04 May 2025, 07:25 PM IST

സെയ്ഫ് അലി ഖാൻ, ആദിപുരുഷ് എന്ന ചിത്രത്തിൽ നിന്നൊരു രംഗം | ഫോട്ടോ: PTI, Screengrab
രാമായണകഥയെ അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസ് നായകവേഷത്തിലെത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. വലിയ ബജറ്റിലൊരുക്കിയ ചിത്രത്തിൽ സെയ്ഫ് അലി ഖാൻ ആയിരുന്നു വില്ലനായെത്തിയത്. ആ ചിത്രം ചെയ്യാനിടയായതിൽ താൻ മകനായ തൈമുറിനോട് മാപ്പുചോദിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെയ്ഫ് അലിഖാൻ.
ജുവൽ തീഫ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സഹതാരമായ ജയ്ദീപ് അഹ്ലാവത്തുമായി സംസാരിക്കുന്നതിനിടെ ആദിപുരുഷ് എന്ന ചിത്രം തൈമുറിനെ കാണിച്ചതിനെക്കുറിച്ച് സെയ്ഫ് പറഞ്ഞിരുന്നു. സിനിമ കാണുന്നതിനിടയിൽ തൈമുർ തന്നെ ഒരു പ്രത്യേക രീതിയിൽ നോക്കിയെന്ന് അദ്ദേഹം പരാമർശിക്കുകയും ചെയ്തിരുന്നു. തൈമുറിന്റെ നോട്ടം സിനിമ ഇഷ്ടപ്പെടാതിരുന്നതുകൊണ്ടാണെന്ന് ഈ സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നപ്പോൾ വിലയിരുത്തലുകളുണ്ടായി.
ഈ സാഹചര്യത്തിൽ വിശദീകരണം നൽകിയിരിക്കുകയാണ് സെയ്ഫ്. ആദിപുരുഷിലെ വില്ലനായതിന് ഞാൻ തൈമുറിനോട് മാപ്പുപറഞ്ഞെന്ന് താരം പറഞ്ഞു. 'സിനിമയിൽ ഞാൻ മുരളുകയും കാണുന്നവരെയെല്ലാം അടിച്ചു തകർക്കുകയുമായിരുന്നു. അടുത്ത തവണ ഹീറോയായി അഭിനയിക്കണം എന്ന് അവൻ പറഞ്ഞു. ഞാൻ എൻ്റെ എല്ലാ സിനിമകൾക്കൊപ്പവും നിൽക്കുന്നു, ഈ സിനിമയ്ക്കൊപ്പവും.'-സെയ്ഫ് അലി ഖാൻ പറഞ്ഞു.
ആദിപുരുഷിൽ രാവണനെ അടിസ്ഥാനമാക്കിയുള്ള ലങ്കേഷ് എന്ന കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിച്ചത്. പ്രഭാസ് ശ്രീരാമനെയും കൃതി സനോൺ സീതയെയും അവതരിപ്പിച്ചു. അതേസമയം, ജയ്ദീപ് അഹ്ലാവത്ത്, നികിത ദത്ത, കുനാൽ കപൂർ എന്നിവർക്കൊപ്പം 'ജുവൽ തീഫ്' എന്ന ചിത്രത്തിലാണ് സെയ്ഫ് അവസാനമായി അഭിനയിച്ചത്. ചിത്രം നിലവിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്.
Content Highlights: Saif Ali Khan Addresses Speculation: Clarifying Comments connected Son Taimur and 'Adipurush'
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·