നയെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. കൊല്ലപ്പെട്ട ഡ്രൈവറോടുള്ള ബഹുമാനാര്‍ഥം ഈ റേസ് മാറ്റിവെക്കണമെന്ന് എഫ് വണ്‍ അധികൃതരോട് സെന്ന അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. റേസ് തുടങ്ങിയതോടെ സെന്ന എല്ലാം മറന്ന് കുതിച്ചുപാഞ്ഞു. അലൈന്‍ പ്രോസ്റ്റ് കമന്ററി ബോക്‌സിലിരുന്ന് തന്റെ പഴയ പ്രതിയോഗിക്ക് സ്നേഹത്തോടെ വിജയാശംസ നേര്‍ന്നു. ഏഴാമത്തെ ലാപ്പില്‍ മൈക്കല്‍ ഷുമാക്കറെ മറികടന്ന് മുന്നോട്ട് പോകുന്നതിനിടെ ഹെയര്‍പിന്നില്‍ നിയന്ത്രണം വിട്ട് സെന്നയുടെ കാര്‍ മതിലിടിച്ച് തകര്‍ന്നു. രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തി പുറത്തെടുക്കുമ്പോഴും സെന്ന അബോധാവസ്ഥയിലായിരുന്നു. കമന്റ് ബോക്‌സിലിരുന്ന് പ്രോസ്റ്റ് നിലവിളിച്ചു. ഹെലിക്കോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സെന്ന മരണത്തിന് കീഴടങ്ങിയിരുന്നു. ലാപ് തുടങ്ങുമ്പോൾ 300 ലേറെ കിലോമീറ്റർ വേഗതയിലായിരുന്ന സെന്ന നിയന്ത്രണം വിട്ടെന്ന് മനസ്സിലാക്കിയതോടെ വേഗത 200 കിലോമീറ്ററായി കുറയ്ക്കുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായിരുന്നു.

സാവോപോളോയില്‍ സെന്നയുടെ സംസ്‌കാരത്തിന് ലക്ഷക്കണക്കിന് ജനങ്ങള്‍ ഒത്തുകൂടി. സെന്നയുടെ വിലാപയാത്ര കടന്നുപോകുമ്പോള്‍ തെരുവിന്റെ ഇരുവശത്തും തടിച്ചുകൂടിയ ജനങ്ങള്‍ 'ഒലേ... സെന്നാാ....' എന്നാര്‍ത്തു വിളിച്ചു. ബ്രസീല്‍ സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ അപകടത്തിന് ശേഷം എഫ് വണ്ണിലെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാൻ ഫെഡറേഷൻ തയ്യാറായി. അതോടെ ട്രാക്കിലെ അപകടങ്ങൾ വലിയ രീതിയില്‍ കുറഞ്ഞു. സെന്നയുടെ ഓര്‍മയ്ക്കായി സഹോദരി വിവിയന്‍ ഒരു ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ചു. മക്ലാരന് ഉള്‍പ്പടെയുള്ള കമ്പനികളും അതിലേക്കായി കോടികള്‍ നല്‍കി. പതിനായരക്കണക്കിന് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന് ഇത് താങ്ങായി.
മരിച്ചിട്ടും ട്രാക്കിലെ രാജാവായി സെന്ന തുടര്‍ന്നു. 41 ഗ്രാന്‍പ്രീ വിജയങ്ങളും മൂന്നു ലോക കിരീടങ്ങളും സ്വന്തമാക്കിയ സെന്നയുടെ 67 പോള്‍ പൊസിഷനുകള്‍ എന്ന റെക്കോര്‍ഡ് മറികടക്കാന്‍ മൈക്കല്‍ ഷുമാക്കര്‍ക്ക് 2006 വരെ കാത്തിരിക്കേണ്ടി വന്നു. 2019ല്‍ സെന്നയുടെ 25-ാം ചരമവാര്‍ഷികത്തില്‍, ഏഴ് തവണ ലോകചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണ്‍ സെന്നയെ ഇങ്ങനെ അനുസ്മരിച്ചു.. 'അഞ്ചാം വയസ്സു മുതലാണ് ഞാന്‍ സെന്നയുടെ റേസിങ് കാണുന്നത്. സെന്നയായിരുന്നു എന്റെ ഹീറോ.. പക്ഷെ അഞ്ച് വര്‍ഷം കഴിഞ്ഞപ്പോഴേക്ക് അദ്ദേഹം മറഞ്ഞുപോയി..' ആ വര്‍ഷം സാവോപോളോയില്‍ നടന്ന ഗ്രാന്‍പ്രി സെന്നക്കുള്ള ആദരമായിരുന്നു. സെന്നയുടെ പ്രശസ്തമായ മഞ്ഞ ഹെല്‍മറ്റ് ധരിച്ചിറങ്ങിയ ഹാമില്‍ട്ടണ് ഇരുപത്തഞ്ച് വർഷങ്ങൾക്കിപ്പുറം ബ്രസീല്‍ ജനത ആര്‍ത്തുവിളിച്ചു....
അവലംബം:
Content Highlights: ayrton senna brazilian f1 operator beingness communicative look one








English (US) ·