ഇഷ്‌ക് എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഇരിപ്പിടമുറപ്പിച്ച സംവിധായകനാണ് അനുരാജ് മനോഹര്‍. ആദ്യസിനിമ പുറത്തിറങ്ങി ആറുവര്‍ഷങ്ങള്‍ക്കുശേഷം നരിവേട്ട എന്ന പുതിയ ചിത്രവുമായി അദ്ദേഹം വീണ്ടുമെത്തുകയാണ്. ഒന്നില്‍ കൂടുതല്‍ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രമാണ് നരിവേട്ട. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പമുള്ള യാത്രയേക്കുറിച്ച് അനുരാജ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്
നരിവേട്ട റിലീസിന് തയ്യാറായി നില്‍ക്കുകയാണ്. കണ്ടന്റ് ഒക്കെ ലോഡ് ചെയ്തു. പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് സിനിമ വെയ്ക്കുക എന്നതു മാത്രമേ ഇനിയുള്ളൂ. എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ്. എന്റെ നാലഞ്ചു മാസത്തെ അധ്വാനമാണ് ഈ സിനിമ. ടൊവിനോ, സുരാജേട്ടന്‍, ചേരന്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന സിനിമയാണ്.
എന്തുകൊണ്ട് 'ഇഷ്‌ക്' റീമേക്ക് ചെയ്തില്ല.
ആദ്യ സിനിമയായ ഇഷ്‌ക്ക് നാലുഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു. അവ ചെയ്യാന്‍ ക്ഷണമുണ്ടായിരുന്നു. നമ്മള്‍ ഒരിക്കല്‍ ചെയ്തത് വീണ്ടും വീണ്ടും ചെയ്യുമ്പോഴുണ്ടാകുന്ന ഒരു മടുപ്പുണ്ടല്ലോ. സാമ്പത്തികമായി അത്ര നല്ല നിലയില്‍ അല്ലെങ്കിലും അത് ചെയ്യേണ്ടെന്ന് വെയ്ക്കുകയായിരുന്നു. റീമേക്കുകള്‍ ചെയ്തിരുന്നെങ്കില്‍ സാമ്പത്തികമായി മെച്ചമുണ്ടാകുമായിരുന്നു. സിനിമ ഒരു പാഷനായിട്ടാണ് ഈ രംഗത്തേക്ക് വന്നത്.
ഐ.വി. ശശി സാറിന്റെ സിനിമകള്‍ കണ്ട് കൊതിച്ചിട്ടുണ്ട്.
രണ്ടാമത്തെ സിനിമയിലേക്കുള്ള യാത്രയില്‍ കഥകളാണ് അന്വേഷിച്ച് തുടങ്ങിയത്. എല്ലാ ദിവസവും നമ്മളെ ഷൂട്ടിങ് സ്ഥലത്തേക്ക് നയിക്കുന്നതരം തിരക്കഥയാണ് അന്വേഷിച്ചുകൊണ്ടിരുന്നത്. വളരെ പരിമിതമായ ലൊക്കേഷനും ആര്‍ട്ടിസ്റ്റുകളുമുള്ള സിനിമയായിരുന്നു ഇഷ്‌ക്ക്. എന്നാല്‍ വലിയ ക്യാന്‍വാസില്‍, കുറേ ആളുകളെ വേണ്ടിവന്ന സിനിമയാണ് നരിവേട്ട. എന്നിലെ ക്രാഫ്റ്റ്‌സ്മാനെ എക്‌സൈറ്റ് ചെയ്യിപ്പിച്ചതും അതുതന്നെയാണ്. ആള്‍ക്കൂട്ടവും ബഹളവുമെല്ലാം പണ്ട് ഐ.വി. ശശി സാറിന്റെ സിനിമകളില്‍ കണ്ട് കൊതിച്ചിട്ടുണ്ട്. അത്തരം സിനിമകളിലേക്കുള്ള ഒരു സിനിമാ വിദ്യാര്‍ഥിയുടെ ശ്രമം മാത്രമാണ് നരിവേട്ട.
