Published: November 25, 2025 04:25 PM IST
1 minute Read
മുംബൈ∙ ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ വരൻ പലാശ് മുച്ഛലിന്റെ ആരോഗ്യനില വിവാഹ വേദിയിൽവച്ച് വഷളായ സംഭവത്തിൽ പ്രതികരിച്ച് പലാശിന്റെ മാതാവ് അമിത മുച്ഛൽ. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയുമായി മാനസികമായി വളരെ അടുപ്പമുള്ള പലാശ്, അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചതോടെ തകർന്നുപോയതായി അമിത മാധ്യമങ്ങളോടു പ്രതികരിച്ചു. സംഗ്ലിയിൽ ചികിത്സ തേടിയ ശേഷം മുംബൈയിലെത്തിയ പലാശ് ഇപ്പോൾ വിശ്രമത്തിലാണെന്ന് അമിത പറഞ്ഞു.
ഞായറാഴ്ച വൈകിട്ടാണ് സ്മൃതി മന്ഥനയുടേയും പലാശ് മുച്ഛലിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായതോടെ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. ഈ സംഭവത്തിനു പിന്നാലെ പലാശ് പൊട്ടിക്കരഞ്ഞതായി അമിത പറഞ്ഞു. ‘‘സ്മൃതിയുടെ പിതാവുമായി പലാശിന് വളരെ അടുപ്പമായിരുന്നു. സ്മൃതിയുമായി ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ അടുപ്പമായിരുന്നു അവന് പിതാവുമായിട്ട്. അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോൾ വിവാഹം മാറ്റിവയ്ക്കാമെന്ന് സ്മൃതിയെക്കാൾ മുൻപ് പറഞ്ഞത് പലാശ് ആയിരുന്നു.’’
‘‘ഹൽദി ചടങ്ങിനു ശേഷം ഞങ്ങൾ പലാശിനെ പുറത്തേക്കു പോകാൻ അനുവദിച്ചിരുന്നില്ല. പലാശ് അന്ന് ഒരുപാട് കരഞ്ഞു, ഇതോടെയാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. നാലു മണിക്കൂറാണ് പലാശ് ആശുപത്രിയിലുണ്ടായിരുന്നത്. ഡ്രിപ് ഇട്ടു, ഇസിജിയും മറ്റു പരിശോധനകളും നടത്തിയ ശേഷമാണ് മുംബൈയിലേക്കു പോയത്. ഇപ്പോൾ എല്ലാം സാധാരണ നിലയിലായി. പക്ഷേ പലാശ് ഇപ്പോഴും വലിയ സമ്മർദത്തിലാണ്.’’– അമിത മുച്ഛൽ വ്യക്തമാക്കി. സംഗീത സംവിധായകനായ പലാശ് ഇൻഡോർ സ്വദേശിയാണ്.
രണ്ടു ദിവസങ്ങളായി ഹൽദി, സംഗീത് ആഘോഷങ്ങൾ നടത്തിയ ശേഷമാണ് സ്മൃതി– പലാശ് വിവാഹം മുടങ്ങുന്നത്. കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് ആരും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പലാശിന്റെ സഹോദരി പലക് മുച്ഛലും പ്രതികരിച്ചു. സ്മൃതിയും ബന്ധുക്കളും ശ്രീനിവാസ് മന്ഥനയ്ക്കൊപ്പം ആശുപത്രിയിൽ തുടരുകയാണ്.
English Summary:








English (US) ·