Published: July 10 , 2025 08:37 PM IST Updated: July 11, 2025 09:05 AM IST
1 minute Read
ലണ്ടന്‍∙ വിരാട് കോലിയുടെയും ഭാര്യ അനുഷ്ക ശർമയുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയ വിമ്പിൾഡനിലെ നൊവാക്ക് ജോക്കോവിച്ച് – അലക്സ് ഡിമിനോർ പ്രീക്വാർട്ടർ മത്സരം കാണാൻ നടി അവ്നീത് കൗറും ഉണ്ടായിരുന്നുവെന്നു വ്യക്തമായതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ വ്യാപക ട്രോളുകൾ. വിമ്പിൾഡൻ വേദിയിൽ വിരാട് കോലി പതിവിലും ഗൗരവത്തിൽ കാണപ്പെട്ടതിനു പിന്നിലെ ‘ഗുട്ടൻസ്’ ഇപ്പോഴാണ് പിടികിട്ടിയത് എന്ന് കുറിച്ച് ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
രണ്ടു മാസം മുൻപ് അവ്നീത് കൗറിന്റെ ചിത്രത്തിന് വിരാട് കോലി ‘ലൈക്ക് അടിച്ചത്’ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു. ഇതിന്റെ അലയൊലികൾ കെട്ടടങ്ങുന്നതിനിടെയാണ് കോലിയും അനുഷ്കയും കാണികളായുണ്ടായിരുന്ന അതേ മത്സരം കാണാൻ അവ്‌നീത് കൗറും ഉണ്ടായിരുന്നതായി ആരാധകർ കണ്ടെത്തിയത്.
തിങ്കളാഴ്ചയാണ് വിമ്പിൾഡൻ പ്രീക്വാർട്ടറിൽ സെർബിയയുടെ സൂപ്പർതാരം നൊവാക് ജോക്കോവിച്ചും ഓസ്ട്രേലിയൻ താരം അലക്സ് ഡിമിനോറും ഏറ്റുമുട്ടിയത്. ടെന്നിസിനോടുള്ള ആരാധന നേരത്തേതന്നെ വെളിപ്പെടുത്തിയിട്ടുള്ള കോലി, ഈ മത്സരം കാണുന്നതിനായി ഭാര്യ അനുഷ്ക ശർമയ്‌ക്കൊപ്പം എത്തിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. തികച്ചും ഫോർമൽ വേഷത്തിൽ അതീവ ഗൗരവത്തോടെ കോലി റോയൽ ബോക്സിൽ ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ്, അതേ വിമ്പിൾഡൻ മത്സരം കാണാൻ സ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ അവ്നീത് കൗർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതോടെ, കോലിയുടെ ‘അകാരണമായ’ ഗൗരവത്തിന്റെ കാരണം കണ്ടെത്തിയെന്ന മട്ടിലാണ് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ പ്രതികരണങ്ങൾ.
കോലിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് അവ്നീത് കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്തത് ദിവസങ്ങളോളം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. തുടർന്ന്, ‘ലൈക്ക്’ ബോധപൂർവം സംഭവിച്ചതല്ലെന്ന് വിശദീകരിച്ച് കോലി രംഗത്തെത്തുകയും ചെയ്തു. അവ്നീത് കൗർ പച്ചനിറത്തിലുള്ള സ്റ്റൈലിഷ് വസ്ത്രമണിഞ്ഞു നിൽക്കുന്ന ചിത്രത്തിനാണ് കോലി ലൈക്ക് അടിച്ചത്. ഭാര്യ അനുഷ്ക ശർമയുടെ ജന്മദിനത്തിൽ ഹൃദ്യമായ ആശംസ നേർന്ന് പോസ്റ്റിട്ടതിനു പിന്നാലെയാണ്, കോലി അവ്നീത് കൗറിന്റെ ചിത്രം ലൈക്ക് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ ഒട്ടേറെ ട്രോളുകളും മീമുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
ട്രോളുകൾ വ്യാപകമായതിനു പിന്നാലെ അവ്നീതിന്റെ ചിത്രത്തിനുള്ള കോലിയുടെ ‘ലൈക്ക്’ അപ്രത്യക്ഷമായിരുന്നു. എന്നിട്ടും സ്ക്രീൻഷോട്ടുകളായി ഈ ലൈക്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കോലി വിശദീകരണവുമായി രംഗത്തെത്തിയത്.
‘‘ഒരു കാര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു. എന്റെ ഫീഡ് ക്ലിയർ ചെയ്യുന്ന സമയത്ത് അൽഗൊരിതത്തിൽ വന്ന പിഴവു നിമിത്തമാകാം ഇത്തരമൊരു ഇന്ററാക്ഷൻ റജിസ്റ്റർ ആയത്. അല്ലാതെ അതിനു പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ല. ഇതുമായി ബന്ധപ്പെട്ട് അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർഥിക്കുന്നു. മനസിലാക്കിയതിന് നന്ദി’ – കോലി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
English Summary:








English (US) ·