നരിവേട്ട അഥവാ വര്‍ഗീസ് പീറ്ററിന്റെ യാത്ര
ഒന്നില്‍ക്കൂടുതല്‍ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. വര്‍ഗീസ് പീറ്ററിന്റെ യാത്ര, അയാളുടെ ജീവിതത്തിലെ ഉയര്‍ച്ച-താഴ്ചകള്‍ എന്ന നിലയ്ക്കാണ് കഥ ആലോചിച്ച് തുടങ്ങിയത്. ഈ സമൂഹത്തില്‍ ജീവിക്കുന്നയാളുകളാണല്ലോ നമ്മളും. കുറച്ച് സാമൂഹിക ഉത്തരവാദിത്തങ്ങളും നമുക്കുണ്ടല്ലോ. നമുക്ക് മുന്നിലെ ചില യാഥാര്‍ഥ്യങ്ങളെ നോട്ട് ചെയ്ത്, അതില്‍ നമ്മളെ സ്വാധീനിച്ച വിഷയങ്ങളെ തിരക്കഥയില്‍ ഉള്‍പ്പെടുത്താനായി ശ്രമിച്ചിട്ടുണ്ട്. ഒരു പ്രത്യേകസംഭവം പറഞ്ഞേക്കാം എന്ന ബോധപൂര്‍വം ചിന്തിച്ചെടുത്ത സിനിമയല്ല നരിവേട്ട. സംഭവങ്ങളെ കഥയിലേക്കും തിരക്കഥയിലേക്കും കാലം കൊണ്ടെത്തിച്ചതാണ്.
ടൊവിനോ നായകനാവാമെന്ന് സമ്മതിക്കുന്നു
2021 അവസാനസമയത്താണ് ഈ പ്രമേയം ടൊവിനോയോട് പറയുന്നത്. അന്നേ ഇതിനൊരു തിരക്കഥാരൂപമുണ്ടായിരുന്നു. കുറച്ച് അധ്വാനം വേണ്ടിവന്ന റിസര്‍ച്ചായിരുന്നു നടത്തിയത്. കഥ കേട്ടുകഴിഞ്ഞപ്പോള്‍ എന്താണ് ഈ സിനിമ പറയാനുദ്ദേശിക്കുന്നതെന്ന് ടൊവിനോയ്ക്ക് മനസിലായി. കഥ കേട്ടശേഷം അദ്ദേഹത്തിന് തോന്നിയ ചില കാര്യങ്ങള്‍ ചോദിക്കുകയുണ്ടായി. അത് നമ്മുടെ കാഴ്ചപ്പാടിനോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നത് തന്നെയായിരുന്നു.

ചേരനെ തിരഞ്ഞെടുക്കാന്‍ കാരണം ഒരു ഗാനം കണ്ടത്.
നല്ലവനായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ചേരന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. പല തമിഴ് നടന്മാരേയും ഈ വേഷത്തിലേക്ക് ആലോചിച്ചിരുന്നു. ഒരു ദിവസം ചേരന്‍ അഭിനയിച്ച പൊക്കിഷം എന്ന ചിത്രത്തിലെ നിലാ നീ വാനം കാറ്റ് മഴൈ എന്ന ഗാനം അവിചാരിതമായി കണ്ടു. അങ്ങനെ അദ്ദേഹത്തെ സമീപിക്കാന്‍ എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചു. തമിഴ്‌നാട്ടില്‍ അദ്ദേഹത്തിന്റെ ഓഫീസിലിരുന്നാണ് കഥ പറഞ്ഞത്. അദ്ദേഹം പെട്ടന്നൊരു തീരുമാനം പറഞ്ഞില്ല. മൂന്ന്-നാല് ദിവസങ്ങള്‍ക്കുശേഷം അദ്ദേഹം ചില സംശയങ്ങള്‍ ചോദിച്ചു. അത് ദൂരീകരിച്ചതോടെ അദ്ദേഹം ഈ വേഷം ചെയ്യാമെന്ന് സമ്മതിച്ചു.
