07 July 2025, 11:37 AM IST
.jpg?%24p=c152a13&f=16x10&w=852&q=0.8)
ശുഭ്മാൻ ഗിൽ | X.COM/@Mr_Exo45
ബര്‍മിങ്ങാം: നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് വിജയമൊരുക്കിയത്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി 430 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. മത്സരത്തില്‍ നിര്‍ണായകപ്രകടനം കാഴ്ചവെച്ചെങ്കിലും ഗില്ലിനെ വന്‍ നിയമകുരുക്കാണ് കാത്തിരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ നൈക്കിയുടെ വസ്ത്രം ധരിച്ചത് താരത്തിന് കുരുക്കാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാലാം ദിനം 427-6 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുന്നത്. നായകന്‍ ഗില്‍ താരങ്ങളെ തിരിച്ചുവിളിക്കുകയും ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സ് വിജയലക്ഷ്യം ഉയരുകയും ചെയ്തു. എന്നാല്‍ ഗില്‍ ഡിക്ലയര്‍ ചെയ്യുമ്പോള്‍ നൈക്ക് ജേഴ്‌സി ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒഫീഷ്യല്‍ കിറ്റ് സ്‌പോണ്‍സര്‍ അഡിഡാസാണ്. 2023-ല്‍ അഞ്ചുവര്‍ഷത്തേക്കാണ് ബിസിസിഐ കരാര്‍ ഒപ്പിട്ടത്. ഇത് താരത്തിന് നിയമകുരുക്കാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബിസിസിഐ താരത്തിനെതിരേ നടപടി എടുക്കാനുള്ള സാധ്യതയുമുണ്ട്. ഗില്‍ കരാര്‍ ലംഘിച്ചെന്നും നിയമപരമായി താരത്തിനെതിരേ നീങ്ങൂവെന്നും പലരും സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.കരാര്‍ പ്രകാരം ഇന്ത്യന്‍ താരങ്ങള്‍ ടീമിന്റെ മത്സരത്തിലും പരിശീലനത്തിനും ടീമിനൊപ്പം യാത്ര ചെയ്യുമ്പോഴും അഡിഡാസ് കിറ്റ് ധരിക്കേണ്ടതുണ്ട്. ഇന്ത്യന്‍ പുരുഷ, വനിതാ, യൂത്ത് ടീമുകൾക്ക് ഇത് ബാധകമാണ്. അതിനാല്‍ ഗില്ലിനെതിരേ നടപടി ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്.
രണ്ടാം ടെസ്റ്റില്‍ ഗില്‍ ഒറ്റയ്ക്ക് ഇംഗ്ലണ്ടിന്റെ പക്കല്‍ നിന്നും മത്സരം സ്വന്തമാക്കുകയായിരുന്നു. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഗില്‍ യഥാര്‍ഥ നായകനായി ഉദിച്ചുയര്‍ന്നു. എജ്ബാസ്റ്റണില്‍ രണ്ട് ഇന്നിങ്‌സിലുമായി 430 റണ്‍സ് നേടി ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കി. 1971-ല്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ വെസ്റ്റിന്‍ഡീസിനെതിരേ സുനില്‍ ഗാവസ്‌ക്കര്‍ നേടിയ 344 റണ്‍സിന്റെ റെക്കോഡാണ് ഗില്‍ പഴങ്കഥയാക്കിയത്. മാത്രമല്ല ചരിത്രത്തില്‍ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമെന്ന നേട്ടവും ഗില്ലിന് സ്വന്തമായി. 1990 ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി 456 റണ്‍സ് നേടിയ ഗ്രഹാം ഗൂച്ചാണ് ഈ പട്ടികയില്‍ മുന്നില്‍.
Content Highlights: Shubman Gill In Legal Trouble wearing nike vest








English (US) ·