ന്യൂഡല്‍ഹി: അടുത്തയാഴ്ച ആരംഭിക്കുന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റിൽ സഞ്ജു സാംസൺ ഇന്ത്യയുടെ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുമോ? ഇന്ത്യൻ ക്രിക്കറ്റിൽ ചർച്ചയ്ക്ക് ചൂടുപിടിക്കുകയാണ്. ടോപ് ഓര്‍ഡറിലും വിക്കറ്റ്കീപ്പറായും ആരെ കളിപ്പിക്കുമെന്ന ആശങ്ക ശക്തമാണ് ടീം ഇന്ത്യയിൽ. സഞ്ജു ആദ്യ പതിനൊന്നില്‍ ഇടംപിടിക്കുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍താരം ആകാശ് ചോപ്ര. ആദ്യ മൂന്നു സ്ഥാനങ്ങളില്‍ സഞ്ജു സാംസണെ പരിഗണിക്കാമെന്നും എന്നാല്‍, മധ്യനിരയില്‍ സഞ്ജു അത്ര മികച്ചുനില്‍ക്കുന്നില്ലെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ജിതേഷ് ശർമയെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തണമെന്നും മുൻ താരം പ്രതികരിച്ചു.
ജിതേഷ് ശർമ ആദ്യ പതിനൊന്നിൽ കളിക്കുമെന്ന് എനിക്ക് തോന്നുന്നു. ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങളെക്കുറിച്ച് അധികം ചിന്തിക്കേണ്ടതില്ല, കാരണം, ജിതേഷിന് അവിടെ അവസരം ലഭിക്കില്ല. നാല് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിൽ താരം വളരെ മെച്ചപ്പെട്ടിട്ടുണ്ട്. അവന്റെ സ്ട്രൈക്ക് റേറ്റ് 166-ഉം ശരാശരി 28-ഉം ആണ്. 150-ന് മുകളിൽ സ്ട്രൈക്ക് റേറ്റുള്ള ആദ്യത്തെ ബാറ്ററാണ് ജിതേഷ്- ആകാശ് ചോപ്ര പറഞ്ഞു.
മുൻഗണനാക്രമം തയ്യാറാക്കുമ്പോൾ ജിതേഷ് ശർമ മുകളിലേക്ക് വരും. മറ്റെല്ലാവരേക്കാളും ജിതേഷ് മികച്ചുനിൽക്കുന്നുവെന്നും മികച്ച ഒരു ഏഷ്യാ കപ്പ് ടൂർണമെന്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചോപ്ര പറഞ്ഞു. ടോപ് ഓർഡറിൽ സഞ്ജുവിനെ പരിഗണിക്കണമെന്നും എന്നാൽ മധ്യനിരയിൽ സഞ്ജു അത്ര മികച്ചുനിൽക്കുന്നില്ലെന്നും ചോപ്ര പ്രതികരിച്ചു.
സഞ്ജു സാംസണാണ് ആദ്യത്തെ പരിഗണനയിലുള്ളയാൾ, കാരണം അവസാന പരമ്പരയിൽ കളിച്ചത് അവനാണ്. കഴിഞ്ഞ 12 മത്സരങ്ങളിൽ നിന്ന് അവൻ മൂന്ന് സെഞ്ചുറികൾ നേടിയിട്ടുണ്ട്. സഞ്ജു നിലവിൽ ടീമിന്റെ ഭാഗവുമാണ്. - ചോപ്ര വ്യക്തമാക്കി.
എല്ലാ ടി20-കളിലുമായി ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങളിലെ അവന്റെ കണക്കുകൾ നോക്കുകയാണെങ്കിൽ, 140 സ്ട്രൈക്ക് റേറ്റും 33 ശരാശരിയും 6,000-ൽ അധികം റൺസും സഞ്ജു നേടിയിട്ടുണ്ട്. ഇത് വളരെ നല്ല കണക്കുകളാണ്. അതിനാൽ, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒരു കീപ്പറെ വേണമെങ്കിൽ സഞ്ജു സാംസൺ ഒരു പരിഗണന അർഹിക്കുന്നയാളാണ്.
എന്നാൽ നാല് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിലെ അവന്റെ കണക്കുകൾ നോക്കുമ്പോൾ, 98 മത്സരങ്ങളിൽ നിന്ന് 20 ശരാശരിയും 126 സ്ട്രൈക്ക് റേറ്റുമാണുള്ളത്. അവിടെ സ്ട്രൈക്ക് റേറ്റോ ശരാശരിയോ അത്ര മികച്ചതായി കാണുന്നില്ല. സഞ്ജുവിനെ മുൻനിരയിൽ നിലനിർത്തുക. എന്നാൽ, ബാറ്റിങ് സ്ഥാനം മാറ്റുമ്പോൾ, അവൻ പട്ടികയിൽ താഴേയ്ക്ക് പോകുന്നു- ചോപ്ര കൂട്ടിച്ചേർത്തു.
Content Highlights: sanju samson jitesh sharma indias asia cupful squad akash chopra response








English (US) ·