ആര്യാ സലീമിന്റെ അധ്വാനം
കാസ്റ്റിങ്ങിന് പിന്നില്‍ വലിയ അധ്വാനമുണ്ട്. ഈ കഥാപാത്രം ഒരു പുതുമുഖത്തെക്കൊണ്ട് ചെയ്യിക്കാതെ ഒരു സിനിമയിലെങ്കിലും അഭിനയിച്ച ഒരാളെക്കൊണ്ട് ചെയ്യാക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. പല സിനിമകളിലൂടെയും നമ്മള്‍ ശ്രദ്ധിച്ച നടിയാണ് ആര്യ. മിന്നല്‍ മുരളിയിലെ കഥാപാത്രമാണ് ആര്യയിലേക്ക് ഞങ്ങള്‍ എത്താനുള്ള കാരണം. വലിയ ഗോത്രവിഭാഗങ്ങളെക്കുറിച്ച് പറയുന്ന ചിത്രമാണിത്. പല തരത്തിലുള്ള ഭാഷ അവര്‍ക്കുള്ളില്‍ത്തന്നെയുണ്ട്. ദ്രാവിഡ ഭാഷയും പണിയ ഭാഷയുമുണ്ട്. ദ്രാവിഡ ഭാഷ മനസിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. സിനിമയിലാണെങ്കില്‍ നമുക്കിത് പ്രേക്ഷകരില്‍ എത്തിക്കണമല്ലോ. എന്നാല്‍ പണിയഭാഷ കുറച്ചുകൂടി മനസിലാവും. ഏതാണ്ട് 1500-ഓളം പേരെ പലഘട്ടങ്ങളിലായി നമ്മള്‍ ഷൂട്ട് ചെയ്തിരുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട അവരുടെയൊക്കെ വീട്ടില്‍പ്പോയി താമസിക്കുകയും അവര്‍ക്കൊപ്പം ഇടപഴകാനുമുള്ള സാഹചര്യം ആര്യയ്ക്ക് ഒരുക്കിക്കൊടുത്തിരുന്നു. ഈ കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കാന്‍ ആര്യ എടുത്ത ശ്രമം ചെറുതല്ല. പണിയഭാഷയും ദ്രാവിഡ ഭാഷയും സിനിമയ്ക്ക് വേണ്ടുന്ന രീതിയില്‍ അവര്‍ പഠിക്കുകയും മറ്റും ചെയ്തത് ആര്യയുടെ റിസര്‍ച്ചിന്റെ ഭാഗമാണ്.
വെല്ലുവിളിയായ ഭൂമിക
പ്രധാന വെല്ലുവിളി കഥാപശ്ചാത്തലമായ ഭൂമികയായിരുന്നു. കാടിനകത്തായിരുന്നു ഷൂട്ട്. മഴയും മഞ്ഞും വെല്ലുവിളിയായി. രാത്രിയില്‍ ശക്തമായ കോടമഞ്ഞിറങ്ങി ഷൂട്ട് ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. ശക്തമായ മഴയും നേരിട്ടു. വലിയ ഷൂട്ടിംഗ് സാമഗ്രികള്‍ എത്തിച്ചതും ബുദ്ധിമുട്ടിയായിരുന്നു. രാവിലെ ആറുമണിക്ക് ഇറങ്ങിയാല്‍ എല്ലാം സെറ്റ് ചെയ്ത് ഫസ്റ്റ് ഷോട്ടെടുക്കുന്നത് രാവിലെ 11 മണിയോടെയായിരിക്കും. നമ്മുടെ കണ്‍സെപ്റ്റിലുള്ള കാടല്ല വയനാട്ടില്‍. ചിലര്‍ക്കെങ്കിലും ഒരു നിബിഡവനം എന്ന തോന്നലുണ്ടാവും. എന്നാല്‍ വയനാട്ടിലെ കാടുകള്‍ അങ്ങനെയല്ല എന്ന് തോന്നിയിട്ടുണ്ട്. ലൊക്കേഷന് സമീപത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യവുമുണ്ടായിരുന്നു. കാടുമായി ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ടെന്‍ഷനുണ്ടായിരുന്നു.
കലാസംവിധായകനായി ബാവ
ബാവക്കയാണ് ആര്‍ട്ട് ഡയറക്ടര്‍. അഴകിയ രാവണനാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. എന്റെ വയസിനോടടുപ്പിച്ചാണ് പുള്ളിയുടെ എക്‌സപീരിയന്‍സ്. പല പരസ്യചിത്രങ്ങള്‍ക്കും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ആമേന്‍ എന്ന ചിത്രത്തില്‍ അദ്ദേഹം പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ അസോസിയേറ്റായിരുന്നു. അന്നുമുതലുള്ള ബന്ധമാണ്. അദ്ദേഹം ഈ ചിത്രത്തിന് വലിയൊരു മുതല്‍ക്കൂട്ടാണ്. നമ്മള്‍ എന്ത് ആവശ്യപ്പെടുന്നോ അതിന്റെ മുകളില്‍ തരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ജേക്‌സ് ബിജോയ് സഹോദരനെപ്പോലെ.
ജേക്‌സ് ചേട്ടന്‍ എന്റെ സഹോദരനെപ്പോലെ തന്നെയാണ്. ചെന്നൈയില്‍ വെച്ചാണ് ഇഷ്‌ക് ചെയ്തത്. പുള്ളിയുടെ തുടക്കകാലമായിരുന്നു. എന്റെ ആദ്യ സിനിമയും. അന്നുണ്ടായിരുന്ന അതേ സ്വാതന്ത്ര്യത്തോടെയാണ് ഇന്നും രണ്ടുപേരും ഇടപഴകുന്നത്. നല്ലതോ ചീത്തയോ എന്ന് തുറന്നുപറയാറുണ്ട്. പുള്ളി കത്തിനില്‍ക്കുന്ന സമയത്താണ് ഞാന്‍ ഈ സിനിമയുമായി പുള്ളിയെ സമീപിക്കുന്നത്. ഒരു സിനിമയില്‍നിന്ന് മറ്റൊരു സിനിമയിലേക്കുള്ള ദൂരം വ്യത്യസ്തമായിരിക്കണം എന്ന് അടയാളപ്പെടുത്തുന്ന ടെക്‌നീഷ്യന്‍ കൂടിയാണ് ജേക്‌സ് ബിജോയ്. ഒറിജിനല്‍ സ്‌കോര്‍ വയനാട്ടില്‍വെച്ച് റെക്കോര്‍ഡ് ചെയ്തിരുന്നു.

കട്ട് വിളിച്ചപ്പോള്‍ ശബ്ദമിടറി
മൊത്തത്തില്‍ ഇമോഷണലായ ഒരുവശം ഈ ചിത്രത്തിലുണ്ട്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ സഹാനുഭൂതി നമ്മുടെയുള്ളിലുണ്ടല്ലോ. കഥയോടുള്ള അടുപ്പമായിരിക്കാം, എന്നെ സംബന്ധിച്ച് വൈകാരികമായി തോന്നിയ നിമിഷങ്ങളുണ്ട്. ടൊവിനോയുടെ ഒരു ഷോട്ടുണ്ട്. അദ്ദേഹമത് ചെയ്തത് കണ്ടപ്പോള്‍ കട്ട് വിളിക്കുമ്പോള്‍ ശബ്ദമിടറിപ്പോയിട്ടുണ്ട്. നമ്മുടെ ഉള്ളിലുള്ള മനുഷ്യനെ സ്വാധീനിച്ചതുകൊണ്ടാണത്. കഥയോടുള്ള അടുപ്പംകൊണ്ടോ, അഭിനയിച്ചതിലെ തീവ്രത കൊണ്ടോ ആവാം അങ്ങനെ സംഭവിച്ചത്.
പ്രേക്ഷകര്‍ക്ക് നിരാശപ്പെടേണ്ടിവരില്ല
സിനിമ എന്നത് എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ് ആണ്. അത് വില്‍ക്കപ്പെടണം. അതിന്റേതായ ഒരു തലം ഈ ചിത്രത്തിലുണ്ട്. ഒന്നും ചിന്തിക്കാതെ എന്റര്‍ടെയ്ന്‍മെന്റ് സിനിമ ആസ്വദിക്കാവുന്നവര്‍ക്ക് ആ രീതിയില്‍ത്തന്നെ കാണാം. ഈ സിനിമിയ്ക്ക് മലയാളത്തില്‍ ഒരു പൂര്‍വമാതൃകയില്ല. പുതിയ കാഴ്ചയും ആഖ്യാനരീതിയുമുണ്ട് ചിത്രത്തില്‍. കാണാന്‍ വരുന്നവര്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടിവരില്ല. ഇനിയതല്ല, കുറച്ച് സാമൂഹിക ഉത്തരവാദിത്തമുള്ള ഒരാള്‍ക്ക് അവര്‍ക്കറിയാനുള്ള ഒരുപാട് കാര്യങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ആ രീതിയിലും ഈ ചിത്രത്തെ സമീപിക്കാം.
Content Highlights: Narivetta: An Interview with Director Anuraj Manohar connected his Ambitious New Film
ABOUT THE AUTHOR
മാതൃഭൂമി ഡോട്ട് കോമിൽ സീനിയർ കണ്ടന്റ് റൈറ്റർ. സിനിമ, യാത്ര, സംഗീതം ഇഷ്ടവിഷയങ്ങൾ
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·